ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനത്തിലെ തീർഥാടകരെ മദീന വിമാനത്താവളത്തിൽ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, സൗദി ഉദ്യോഗസ്ഥർ എന്നിവർ സ്വീകരിക്കുന്നു.

ആദ്യ ഇന്ത്യൻ ഹജ്ജ് വിമാനം മദീനയിലിറങ്ങി; ഉജ്ജ്വല വരവേൽപ്പ്

മദീന: ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘമായി മദീനയിൽ എത്തിയ ഇന്ത്യൻ തീർത്ഥാടകർക്ക് ലഭിച്ചത് ഉജ്ജ്വല വരവേൽപ്പ്. ഹൈദരാബാദിൽ നിന്നുള്ള 285 തീർത്ഥാടകരാണ് ഇന്ന് പുലർച്ചെ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. സൗദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസിറും ഹജ്ജ് ഡെപ്യൂട്ടി മന്ത്രിയും, ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാനും ചേർന്ന് സ്വീകരിച്ചു.

'ലബൈക്' മന്ത്രങ്ങൾ ഉരുവിട്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് അല്ലാഹുവിൻറെ അതിഥികൾ മക്ക, മദീന പുണ്യനഗരികളിലേക്ക് എത്തിത്തുടങ്ങുന്നതോടെ പുതിയൊരു ഹജ്ജ് സീസണിന് രാജ്യം ഒരുങ്ങിക്കഴിഞ്ഞു, വരും ദിവസങ്ങളിൽ കര, കടൽമാർഗങ്ങളിലൂടെ കൂടുതൽ ഹാജിമാർ മക്കയിലേക്കും മദീനയിലേക്കുമായി എത്തും. ജൂൺ രണ്ടാം വാരത്തിലാണ് ഹജ്ജ് കർമങ്ങൾ നടക്കുന്നത്.

ആദ്യമെത്തിയ ഇന്ത്യൻ തീർത്ഥാടക സംഘത്തെ രാജകീയമായാണ് ഹജ്ജ് മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ ഹജ്ജ് മിഷൻ നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചത്. സ്വാഗത ഗാനം ഉരുവിട്ട് ഈത്തപ്പഴവും സംസവും നൽകിയായിരുന്നു വരവേൽക്കൽ. നിരവധി മലയാളി സന്നദ്ധസേവകരും ഹാജിമാരെ സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് പുലർച്ചെ തന്നെ തമ്പടിച്ചിരുന്നു. സമ്മാനങ്ങൾ നൽകിയാണ് ഇവർ ഹാജിമാരെ എതിരേറ്റത്.

ശ്രീനഗർ, ഡൽഹി തുടങ്ങി വിവിധ എംബാർഗേഷൻ പോയിന്റുകളിൽ നിന്നുള്ള 10 വിമാനങ്ങളിലായി ഇന്ന് 4000ത്തിലധികം ഹാജിമാർ മദീനയിൽ എത്തുന്നുണ്ട്. മദീനയിൽ ഹാജിമാർക്ക് താമസ സൗകര്യങ്ങൾ ഉൾപ്പടെ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മദീനയിൽ ഇറങ്ങുന്ന ഹാജിമാർ എട്ടു നാൾ മദീനയിലെ വിവിധ ഭാഗങ്ങളിൽ സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് എത്തും. പിന്നീട് ഹജ്ജ് കഴിഞ്ഞു ജിദ്ദ വഴി ഇവർ സ്വദേശങ്ങളിലേക്ക് മടങ്ങും.

1,40,020 പേരാണ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ ഹജ്ജിനെത്തുന്നത്. ഇതിൽ 18019 തീർത്ഥാടകർ കേരളത്തിൽനിന്നുള്ളവരാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ മാസം 21ന് കരിപ്പൂരിൽ നിന്നാണ് ഈ തീർത്ഥാടകരുടെ ആദ്യ സംഘം യാത്ര പുറപ്പെടുക. മലയാളി ഹാജിമാർ ഇത്തവണ ജിദ്ദയിലാണ് വിമാനം ഇറങ്ങുന്നത്. ഹജ്ജ് കർമങ്ങൾ പൂർത്തീകരിച്ച ശേഷമാണ് മലയാളി തീർഥാടകരുടെ മദീന സന്ദർശന പരിപാടി ക്രമീകരിച്ചിട്ടുള്ളത്.

Tags:    
News Summary - First Indian Haj flight lands in Madinah; A warm welcome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.