ആത്മനിർവൃതിയിൽ ഹാജിമാർ മിനയോട് വിടപറഞ്ഞു

മക്ക: ജീവിതാഭിലാഷം പൂവണിഞ്ഞ ആത്മനിർവൃതിയിൽ ഹാജിമാർ മിനിയോട് വിടപറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്കു മുമ്പേ ജംറയിലെ സ്തൂപത്തിൽ അവസാനവട്ട കല്ലേറ് കർമം നിർവഹിച്ച ശേഷം മിനിയോട് യാത്ര പറഞ്ഞ് മക്കയിലെ താമസസ്ഥലങ്ങളിലേക്ക് മടങ്ങി. ഇതോടെ ആറുനാൾ നീണ്ട, ദശലക്ഷം വിശ്വാസികൾ പങ്കെടുത്ത വിശ്വമഹാസംഗമത്തിന് തിരശ്ശീല വീണു. പരസ്പരം അശ്ലേഷിച്ചും സ്നേഹം പങ്കുവെച്ചും യാത്രപറയുമ്പോൾ തങ്ങൾ ഒരേ നാഥന്റെ അടിമകളായ ഏകോദര സഹോദരന്മാരാണെന്ന് അവർ പ്രഖ്യാപിച്ചു.

പാപക്കറകൾ പൂർണമായും കഴുകിക്കളഞ്ഞ് ഉമ്മ അപ്പോൾ പെറ്റ കുഞ്ഞിനെപ്പോലെയാണ് ഓരോ തീർത്ഥാടകനും മിനയോട് വിട പറയുന്നതെന്നാണ് ഇസ്ലാമിക വിശ്വാസം. വരും ജീവിതം നേരിലും നന്മയിലും ആയിരിക്കുമെന്ന് ദൃഢപ്രതിജ്ഞയോടെയാണ് ഓരോ ഹാജിയും മക്കയോട് വിട പറയുക.

ഭൂരിഭാഗം ഹാജിമാരും തിങ്കളാഴ്ച തന്നെ മടങ്ങിയിരുന്നു. ബാക്കിയുള്ള ഹാജിമാരാണ് ചൊവ്വാഴ്ച്ച അവസാന കല്ലേറു കർമം നിർവഹിച്ചു മിനയിൽ നിന്നും യാത്രയായത്. ഇനി കഅബയുടെ അടുത്തെത്തി പ്രാർത്ഥിച്ചു വിടവാങ്ങൽ പ്രദക്ഷിണം നടത്തി മക്കയോട് വിട പറയും.

മലയാളികൾ ഉൾപ്പെടെ ഉള്ള ഇന്ത്യൻ ഹാജിമാർ അസീസിയിലെ താമസകേന്ദ്രങ്ങളിൽ തിരിച്ചെത്തി. മുൻവർഷങ്ങളേക്കാൾ ഏറെ സന്തോഷകരമായിരുന്നു ഇത്തവണത്തെ ഹജ്ജ്. അറഫയിലും മിനായിലും തിരക്ക് കുറഞ്ഞത് ഹാജിമാർക്ക് അനുകൂലമായി.

ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ജൂലൈ 15ന് ജിദ്ദ വഴി ആരംഭിക്കും. ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കാണ് ആദ്യസംഘം മടങ്ങുക. 377 ഹാജിമാരാണ്‌ ആദ്യ സംഘത്തിൽ പുറപെടുന്നത്. ജിദ്ദ വഴിയെത്തിയ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ 24,637 ഹാജിമാർക്ക് ഇനി മദീന സന്ദർശനം പൂർത്തിയാക്കാനുണ്ട്. ജൂലൈ 15 മുതൽ ഇവർ മദീനയിലേക്ക് പുറപ്പെടും. എട്ടുദിവസം മദീന സന്ദർശനം പൂർത്തിയാക്കി മദീന വഴിയാണ് ഇവർ നാട്ടിലേക്ക് പോവുക.

മലയാളി തീർഥാടകരുടെ മദീനാ സന്ദർശനം ഹജ്ജിനു മുമ്പേ പൂർത്തീകരിച്ചിരിക്കുന്നു. ജിദ്ദ വഴിയാണ് മുഴുവൻ മലയാളി തീർഥാടകരും മടങ്ങുക. ആഗസ്റ്റ് ഒന്നിന് മുഴുവൻ മലയാളി തീർത്ഥാടകരും നാട്ടിലെത്തും. ആഗസ്റ്റ് 13നാണ് ഇന്ത്യയിലേക്കുള്ള ഹാജിമാരുടെ അവസാന വിമാനം.അസീസിയയിൽ നിന്ന് ഹറമിലേക്കും തിരിച്ചുമുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കുന്ന ഷട്ടിൽ ബസ് സർവീസ് ജൂലൈ 14 മുതൽ പുനരാരംഭിക്കും.

Tags:    
News Summary - Haj pilgrims farewell to Mina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.