ജിദ്ദ: കഅ്ബയെ പുതപ്പിക്കുന്ന പുതിയ കിസ്വയുടെ കൈമാറ്റ ചടങ്ങ് നടന്നു. സൽമാൻ രാജാവിനുവേണ്ടി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ കഅ്ബയുടെ മുതിർന്ന പരിചാരകനായ ഡോ. സ്വാലിഹ് ബിൻ സൈനുൽ ആബിദീൻ അൽസുബൈത്തിക്ക് കിസ്വ കൈമാറി. മുഹർറം ഒന്നിന് കഅ്ബയുടെ നിലവിലെ കിസ്വ മാറ്റി പുതിയ കിസ്വ പുതപ്പിക്കും. ഇതിെൻറ മുന്നോടിയായാണ് പതിവുരീതിയിലുള്ള കൈമാറ്റ ചടങ്ങ് നടന്നത്.
ശേഷം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസും കഅ്ബയുടെ പരിചാരകൻ ഡോ. സ്വാലിഹ് ബിൻ സൈനുൽ ആബിദീൻ അൽസുബൈത്തിയും കൈമാറ്റ രേഖയിൽ ഒപ്പുവെച്ചു. മിനയിലെ ഗവർണറേറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് എന്നിവർ സംബന്ധിച്ചു.
കറുത്ത ചായം പൂശിയ പ്രകൃതിദത്ത ശുദ്ധ പട്ടുനൂൽ ഉപയോഗിച്ച് മക്കയിലെ ഉമ്മുൽ ജൂദിലെ കിങ് അബ്ദുൽ അസീസ് കോംപ്ലക്സിലാണ് കിസ്വ നിർമിച്ചത്. പുടവയുടെ ഉയരം 14 മീറ്ററാണ്. അതിെൻറ മുകൾ ഭാഗത്ത് 95 സെൻറി മീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള ഒരു ബെൽറ്റുണ്ട്. ചുറ്റും 16 കഷണം തുണികളുണ്ട്. അവ ഇസ്ലാമിക കാലിഗ്രഫിയിൽ ഖുർആൻ വചനങ്ങളാൽ ആലേഖനം ചെയ്തിരിക്കുകയാണ്.
കിസ്വ നാല് കഷണങ്ങളാണ്. ഓരോ കഷണവും കഅ്ബയുടെ ഓരോ വശം മൂടാനുള്ളതാണ്. അഞ്ചാമതൊരു കഷണം കഅ്ബയുടെ വാതിലിൽ സ്ഥാപിക്കുന്ന വിരിയാണ്. വിവിധ ഘട്ടങ്ങളിലൂടെയാണ് കിസ്വ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. നെയ്ത്ത് രംഗത്തെ വിദഗ്ധരടക്കം 200ലധികം ജീവനക്കാർ കിസ്വയുടെ വിവിധ നിർമാണഘട്ടങ്ങളിൽ പങ്കാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.