തിന്മയുടെയും പാപങ്ങളുടെയും സങ്കീർണതകളിൽനിന്ന് നന്മയെ സ്വാംശീകരിച്ചെടുക്കുന്ന അനർഘ നാളായതുകൊണ്ടു കൂടിയാണ് റമദാൻ പുണ്യങ്ങളുടെ പൂക്കാലമാവുന്നത്. ഒന്നര പതിറ്റാണ്ടപ്പുറം വടകര നഗരഹൃദയത്തിലെ ഒരു പാരലൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി ജോലിചെയ്യുന്ന കാലത്ത് വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ഇഫ്താർ പാർട്ടികൾ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിൽ പ്രധാനപ്പെട്ടതാണ്.
പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ പ്രിയ വിദ്യാർഥികളോട്, ഒരിക്കൽ ഇഫ്താർ സംഗമത്തെ കുറിച്ച് സംസാരിച്ചു. മൊത്തം കുട്ടികളിൽ വളരെ ചെറിയ ശതമാനം പേർ മാത്രമേ വ്രതം അനുഷ്ഠിക്കുന്നവരായിട്ടുള്ളൂ. ഭൂരിഭാഗം വരുന്ന സഹോദര സമുദായത്തിലെ സഹപാഠികളോട് റമദാൻ മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാനും അതിന് മുൻകൈയെടുക്കാനും ആവശ്യപ്പെട്ടു. ആദ്യത്തെ ഇഫ്താർ സംഗമത്തിന് വേണ്ട എല്ലാ ഒരുക്കവും മുന്നിൽനിന്ന് ചെയ്തു. മുഴുവൻ വിദ്യാർഥികളും തോളോടു തോൾ ചേർന്ന് നോമ്പ് തുറന്നു. പരസ്പരം സ്നേഹം പങ്കിട്ടു. എന്നെ ഏറെ അത്ഭുതപ്പെടുത്തിക്കൊണ്ട്, കോളജിന് പരിസരത്ത് ഭിക്ഷ യാചിക്കുന്നവർ, നാടോടികൾ എന്നിവർക്ക് അവർ ഭക്ഷണപ്പൊതി എത്തിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ, ഓരോ ക്ലാസിലെയും വിദ്യാർഥികൾ സ്വമേധയാ ഇഫ്താർ സംഘടിപ്പിച്ചു. ഒരു ക്ലാസ് മുറിയിൽനിന്നും കിട്ടാത്തവിധം മികച്ച കാര്യശേഷിയും ഒത്തൊരുമയും അവരിൽ ദർശിക്കാൻ കഴിഞ്ഞു. ഇഫ്താർ പാർട്ടിയോടനുബന്ധിച്ച് സഹപാഠികളിൽ ഏറ്റവും പാവപ്പെട്ടവരെ കണ്ടെത്തി സാമ്പത്തിക, വിദ്യാഭ്യാസ സഹായം നൽകാനും അവർക്ക് കഴിഞ്ഞു.
കാരുണ്യത്തിന്റെയും നന്മയുടെയും സാഹോദര്യത്തിന്റെയും നല്ലപാഠങ്ങളാണ് റമദാൻ മുന്നോട്ടുവെക്കുന്നത്. വിശ്വാസപരമായ കടമകൾക്കപ്പുറം വ്യക്തിവിശുദ്ധിയുടെ നല്ല മാതൃകകൾ ജീവിതത്തിലേക്ക് പകർത്തിയെഴുതാനുള്ള അസുലഭ അവസരംകൂടിയാണ് റമദാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.