മക്ക: പിശാചിനെതിരെ പ്രതീകാത്മകമായി അവസാന കല്ലേറ് കർമവും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിന് ഇന്ന് പരിസമാപ്തിയാകും. ഹജ്ജിലെ സുപ്രധാന കർമങ്ങളെല്ലാം തീർന്നതോടെ വെള്ളിയാഴ്ച വൈകീട്ട് മുതൽ തന്നെ ഹാജിമാർ മിനയിൽനിന്നും മടങ്ങി തുടങ്ങിയിരുന്നു. അവശേഷിക്കുന്ന ഹാജിമാരാണ് ജംറ സ്തൂപങ്ങളിൽ കല്ലേറ് പൂർത്തിയാക്കി മിന താഴ്വാരം വിടുക. ലോകത്തിലെ വിവിധ ദിക്കുകളിൽ നിന്നുവന്ന ഭാഷയിലും വർണത്തിലും എല്ലാം വ്യത്യസ്തത പുലർത്തുന്ന, വിശ്വാസി ലക്ഷങ്ങൾ വിശുദ്ധ ഭൂമിയിൽ തീർത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അവർണനീയ അനുഭവമാണ് ഓരോ തീർഥാടകനും നെഞ്ചോട് ചേർത്ത് മിനയിൽനിന്ന് കൊണ്ടുപോകാനുള്ളത്.
തങ്ങളുടെ നാടുകളെ കൂടി ഏകമാനവികതയുടെ പ്രചാരകരാക്കുമെന്ന പ്രതിജ്ഞയിലാണ് ഓരോ ഹാജിയും മക്ക വിടുക. രാജ്യത്തിന്റെ മുഴുവൻ സോഴ്സുകൾ ഉപയോഗിച്ചാണ് സൗദി ഭരണകൂടം അല്ലാഹുവിന്റെ അതിഥികളെ സേവിച്ചത്. മുഴുവൻ സുരക്ഷ വിഭാഗങ്ങളിലെയും സുരക്ഷ ഉദ്യോഗസ്ഥർ ഹജ്ജിന്റെ മുഴുദിനവും കോട്ടയൊരുക്കി അല്ലാഹുവിന്റെ അതിഥികൾക്ക് കാവലായി. ഹജ്ജ് കർമങ്ങൾക്ക് വിരാമമായതോടെ തീർഥാടകര്‍ വിടവാങ്ങൽ ത്വവാഫ് പൂർത്തിയാക്കി വിശുദ്ധ മക്കയോട് വിട പറഞ്ഞു തുടങ്ങി.
മദീന സന്ദർശനം കഴിയാത്തവർ അതുകൂടി പൂർത്തിയാക്കിയാവും മടങ്ങുക. ഇന്ത്യയിൽ നിന്നെത്തിയ പകുതിയിലധികം തീർഥാടകരും വെള്ളിയാഴ്ച തന്നെ മിനയിൽ നിന്ന് ദുൽഹജ്ജ് 12 ലെ കല്ലേറ് പൂർത്തിയാക്കി അസീസിയിലെ ക്യാമ്പിലേക്ക് മടങ്ങിയിരുന്നു. വെള്ളിയാഴ്ച്ച രാത്രി മിനയിൽ തങ്ങാനുള്ള സൗകര്യവും ഹജ്ജ് ഏജൻസികൾ ഒരുക്കിയിരുന്നു. ബാക്കിവരുന്ന മുഴുവൻ തീർഥാടകരും ശനിയാഴ്ച വൈകുന്നേരത്തോടെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തും.
തിരക്കൊഴിവാക്കാൻ ഹജ്ജ് മന്ത്രാലയം ഓരോ സർവിസ് കമ്പനിക്കും മിനയിൽനിന്ന് മടങ്ങുന്നതിന് പ്രത്യേക സമയം അനുവദിച്ചിരുന്നു. ഹജ്ജ് സർവിസ് കമ്പനികൾ ഏർപ്പെടുത്തിയ ബസുകളിലാണ് ഹാജിമാരെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തിച്ചത്. ചുരുക്കം ഹാജിമാർ വെള്ളിയാഴ്ച കാൽനടയായി റൂമുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. താമസസ്ഥലങ്ങളിലേക്ക് മടങ്ങുന്ന ഹാജിമാർക്ക് വഴി കാണിക്കാനായി മലയാളി സന്നദ്ധ സേവന സംഘങ്ങൾ മിനയിലെ വിവിധ വഴികളിൽ തമ്പടിച്ചിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ എത്തിയ മലയാളി ഹാജിമാർ അധികവും ശനിയാഴ്ച കർമം പൂർത്തിയാക്കിയാവും മടങ്ങുക. ഹജ്ജിലെ ത്വവാഫും സഫ മർവ കുന്നുകൾക്കിടയിലെ പ്രയാണവും നേരത്തേ പൂർത്തീകരിക്കാത്ത മലയാളി തീർഥാടകർ താമസസ്ഥലങ്ങളിൽ തിരിച്ചെത്തിയതിനുശേഷമാകും നിർവഹിക്കുക.
സ്വകാര്യ ഗ്രൂപ്പുകളിലെത്തിയ മലയാളി ഹാജിമാർ അധികവും മൂന്നു ദിവസത്തെ കല്ലേറ് കർമം പൂർത്തീകരിച്ച് ഇന്ന് വൈകുന്നേരത്തോടെയാണ് തിരിച്ചെത്തുക. ഇന്ത്യൻ ഹാജിമാരുടെ സ്വദേശങ്ങളിലേക്കുള്ള മടക്കയാത്ര ജൂലൈ മൂന്ന് മുതൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.