ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഹജ്ജ് കർമങ്ങൾക്കായി എത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് സൗദി ഭരണകൂടം നൽകുന്ന സൗകര്യങ്ങളും സേവനങ്ങളും മാതൃകപരവും പ്രശംസനീയവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി പ്രസ്താവിച്ചു.
ഹജ്ജ് കർമങ്ങൾ പൂർത്തീകരിച്ച് ജിദ്ദയിലെത്തിയ അദ്ദേഹം ജിദ്ദ ഐ.സി.എഫ് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. വിശ്വാസികളുടെ യാത്ര, ഭക്ഷണം, ആരോഗ്യം, സുരക്ഷ തുടങ്ങിയവയിലെല്ലാം തികഞ്ഞ പരിഗണനയും പഴുതടച്ച ഇടപെടലുകളുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ വർഷവും ഒരുവിധ പ്രയാസങ്ങളുമില്ലാതെ ഹജ്ജ് പൂർത്തീകരിക്കുന്നതിന് പരിശ്രമിച്ച സൽമാൻ രാജാവിനെ മഅ്ദിൻ അക്കാദമി ചെയർമാൻകൂടിയായ ഖലീൽ തങ്ങൾ പ്രത്യേകം അഭിനന്ദനമറിയിച്ചു.
ലോകത്ത് ശാന്തിയും സമാധാനവും നിലനിൽക്കുന്നതിന് ഹജ്ജ് കർമങ്ങളുടെയും അറഫ മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെയും അന്തഃസത്ത ഉൾക്കൊണ്ട് ജീവിക്കാൻ തയാറാവണമെന്നും തങ്ങൾ ഓർമപ്പെടുത്തി. മഅ്ദിൻ അക്കാദമി നടപ്പാക്കുന്ന വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങൾ അദ്ദേഹം സ്വീകരണ സംഗമത്തിൽ വിശദീകരിച്ചു. ഐ.സി.എഫ് സെൻട്രൽ പ്രസിഡന്റ് ഹസൻ സഖാഫി കണ്ണൂർ അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദീൻ തങ്ങൾ പെരുവള്ളൂർ സ്വാഗതവും അബു മിസ്ബാഹ് ഐക്കരപ്പടി നന്ദിയും പറഞ്ഞു.
ബഷീർ പറവൂർ, അബ്ദുറഹിം വണ്ടൂർ, അബ്ബാസ് ചെങ്ങാനി, യൂസുഫ് മേൽമുറി, മുഹമ്മദ് നെല്ലിക്കുത്ത്, സുലൈമാൻ സഅദി കർണാടക, മൊയ്തീൻകുട്ടി സഖാഫി, മുഹമ്മദ് അൻവരി, കലാം അഹ്സനി, അബ്ദു റസാഖ് എടവണ്ണപ്പാറ, അഹ്മദ് കബീർ, ഹസൻ മേൽമുറി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.