ആത്മാവുമായി ബന്ധപ്പെട്ടതെല്ലാം ആത്മീയതയാണ്. ആത്മാവാകട്ടെ, മനുഷ്യജീവിതത്തിലെ എല്ലാ വ്യവഹാരങ്ങളുമായും കണ്ണിചേർക്കപ്പെട്ടിരിക്കുന്നു.
ആത്മീയബോധം ഏതു മനുഷ്യനിലും പ്രകൃതിപരമായി അലിഞ്ഞുചേർന്നിരിക്കുന്നുവെന്നർഥം. എന്നാൽ, ഇന്ന് ആൾദൈവങ്ങൾ, പുരോഹിതന്മാർ, ധ്യാനകേന്ദ്രങ്ങൾ മുതലായവക്ക് ഒട്ടും മുതൽമുടക്കില്ലാതെ നൂറു ശതമാനം ലാഭം നേടാവുന്ന വിളനിലമായി ആത്മീയത അധഃപതിച്ചിരിക്കുന്നു.
ഇസ്‌ലാം സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കമുള്ള ആത്മീയതയെയാണ് പ്രതിനിധാനം ചെയ്യുന്നത്. സഹജീവികളോടും സമൂഹത്തോടും സർഗാത്മകമായി സംവദിച്ച് അവരോടെല്ലാമുള്ള ബാധ്യതകൾ നിർവഹിച്ച് അതുവഴി മോക്ഷം നേടാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആരാധനയിലൂടെ ദൈവസന്നിധിയിൽനിന്ന് ഊർജം സ്വീകരിച്ച് മനുഷ്യരോടും ചുറ്റുപാടുകളോടുമുള്ള ബാധ്യത നിർവഹിക്കുന്നവനാണ് സത്യവിശ്വാസി. കാരണം, വിശക്കുന്നവർക്കുള്ള ആഹാരവും രോഗികൾക്കുള്ള ചികിത്സയും വീടില്ലാത്തവർക്ക് കാരുണ്യത്തിെൻറ മേൽക്കൂര ഒരുക്കലും സ്വർഗത്തിലേക്കുള്ള വഴികളായാണ് വിശ്വാസി മനസ്സിലാക്കുന്നത്.
റമദാൻ വ്രതാനുഷ്ഠാനവും മറ്റെല്ലാ ആരാധനാരീതികളെയും പോലെ വ്യക്തിതലത്തിലും സാമൂഹികജീവിതത്തിലും ഒരുപോലെ സ്വാധീനം ചെലുത്തുന്നു. റമദാൻ പൂർണമാകുന്നത് ദിക്റുകളും പ്രാർഥനകളും കൊണ്ടു മാത്രമല്ല. സമൂഹബന്ധിതമായ ധാരാളം മൂല്യങ്ങൾ വിശ്വാസികളിൽ ഉണർത്തിയാണ് റമദാൻ കടന്നുപോകുന്നത്.
ഏതു സമ്പന്നനും ഈ മാസത്തിൽ സമൂഹത്തിലെ വിശപ്പും ദാഹവും എന്തെന്നറിയും. കർമങ്ങൾക്ക് കണക്കില്ലാതെ പ്രതിഫലം ലഭിക്കുന്ന മാസമായതിനാൽ റമദാനിൽ ഉദാരതയുടെ മഹാനദി രൂപപ്പെടും. സകാത്തും ദാനധർമങ്ങളുമായി വിശ്വാസികളിൽ സമൂഹത്തിലെ നിർധനരായവർക്ക് അത് അത്താണിയാകും.
നോമ്പ് കേവലം പട്ടിണിയല്ലെന്നും ചീത്തവാക്കും പ്രവൃത്തിയും നോമ്പ് വൃഥാവിലാക്കുമെന്നും മനസ്സിലാക്കുന്നതോടെ കലഹമില്ലാത്ത സുന്ദരമായ സാമൂഹികാന്തരീക്ഷം റമദാനിൽ രൂപപ്പെടും. ഇതിനെല്ലാംപുറമെ നന്മ കൽപിക്കുവാനും തിന്മ വിലക്കുവാനും ഏൽപിക്കെപ്പട്ടവരെന്ന നിലയിൽ സമൂഹത്തിനുവേണ്ടി ആദർശ പോരാട്ടവഴിയിൽ ധീരരക്തസാക്ഷിത്വം വരിക്കാൻ വിശ്വാസികൾക്ക് പ്രചോദനമേകുന്ന മാസമാണ് റമദാൻ. ഇസ്‌ലാമിക ചരിത്രത്തിലെ ഐതിഹാസികമായ ബദറിന് ആത്മീയോത്സവമായ റമദാനിൽ തന്നെ അവസരമൊരുക്കിയതും വെറുതെയല്ല.
കേവല ആചാരപരതയുടെ അല്ല, ഉദാരത, ക്ഷമ, സമാധാനപരമായ സഹവർത്തിത്വം തുടങ്ങിയ ഉൽകൃഷ്ട മൂല്യങ്ങളുടെ പരിശീലനകാലമാണ് റമദാൻ. വിമോചനദർശനം കാഴ്ചവെക്കുന്ന ഖുർആെൻറയും സത്യാസത്യസംഘട്ടനത്തിെൻറ ഐതിഹാസിക വിജയം പറയുന്ന ബദറിെൻറയും മാസമാണ്. അങ്ങനെ, വിശ്വാസികളെ സമൂഹബാധ്യതകളിൽ ഉറപ്പിച്ചുനിർത്തുന്ന സമരോത്സുകമായ ആത്മീയത വിളംബരം ചെയ്യുകയാണ് റമദാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.