ദുബൈ: പാരമ്പര്യത്തെ ഉദ്ഘോഷിക്കുന്ന ഇടിമുഴക്കങ്ങളോടെ റമദാൻ പീരങ്കികൾ ഇത്തവണയും രാജ്യത്തിന്റെ നാല് എമിറേറ്റുകളിൽ മുഴങ്ങും. പീരങ്കികൾ മുഴക്കുന്ന സ്ഥലങ്ങളുടെ പട്ടിക ഞായറാഴ്ച പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. റമദാൻ ദിവസങ്ങളിൽ ഇഫ്താർ സമയങ്ങളിലാണ് തുടർച്ചയായി പീരങ്കികൾ മുഴക്കുന്നത്.
ഒരോ എമിറേറ്റിലെയും പൊലീസ് സേനയിലെ പ്രത്യേകം പരിശീലനം സിദ്ധിച്ചവരാണ് ഇതിന് നേതൃത്വം നൽകുന്നത്. പഴയ കാലത്ത് നോമ്പുതുറക്കുന്ന സമയമറിയിക്കുന്നതിനായി ആരംഭിച്ച സംവിധാനം പാരമ്പര്യത്തിന്റെ ഓർമയെന്ന നിലയിലാണ് നിലനിർത്തിപ്പോരുന്നത്. അബൂദബി, ദുബൈ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിലെ വിവിധ സ്ഥലങ്ങളിലാണ് പീരങ്കികൾ ഇത്തവണ സജ്ജീകരിക്കുക.
ദുബൈയിൽ ബുർജ് ഖലീഫക്ക് സമീപം, ദുബൈ ഫെസ്റ്റിവൽ സിറ്റി, മദീനത്ത് ജുമൈറ, ഡമാക്, ഹത്ത ഗസ്റ്റ് ഹൗസ്, എക്സ്പോ സിറ്റി ദുബൈ (അൽ വാസൽ പ്ലാസയുടെ മുൻവശം) എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക. അബൂദബിയിൽ ശൈഖ് സായിദ് മസ്ജിദ്, ഖസർ അൽ ഹുസ്ൻ, മുശ്രിഫ് മേഖലയിലെ ഉമ്മുൽ-ഇമാറാത്ത് പാർക്ക്, ശഹാമ സിറ്റി എന്നിവിടങ്ങളിലാണ് പീരങ്കികൾ കാണാനാവുക.
അൽഐൻ നഗരത്തിൽ വിവാഹ ഹാളിനും അൽ ജാഹിലി കോട്ടക്കും സമീപത്തെ സഖ്ർ ഏരിയയിലായിരിക്കും. അൽ ദഫ്രയിൽ അഡ്നോക് ഗാർഡനിലും സജ്ജീകരിക്കും. റാസൽഖൈമയിൽ അൽ ഖവാസിം കോർണിഷിലും ഉമ്മുൽ ഖുവൈനിൽ ശൈഖ് സായിദ് മസ്ജിദിലുമാണ് ഒരുക്കുകയെന്നും അധികൃതർ വ്യക്തമാക്കി. നിരവധി വിനോദ സഞ്ചാരികൾ വെടിമുഴക്കുന്നത് കാണാൻ മാത്രമായി എത്തിച്ചേരാറുണ്ട്. ദുബൈ എക്സ്പോ സിറ്റിയിൽ ആദ്യമായാണ് റമദാൻ പീരങ്കി ഒരുക്കുന്നതെന്ന പ്രത്യേകതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.