കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിന് പോകുന്ന തീര്‍ഥാടകരുടെ ആദ്യസംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മേയ് 21ന് പുലർച്ച 12.05ന് പുറപ്പെടും. ഈ വിമാനത്തിലുള്ള 166 അംഗ സംഘം ഇന്ത്യന്‍ സമയം പുലർച്ച 3.50ന് ജിദ്ദയിലെത്തും. രണ്ടാമത്തെ വിമാനം രാവിലെ എട്ടിനും മൂന്നാമത്തെ വിമാനം ഉച്ചക്ക് മൂന്നിനും പുറപ്പെടും.
മേയ് 20 മുതല്‍ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസില്‍ ക്യാമ്പ് പ്രവര്‍ത്തനം തുടങ്ങും. ആദ്യ സംഘം 20ന് രാവിലെ 10നും രണ്ടാമത്തെ സംഘം ഉച്ചക്ക് 12നും മൂന്നാമത്തെ സംഘം ഉച്ചക്ക് രണ്ടിനും ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് ഹജ്ജ് സർവിസ് നടത്തുന്നത്. ജൂണ്‍ ഒമ്പതുവരെ 59 വിമാനങ്ങളാണ് ഇതുവരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പിന്നീട് നാലു വിമാനങ്ങള്‍കൂടി അധികമായി ഏര്‍പ്പെടുത്തും. ഓരോ വിമാനത്തിലും 166 തീര്‍ഥാടകരാണ് യാത്രയാവുക. ജൂണ്‍ ഏഴു വരെ ദിവസേന മൂന്നു വിമാനങ്ങളും എട്ടിന് നാലു വിമാനങ്ങളും സർവിസ് നടത്തും. ഒമ്പതിന് രാവിലെ 8.05ന് ഒരു വിമാനം മാത്രമായിരിക്കും തീര്‍ഥാടകരെ കൊണ്ടുപോകുക.
10,371 തീര്‍ഥാടകരാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹജ്ജിന് പോകുന്നത്. ഇതില്‍ 9794 തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനുള്ള സര്‍വിസുകളാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്കായാണ് അധിക സർവിസ് ഏര്‍പ്പെടുത്തുക. തീര്‍ഥാടകരുടെ വിശദമായ യാത്രാസമയക്രമമടങ്ങിയ ഫ്ലൈറ്റ് മാനിഫെസ്റ്റ് ഉടന്‍ പുറത്തിറക്കും. മറ്റു പുറപ്പെടല്‍ കേന്ദ്രങ്ങളായ കൊച്ചിയില്‍നിന്ന് മേയ് 26നും കണ്ണൂരില്‍നിന്ന് ജൂണ്‍ ഒന്നിനുമാണ് ഹജ്ജ് വിമാന സർവിസുകള്‍ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.