കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം തീർഥാടനത്തിന് പോകുന്നവർക്ക് പഠന ക്ലാസുകളുടെ തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലും ക്യാമ്പ് നടത്തും. സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 24ന് കോട്ടക്കൽ പി.എം. ഓഡിറ്റോറിയത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 314 ഹജ്ജ് ട്രെയ്നർമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. മേഖല തിരിച്ചാണ് ക്ലാസുകൾ സംഘടിപ്പിക്കുക.
കേരളത്തിൽ നിന്നുള്ള ഹാജിമാർ ഇത്തവണ ആദ്യം മക്കയിലേക്കും ഹജ്ജ് കർമങ്ങൾക്കുശേഷം മദീനയിലേക്കും യാത്രതിരിക്കും. കഴിഞ്ഞ തവണ ആദ്യം മദീനയിലേക്കാണ് പോയത്. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് എയർ ഇന്ത്യയിലും നെടുമ്പാശ്ശേരിയിൽനിന്ന് സൗദിയ എയർലൈൻസിലുമാണ് യാത്ര.
കാസർകോട് ജില്ലക്കാർക്ക് 26ന് കാസർകോട്, ഉപ്പള, 29ന് കാഞ്ഞങ്ങാട്, 30ന് തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ ക്ലാസുകൾ നടക്കും. കണ്ണൂർ ജില്ലക്കാർക്ക് ഏപ്രിൽ 27ന് തളിപ്പറമ്പ നന്മ ഹാളിലും 29ന് കണ്ണൂർ ഡിസ് ഓഡിറ്റോറിയത്തിലും 30ന് പാനൂരിലുമാണ് ക്ലാസ്. ഏപ്രിൽ 25ന് വയനാട് ജില്ലക്കാർക്ക് വേണ്ടി മുട്ടിൽ ഡബ്ല്യു.എം.ഒ യിൽ ക്ലാസ് നടക്കും. കോഴിക്കോട് ജില്ലക്കാർക്ക് ഏപ്രിൽ 24ന് വടകര ഷാദി മഹലിലും 25ന് ഉള്ള്യേരി സമന്വയയിലും 26ന് കാരന്തൂർ മർകസിലും 27ന് വെള്ളിമാട്കുന്ന് ജെ.ഡി.ടിയിലും ക്ലാസ് നടക്കും.
മലപ്പുറം ജില്ലക്കാർക്ക് ഏപ്രിൽ 24ന് കോട്ടക്കൽ പി.എം ഓഡിറ്റോറിയത്തിലും 25ന് വണ്ടൂർ വ്യാപാരഭവനിലും മേൽമുറി പി.എം.ആർ ഹാളിലും 26ന് പൊന്നാനി മാസ് ഹാളിലും 27ന് വട്ടത്താണി കെ.എം ഹാളിലും കവനൂർ ദോഹ പ്ലാസയിലും പടിക്കൽ കോഹിനൂർ ഹാളിലും കുറുക്കോൾ എമറാൾഡ് ഹാളിലും മഞ്ചേരി ടൗൺഹാളിലും 29ന് തിരൂരങ്ങാടി പി.എസ്.എം.ഒയിലും 30ന് പെരിന്തൽമണ്ണ എം.എസ്.ടി. എം കോളജിലും മേയ് ഒന്നിന് കൊണ്ടോട്ടി ഹജ്ജ് ഹൗസിലും ക്ലാസുകൾ നടക്കും.
പാലക്കാട് ജില്ലക്കാർക്ക് ഏപ്രിൽ 29ന് പട്ടാമ്പി ആമയൂരിലും മേയ് ഒന്നിന് മണ്ണാർക്കാട് എം.ഇ.എസ് കോളജിലുമാണ് ക്ലാസ്. തൃശൂർ ജില്ലയിലെ ഹാജിമാർക്ക് മേയ് ഒന്നിന് ചേറ്റുവ ഷാ ഇൻറ ഹാളിലും മേയ് രണ്ടിന് എറണാകുളം ജില്ലക്കാർക്ക് എറണാകുളത്തും കോട്ടയം ജില്ലക്കാർക്ക് ഏപ്രിൽ 27ന് ഈരാറ്റുപേട്ടയിലും ക്ലാസ് നടക്കും. ഏപ്രിൽ 26 ന് ആലപ്പുഴ ജില്ലക്കാർക്ക് ഹാഷ്മിയ കോളജിലും ഏപ്രിൽ 29ന് പത്തനംതിട്ട ജില്ലക്കാർക്ക് പന്തളത്തും ഏപ്രിൽ 27ന് ഇടുക്കി ജില്ലക്കാർക്ക് തൊടുപുഴയിലും ഏപ്രിൽ 25ന് കൊല്ലം ജില്ലക്കാർക്ക് കിളിക്കൊല്ലൂരും മേയ് രണ്ടിന് തിരുവനന്തപുരം ജില്ലക്കാർക്ക് വള്ളക്കടവ് അറഫ ഹാളിലുമാണ് ക്ലാസ്. വാർത്തസമ്മേളനത്തിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, അഡ്വ. പി. മൊയ്തീൻകുട്ടി, മുഹമ്മദ് കാസിം കോയ പൊന്നാനി, പി.ടി. അക്ബർ, ഹജ്ജ് കമ്മിറ്റി എക്സി.ഓഫിസർ പി.എം. ഹമീദ് എന്നിവരും സംബന്ധിച്ചു.
ഹാജിമാരിൽ 70 പിന്നിട്ടവർ 1430; മഹ്റം ഇല്ലാതെ 2807 സ്ത്രീകൾ
കോഴിക്കോട്: ഈ വർഷം ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരിൽ 70 വയസ്സ് പിന്നിട്ടവർ 1430 പേർ. മഹ്റം ഇല്ലാത്ത വിഭാഗത്തിൽ 2807 സ്ത്രീകളുണ്ട്. ജനറൽ വിഭാഗത്തിൽ 6094 പേർ ഉൾപ്പെടെ 10,331 പേരാണ് ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുക. ഇതിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് 2213 പേരും കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 1796 പേരും കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 6322 പേരും യാത്ര തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.