മക്ക: ‘ലബ്ബൈക്’ മന്ത്രങ്ങളാൽ മുഖരിതമായ മിനായിലെ പുണ്യതാഴ്വരയിൽ തൂവെള്ള വസ്ത്രധാരികളായ തീർഥാടക ലക്ഷങ്ങൾ ഹജ്ജ് കർമങ്ങൾക്കായി ഒഴുകിയെത്തി. പുണ്യതാഴ്വരയെ ഭക്തിനിർഭരമാക്കി ഞായറാഴ്ച രാത്രി മുതൽതന്നെ തീർഥാടകർ മിനാ ലക്ഷ്യമാക്കി ഒഴുകിത്തുടങ്ങി. തിങ്കളാഴ്ച ഉച്ചയോടെ തീർഥാടകരുടെ വരവ് പൂർണമാകും.
ലോക മുസ്ലിംകളുടെ പ്രതിനിധികളായി 160ൽപരം രാജ്യങ്ങളിൽനിന്ന് തീർഥാടക ലക്ഷങ്ങൾ ഹജ്ജിൽ പങ്കെടുക്കും. ചൊവ്വാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാസംഗമം. തിങ്കളാഴ്ച രാത്രി മുതൽ അറഫയിലേക്ക് തീർഥാടകർ നീങ്ങിത്തുടങ്ങും. മിനായിൽ തീർഥാടകർക്ക് പ്രത്യേക കർമങ്ങളൊന്നും ഇല്ല.
ഹജ്ജിലെ പരമപ്രധാനമായ അറഫാസമ്മേളനത്തിന് മനസ്സും ശരീരവും പാകപ്പെടുത്തി ഒരുങ്ങുകയാണ് മിനായിൽ ഹാജിമാർ നിർവഹിക്കുന്നത്. അഞ്ചു നേരത്തെ നമസ്കാരങ്ങൾ തമ്പുകളിൽ സമയത്തു നിർവഹിക്കും. ഇനി നാലു നാൾ തീർഥാടകരുടെ താമസം മിനായിലാണ്. ഹജ്ജിന്റെ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഇടമാണ് ലോകത്തെ ഏറ്റവും വലിയ തമ്പുകളുടെ നഗരം എന്നറിയപ്പെടുന്ന മിനാ താഴ്വാരം.
ദുൽഹജ്ജ് 13 വരെ താഴ്വര ഭക്തരാൽ പ്രാർഥനാമുഖരിതമാകും. മലഞ്ചരിവിലെ പാർപ്പിടഗോപുരങ്ങളായ ആറ് ‘അബ്റാജ് മിനാ’ കെട്ടിടങ്ങളിലും കിദാന കമ്പനി ഒരുക്കിയ തമ്പുകളിലുമാണ് ആഭ്യന്തര തീർഥാടകർക്ക് താമസം ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച പ്രാർഥനകളോടെ മിനായിൽ തങ്ങുന്ന ഹാജിമാർ ചൊവ്വാഴ്ച ഉച്ചക്കു മുമ്പായി അറഫയിൽ എത്തിച്ചേരും. രോഗികളായി ആശുപത്രികളിൽ കഴിയുന്ന തീർഥാടകരെ ആംബുലൻസുകളിൽ അറഫയിൽ എത്തിക്കും. അറഫാ പ്രഭാഷണം സൗദിയിലെ മുതിർന്ന പണ്ഡിത സഭാംഗം ശൈഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് നിർവഹിക്കും.
ഇന്ത്യയിൽനിന്നുള്ള ഒന്നേ മുക്കാൽ ലക്ഷം ഹാജിമാർക്കൊപ്പം മലയാളി ഹാജിമാരും തിങ്കളാഴ്ച പുലർച്ചയോടെ മിനായിൽ എത്തി. ഇന്ത്യൻ ഹാജിമാർക്കുള്ള തമ്പുകൾ കിങ് അബ്ദുൽ അസീസ് പാലത്തിന് ഇരുവശവും ജൗഹറ റോഡിനും കിങ് ഫഹദ് റോഡിനും ഇടയിലുമാണ് ഒരുക്കിയിട്ടുള്ളത്. മിനായിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫിസും അതിനോടനുബന്ധിച്ച് മെഡിക്കൽ സെൻററും ഒരുക്കിയിട്ടുണ്ട്. കേരളത്തിൽനിന്ന് 11,252 ഹാജിമാരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.