മക്ക: മദീനയിലെ സന്ദർശനം കഴിഞ്ഞു മക്കയിലെത്തിയ ഇന്ത്യൻ തീർഥാടകർ ആദ്യ ജുമുഅയിൽ പങ്കെടുത്തു. ഇന്ത്യയിൽനിന്ന് ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ 6,600ഓളം തീർഥാടകരാണ് മസ്ജിദുൽ ഹറാമിൽ ആദ്യ ജുമുഅക്കും പ്രാർഥനക്കുമെത്തിയത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി 110 വിമാനങ്ങളിലായി 37,045 ഹാജിമാർ ഇതുവരെ സൗദിയിലെത്തി. ഇതിലെ 6,693 തീർഥാടകർ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയിട്ടുണ്ട്.
ജുമുഅ ദിവസമായ വെള്ളിയാഴ്ച ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയ ബസുകളിൽ ഹാജിമാർ നേരത്തെതന്നെ മസ്ജിദുൽ ഹറാമിലെത്തി ജുമുഅയിലും പ്രാർഥനയിലും പങ്കെടുത്തു. 40 ഡിഗ്രിക്കു മുകളിൽ കത്തുന്ന ചൂടായിരുന്നു മക്കയിൽ. മലയാളി വളന്റിയർമാരും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ഹാജിമാരുടെ സഹായത്തിനു വഴിനീളെ ഉണ്ടായിരുന്നു. ഖുദായ് വഴിയാണ് അസീസിയിലെ ഇന്ത്യൻ ക്യാമ്പിൽനിന്ന് മുഴുവൻ ഹാജിമാരെയും ഹറമിലെത്തിച്ചത്.
മസ്ജിദുൽ ഹറാമിൽ ആദ്യമായി പങ്കെടുത്ത സന്തോഷത്തിലാണ് മലയാളി ഹാജിമാർ. സ്വകാര്യ ഗ്രൂപ് വഴി കഴിഞ്ഞ ബുധനാഴ്ച മുതലാണ് മലയാളി തീർഥാടകർ മക്കയിലെത്തിത്തുടങ്ങിയത്. മലയാളി തീർഥാടകരും ജുമുഅയിൽ പങ്കെടുക്കാൻ ഹറമിലുണ്ടായിരുന്നു. ആയിരത്തിലധികം മലയാളി ഹാജിമാരാണ് ഇതുവരെ വിവിധ സ്വകാര്യ ഗ്രൂപ്പുകളിലായി മക്കയിലെത്തിയത്.
കഴിഞ്ഞ ദിവസം ഒരു മലയാളി തീർഥാടക ഹറമിൽ കുഴഞ്ഞുവീണ് മരിച്ചത് മലയാളി തീർഥാടകരിൽ നോവുണ്ടാക്കി. സ്വകാര്യ ഗ്രൂപ് വഴി എത്തിയ അധിക തീർഥാടകരും ഹജ്ജിന് മുമ്പേതന്നെ മദീന സന്ദർശനം പൂർത്തിയാക്കും. ഇഹ്റാമിലാകും ഇവർ മക്കയിൽ തിരിച്ചെത്തുക. 35,005 ഹാജിമാരാണ് ഇത്തവണ സ്വകാര്യ ക്വോട്ടയിൽ ഹജ്ജിനെത്തുന്നത്. ഇതിൽ 5,000ത്തിന് മുകളിൽ പേർ മലയാളി ഹാജിമാരാണ്. കേരള ഹജ്ജ് കമ്മിറ്റിക്കുകീഴിൽ കേരളത്തിൽനിന്നും ലക്ഷദ്വീപിൽനിന്നുമുൾപ്പെടെ ഇത്തവണ 11,010 ഹാജിമാരുണ്ട്.
ഇവരുടെ ആദ്യസംഘം കണ്ണൂരിൽനിന്ന് ഞായറാഴ്ച പുലർച്ച ജിദ്ദയിലെത്തും. കണ്ണൂർ, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽനിന്നാണ് ഇത്തവണ കേരളത്തിൽനിന്നുള്ള ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർഥാടകർ ഹജ്ജിനെത്തുന്നത്. ഇവരുടെ മദീന സന്ദർശനം ഹജ്ജിന് ശേഷമാണ് ക്രമീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.