ജിദ്ദ: കഅ്ബ കാണാനും ഹജ്ജ് നിർവഹിക്കാനും കഴിഞ്ഞ ആത്മ നിർവൃതിയിലാണ് ഫലസ്തീനിലെ ഗസ്സയിൽ നിന്ന് ഒറ്റക്കാലിലെത്തിയ മജ്ദി മുഹമ്മദ് അൽതാർ. ചിരകാലമായ തെൻറ ആഗ്രഹം സഫലീകരിക്കുന്നതിനായി ഉൗന്നുവടിയുമായി സഞ്ചരിച്ചാണ് മജ്ദി ‘ഖാദിമുൽ ഹറമൈൻ’ ഹജ്ജ് പദ്ധതിക്ക് കീഴിൽ ഹജ്ജിനെത്തിയത്. ഫലസ്തീൻ രക്തസാക്ഷികളിലൊരാളുടെ സഹോദരനാണ് ഇദ്ദേഹം. നീന്തൽ താരമായ മജ്ദിക്ക് വർഷങ്ങൾക്ക് മുമ്പ് നടന്ന വാഹനാപകടത്തിലാണ് ഒരു കാൽ നഷ്ടമായത്.
ഈ വർഷം മക്കയിലെത്തി ഹജ്ജ് നിർവഹിക്കാൻ കഴിഞ്ഞതിൽ സൽമാൻ രാജാവിനോട് അദ്ദേഹം നന്ദി പറഞ്ഞു. ഹജ്ജ് തീർഥാടകർക്ക് സൗകര്യമൊരുക്കാൻ സൗദി ജനത കാട്ടുന്ന അർപണബോധത്തെയും സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. ഹജ്ജ് വേളയിൽ ലഭിച്ച എല്ലാ സേവനങ്ങളും വിവരണാതീതവും ഉയർന്ന തലത്തിലുള്ളതുമായിരുന്നു. മനസ്സിന് ഊഹിക്കാവുന്നതിലും അപ്പുറമാണ് സൗദിയുടെ ആതിഥ്യം. ഇസ്ലാമിക മന്ത്രാലയത്തിലെ സേവന ചുമതലയുള്ളവരെല്ലാം തങ്ങളുടെ റോളുകളിൽ മത്സരിക്കുകയായിരുന്നു.
ആതിഥ്യമര്യാദയിലൂടെയും മികച്ച സ്വീകരണത്തിലൂടെയും സ്നേഹ വാത്സല്യത്തോടെ ഞങ്ങൾക്ക് അവർ സേവനം നൽകിയെന്നും മജ്ദി പറഞ്ഞു. മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചപ്പോൾ തനിക്കുണ്ടായ വികാരം പൂർണമായി വിവരിക്കാൻ കഴിയില്ല. ആ വിശുദ്ധ ഭവനത്തിെൻറ സവിശേഷതയായ ആത്മീയ അന്തരീക്ഷം നന്നായി ആസ്വദിച്ചെന്നും മജ്ദി പറഞ്ഞു.
ഒരോ വർഷവും ഫലസ്തീൻ രക്തസാക്ഷികളുടെ കുടുംബങ്ങളിൽനിന്ന് നിരവധി പേരാണ് സൽമാൻ രാജാവിെൻറ അതിഥികളായി ഹജ്ജിന് എത്തുന്നത്. ഇത്തവണയും രക്തസാക്ഷികളുടെയും പരിക്കുപറ്റിയവരുടെയും കുടുംബങ്ങളിൽ നിന്ന് ആയിരം പേർക്കാണ് സൗദി അറേബ്യ ആതിഥ്യമരുളിയത്. ഖാദിമുൽ ഹറമൈൻ ഹജ്ജ് പദ്ധതി എന്ന സംരംഭത്തിന് സൗദി മതകാര്യ മന്ത്രാലയമാണ് മേൽനോട്ടം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.