കൊണ്ടോട്ടി: ഹജ്ജ് നിര്‍വഹിക്കാൻ സംസ്ഥാനത്തുനിന്നുള്ള തീര്‍ഥാടകരുടെ യാത്ര പൂര്‍ത്തിയായി. ഞായറാഴ്ച കണ്ണൂരില്‍നിന്ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് 322 പേരടങ്ങിയ അവസാന തീര്‍ഥാടകസംഘം യാത്രയായത്. കരിപ്പൂർ, കൊച്ചി വിമാനത്താവളങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ ഞായറാഴ്ച സര്‍വിസ് പൂര്‍ത്തിയാക്കി. ഈ രണ്ട് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍നിന്നും കണ്ണൂരില്‍നിന്നും ഞായറാഴ്ച ഓരോ വിമാനങ്ങളാണ് ജിദ്ദയിലേക്ക് തിരിച്ചത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇത്തവണ 18,200 പേരാണ് മക്കയിലെത്തിയത്. ഇതില്‍ 280 പേര് ഇതര സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്നിന്നുമുള്ളവരുമാണ്. ഇത്തവണയും സംസ്ഥാനത്തുനിന്നുള്ള തീര്‍ഥാടകരില്‍ കൂടുതല്‍ പേരും വനിതകളാണ്. 10,792 വനിതകളും 7408 പുരുഷന്മാരുമാണുള്ളത്.
രണ്ട് വയസ്സിന് താഴെയുള്ള ഒമ്പത് കുരുന്ന് തീര്‍ഥാടകരും സംസ്ഥാനത്തുനിന്നുള്ള സംഘത്തിലുള്‍പ്പെടും. തീര്‍ഥാടകരുടെ തിരിച്ചുവരവിന് ജൂലൈ ഒന്നിന് തുടക്കമാകും. മദീനയില്‍നിന്നുള്ള മടക്കയാത്ര വിമാന സര്‍വിസുകള്‍ പുറപ്പെട്ട വിമാനത്താവളങ്ങളിലേക്ക് 22 വരെ തുടരും. കരിപ്പൂരില്‍നിന്ന് ഞായറാഴ്ച രാവിലെ 8.25ന് തിരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അവസാന വിമാനത്തില്‍ 143 തീര്‍ഥാടകരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.