അറഫ ഖുതുബ നടത്താൻ മസ്​ജിദുൽ ഹറാം ഇമാം ഡോ. മാഹിർ ബിൻ ഹമദ്​ അൽമു​​ഐഖ്​ലി

മക്ക: ഈ വർഷത്തെ ഹജ്ജ്​ വേളയിൽ അറഫ ഖുതുബ മസ്​ജിദുൽ ഹറാം ഇമാമും ഖത്തീബുമായ ഡോ. മാഹിർ ബിൻ ഹമദ്​ അൽമു​​ഐഖ്​ലി നടത്തും. ഇദ്ദേഹത്തെ അറഫ ഖുതുബക്ക് നിയോഗിച്ചുകൊണ്ടുള്ള രാജകീയ അംഗീകാരം വന്നതായി ഇരുഹറം പാലിപാലന ജനറൽ അതോറിറ്റി വ്യക്തമാക്കി. തീരുമാനത്തിന്​ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ഇരുഹറം ഇമാമുമാരുടെയും മുഅദ്ദിനുമാരുടെയും പേരിൽ ഇരുഹറം മതകാര്യ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ നന്ദി അറിയിച്ചു.

ഖുർആൻ മനഃപാഠമാക്കിയ ഡോ. മാഹിർ അൽമുഐഖ്​ലി പ്രാഥമിക വിദ്യാഭ്യാസത്തിന്​ ശേഷം മദീനയിലെ ടീച്ചേഴ്‌സ് കോളേജിലാണ്​ പഠിച്ചത്​. ഗണിതശാസ്ത്ര അധ്യാപകനായി ബിരുദം നേടിയ അദ്ദേഹം മക്കയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് മക്കയിലെ അമീർ അബ്​ദുൽ മജീദ് സ്കൂളിൽ വിദ്യാർഥി ഗൈഡായി. ശേഷം ഉമ്മുൽ ഖുറ യൂനിവേഴ്​സിറ്റിയിലെ ശരീഅ കോളേജിൽ നിന്ന്​ ബിരുദാനന്തര ബിരുദം നേടി. ‘തഫ്​സീർ’, ഫിഖ്​ഹ്​’എന്നിവയിൽ ഡോക്ടറേറ്റും നേടി. ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ജുഡീഷ്യൽ സ്റ്റഡീസ് ആൻഡ് സിസ്റ്റംസ്​ ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് പ്രൊഫസറായി ജോലി ചെയ്​തു. ബിരുദാനന്തര ബിരുദ പഠനത്തിനും ശാസ്ത്ര ഗവേഷണത്തിനും വേണ്ടിയുള്ള കോളേജിന്റെ വൈസ് ഡീൻ പദവി വഹിച്ചു. മക്കയിലെ അൽഅവാലിയിലെ അൽസഅ്​ദി പള്ളി ഇമാമും ഖത്തീബുമായി. 2005, 2006 വർഷങ്ങളിൽ മസ്​ജിദുന്നബവിയിൽ റമദാനി​ലെ ഇമാമായി നി​യമിക്കപ്പെട്ടു. 2007 റമദാനിൽ മസ്​ജിദുൽ ഹറാമിൽ തറാവീഹ്​, തഹജ്ജുദ് നമസ്കാരത്തിന്​ നേതൃത്വം നൽകി. ആ വർഷം മുതൽ ഔദ്യോഗിക ഇമാമായി നിയോഗിക്കപ്പെട്ടു. ഇസ്​ലാമിക ലോകത്തെ ഏറ്റവും പ്രശസ്തനായ ഖുർആൻ പാരായണക്കാരിൽ ഒരാളാണ് മനോഹരവും അതിശയകരവുമായ ശബ്ദത്താൽ വ്യത്യസ്തനായ ഡോ. അൽമുഐയ്​ഖി.

Tags:    
News Summary - Masjid Al Haram Imam Dr. Mahir Bin Hamad Al-Mu'aiqly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.