മക്ക: ഹജ്ജിന് ഒരുങ്ങി ഇന്ത്യയിലെ നിന്നുള്ള ഒന്നേ മുക്കാൽ ലക്ഷം ഹാജിമാർ. ഞാറാഴ്ച വൈകുന്നേരത്തോടെ മിനായിലേക്ക് തീർഥാടകർ നീങ്ങും. ഹജ്ജിന്റെ സുപ്രധാന കർമങ്ങൾ തിങ്കളാഴ്‌ച്ച ആരംഭിക്കും. മലയാളി ഹാജിമാരുടെ ഒരുക്കവും ഇതിനകം പൂർത്തിയായി. ഹജ്ജിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിലാണ് പൂർത്തീകരിക്കുന്നത്. ബലി കൂപൺ വിതരണവും മെട്രോ ട്രെയിൻ ടിക്കറ്റ് അറഫ, മിന തമ്പുകളിലേക്കുള്ള പ്രവേശന കൂപൺ എല്ലാം ഹാജിമാർക്ക് ലഭിച്ചിട്ടൂണ്ട്.
ഞാറാഴ്ച വെകുന്നേരം ഹാജിമാരോട് മിനയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയിരിക്കണമെന്നാണ് ഹജ്ജ് ഹജ്ജ് മിഷൻ നൽകുന്ന നിർദേശം. ബസുകളിലാണ് താമസസഥലത്തുനിന്നും ഹാജിമാർ പുറപ്പെടുക. ഹാജിമാരെ മിനാ തമ്പുകളിൽ എത്തിക്കുന്നതടക്കം മുഴുവൻ നിയന്ത്രിക്കുന്നത് ഹജ്ജ് സർവിസ് കമ്പനിയാണ്. ഹാജിമാരെ അനുഗമിക്കാൻ 550 ലധികം ഖാദിമുൽ ഹുജ്ജാജുമാരും (ഹജ്ജ് വളൻറിയർമാർ) ഇന്ത്യയിൽനിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടാവും.
മിനായിൽ ഇന്ത്യൻ ഹാജിമാർക്കുള്ള തമ്പുകൾ കിങ് അബ്ദുൽ അസീസ് പാലത്തിന് ഇരുവശവും ജൗഹറ റോഡിനും കിങ് ഫഹദ് റോഡിനും ഇടയിലുമാണ് ഒരുക്കിയിട്ടുള്ളത്. മിനായിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫിസും അതിനോടനുബന്ധിച്ചു മെഡിക്കൽ സെൻററും ഒരുക്കിയിട്ടുണ്ട്. ഹാജിമാരുടെ സേവനത്തിനായി 17 ആംബുലൻസുകളും ഉണ്ടാവും. കേരളത്തിൽനിന്നും ഇത്തവണ 11,252 ഹാജിമാരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയിട്ടുള്ളത്. ഇതിൽ 4,232 പുരുഷന്മാരും 6,899 സ്ത്രീകളുമാണുള്ളത്. ഇതിൽ 2,733 മഹ്‌റമില്ലാ വിഭാഗത്തിൽ ഉള്ളവരാണ്.
ഇവരെ നയിക്കാനായി ഒമ്പത് വനിതാ വളൻറിയർമാർ ഉൾപ്പടെ 28 ഖാദിമുൽ ഹുജ്ജജുമാരാണുള്ളത്. ഇവരെ നിയന്ത്രിക്കുന്നത് ജാഫർ മാലിക്ക് ഐ.എ.എസ് ആണ്. ഇത് കൂടാതെ 5,000 ത്തോളം വിവിധ സന്നദ്ധ സംഘടനാ വളൻറിയർമാരും ഹജ്ജ് പ്രദേശങ്ങളിൽ സേവനത്തിനെത്തും. ഏഴായിരത്തോളം മലയാളി ഹാജിമാർ സ്വകാര്യ ഗ്രൂപ്പുകളിലും ഹജ്ജിൽ പങ്കെടുക്കുന്നുണ്ട്. ഇവർക്കുള്ള യാത്രകൾ ബസ്സുകളിലാണ് ക്രമീകരിച്ചിട്ടുള്ളത്. മദീന സന്ദർശനത്തിലായിരുന്ന സ്വകാര്യ ഗ്രൂപ്പുകളിലുള്ള ഹാജിമാർ വെളിയാഴ്ചയോടെ മക്കയിൽ എത്തിയിരുന്നു.
മഹ്‌റമില്ല വിഭാഗത്തിലുള്ള വനിതാ തീർഥാടകർക്ക് യാത്രക്കുള്ള ബസും തമസിക്കുന്ന തമ്പുകളും ഉൾപ്പെടെ സൗകര്യങ്ങൾ എല്ലാം പ്രത്യേകമാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക സുരക്ഷാ ജീവനക്കാരും ഇവർക്കുണ്ട്. കേരളത്തിൽനിന്നുള്ള അഞ്ച് മലയാളി തീർഥാടകർ മക്കയിൽ വിവിധ കാരണങ്ങളാൽ മരണപ്പെട്ടിരുന്നു. ഇതിൽ ചലരുടെ ബന്ധുക്കൾ പകരമായി ഹജ്ജിനെത്തിയിട്ടുണ്ട്. മലയാളി ഹാജിമാർക്കുൾപ്പടെ 84,000 ഹാജിമാർക്ക് ഇത്തവണ മെട്രോയിൽ ഹജ്ജ് ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ യാത്ര ചെയ്യാനാവും.
'ഇവർക്ക് ജംറയിലേക്ക് കല്ലെറിയാൻ മെട്രോ ട്രെയിൻ ഉപയോഗപ്പെടുത്താനാവും. മറ്റു ഹാജിമാർ നടന്നു വേണം കല്ലേറ് കർമത്തിന് പോകുവാൻ. മുംബൈയിൽനിന്നും ഇന്ന് രാവിലെയാണ് ഇന്ത്യയിൽനിന്നുള്ള അവസാന ഹജ്ജ് സസംഘ൦ മക്കയിൽ എത്തിയത്. ഇവരെ ഹറമിലേക്ക് ഉംറക്കായി കൊണ്ടുപോവാൻ പ്രത്യേക ബസ് ഒരുക്കിയിരുന്നു. മദീനയിൽ ഇനി സ്വകാര്യ ഗ്രൂപ്പിലെത്തിയ ഒരു ഇന്ത്യൻ ഹാജി മാത്രമാണുള്ളത്. ഇദ്ദേഹത്തെ അറഫ സംഗമത്തിന് മുമ്പ് മക്കയിൽ എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.