മക്ക: ജീവിതാഭിലാഷം പൂവണിഞ്ഞ ആത്മനിർവൃതിയിൽ ഹാജിമാർ മിനയോട് വിടപറഞ്ഞു. ശനിയാഴ്ച്ച ഉച്ചയ്ക്ക് മുമ്പേ ജംറയിലെ സ്തൂപത്തിലെ കല്ലേറ് കർമം നിർവഹിച്ച് അവർ യാത്ര പറഞ്ഞ് തുടങ്ങിയിരുന്നു. ഇതോടെ ആറ് നാൾ നീണ്ട, 20 ലക്ഷത്തോളം ഭക്തർ പങ്കെടുത്ത വിശ്വമഹാസംഗമത്തിന് സമാപനമായി. പരസ്പരം അശ്ലേഷിച്ചും സ്നേഹം പങ്കുവെച്ചും യാത്ര പറയുമ്പോൾ തങ്ങൾ ഒരേ നാഥന്റെ ഏകോദര സഹോദരന്മാരാണെന്ന് അവർ പ്രഖ്യാപിച്ചു.
പാപക്കറകൾ പൂർണമായും കഴുകിക്കളഞ്ഞ് നവജാത ശിശുവിനെ പോലെയാണ് ഓരോ തീർഥാടകനും മിനയോട് വിട പറയുന്നതെന്നാണ് ഇസ്ലാമിക വിശ്വാസം. വരും ജീവിതം നേരിലും നന്മയിലും ആയിരിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്താണ് ആ മടക്കം. ഭൂരിഭാഗം ഹാജിമാരും വെളിയാഴ്ച തന്നെ മിന താഴ്വാരം വിട്ടിരുന്നു. അവശേഷിച്ചവരാണ് ശനിയാഴ്ച അവസാന കല്ലേറ് കർമം നിർവഹിച്ച് മിനയിൽനിന്നും യാത്രയായത്. ഇനി കഅ്ബയുടെ അടുത്തെത്തി പ്രാർഥിച്ചു വിടവാങ്ങൽ പ്രദക്ഷിണം നടത്തി മക്കയോടും വിട ചൊല്ലും.
മലയാളികൾ ഉൾപ്പെടെ ഉള്ള ഇന്ത്യൻ തീർഥാടകർ മിനയിൽനിന്ന് അസീസിയയിലെ താമസകേന്ദ്രങ്ങളിൽ തിരിച്ചെത്തി. പഴുതടച്ച സംവിധാനങ്ങളൊരുക്കി വിജയകരമായ ഒരു ഹജ്ജ് കാലത്തിനാണ് ഇവിടെ സമാപനമാവുന്നത്. കോവിഡിന് ശേഷം ഹജ്ജിന്റെ പഴയ പ്രതാപത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയായിരുന്നു ഇത്തവണത്തേത്. യമൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് തീർഥാടകർക്ക് നേരിട്ട് എത്താനായ രാഷ്ട്രീയ സൗഹൃദ ബന്ധങ്ങൾ പുനഃസ്ഥാപിക്കപ്പെട്ട കഥകൾ കൂടി പറയുണ്ട് ഇത്തവണത്തെ ഹജ്ജ് അവസാനിക്കുമ്പോൾ. ഇത് പശ്ചിമേഷ്യയിലെ രാഷ്ട്രീയ ഉള്ളടക്കങ്ങൾക്ക് പുതിയ വാതിലുകൾ തുറന്നിടുമെന്ന പ്രാധാന്യം കൂടിയുണ്ട്.
മുൻവർഷങ്ങളേക്കാൾ കഠിനമായ ചൂടാണ് ഇത്തവണത്തെ ഹജ്ജ് ദിങ്ങളിൽ അറഫയിലും മിനയിലും അനുഭവപ്പെട്ടത്. 6,300 ഹാജിമാർ സൂര്യാഘാതമേറ്റ് ചികിത്സ തേടി എന്നാണ് കണക്ക്. സൗദിയിലെ വിവിധ ആശുപത്രി കളിൽ 2,15,000 തീർഥാടകർ ഇതുവരെ ചികിത്സ തേടിയിട്ടുണ്ട്. 65 വയസിന് മുകളിലുള്ളവർക്ക് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ലഭിച്ച അവസരമായതിനാൽ പ്രായാധിക്യമുള്ളവർ ഇത്തവണ വളരെ കൂടുതൽ എത്തിയിരുന്നു. നാല് മലയാളികൾ ഉൾപ്പെടെ 40-ഓളം ഇന്ത്യൻ തീർഥാടകർ ഹജ്ജ് ദിങ്ങളിൽ വിവിധ കാരണങ്ങളാൽ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.