മക്ക: മക്ക മസ്ജിദുൽ ഹറാമിൽ വെള്ളിയാഴ്ച ജുമുഅയിലും പ്രാർഥനയിലും പങ്കെടുത്തത് 1,10,000ത്തിലധികം ഇന്ത്യൻ തീർഥാടകർ. ചുട്ടുപൊള്ളുന്ന ചൂടിലാണ് ഹാജിമാർ ജുമുഅയിൽ പങ്കെടുത്ത് മടങ്ങിയത്. ചൂട് കണക്കിലെടുത്ത് ഇന്ത്യൻ ഹജ്ജ് മിഷൻ ഹാജിമാർക്ക് പ്രത്യേക നിർദേശങ്ങളും മുന്നറിയിപ്പുകളും നേരത്തെ നൽകിയിരുന്നു. പ്രായമേറിയ ഹാജിമാരോട് അടുത്തുള്ള പള്ളികളിൽ ജുമുഅ നമസ്കാരം നിർവഹിക്കാനായിരുന്നു നിർദേശം. തിരക്ക് ഒഴിവാക്കാൻ ഹാജിമാരോട് നേരത്തെതന്നെ ഹറമിൽ എത്താൻ പ്രത്യേക നിർദേശം കൊടുത്തിരുന്നു. പുലർച്ച മുതൽ ഇന്ത്യൻ ഹജ്ജ് മിഷനും വളന്റിയർമാരും ഹാജിമാരെ ഹറമിലേക്ക് എത്തിച്ചുതുടങ്ങി. രാവിലെ 10.30ഓടെ മുഴുവൻ ഇന്ത്യൻ തീർഥാടകരും ഹറമിൽ സംഗമിച്ചിരുന്നു.
ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഹജ്ജ് കോൺസൽ അബ്ദുൽ ജലീൽ എന്നിവർക്ക് കീഴിൽ മുഴുവൻ ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫിസർമാർക്കും പ്രത്യേകം ഡ്യൂട്ടി നൽകി ഫ്രൈഡേ ഓപറേഷൻ നിയന്ത്രിച്ചു. ഹാജിമാരെ ഹറമിൽ എത്തിക്കുന്നതിനും തിരിച്ചെത്തിക്കുന്നതിനും വിവിധ ഇടങ്ങളിലായി ഉദ്യോഗസ്ഥർ തമ്പടിച്ചിരുന്നു. മലയാളികളടക്കമുള്ള വിവിധ സന്നദ്ധ സേവകർ കത്തുന്ന വെയിലിൽ ഹാജിമാർക്ക് തണലായി. വനിതകൾ അടക്കമുള്ള സന്നദ്ധ വളന്റിയർമാർ പാനീയങ്ങൾ, കുട, ചെരിപ്പ് എന്നിവ ഹാജിമാർക്ക് വിതരണം ചെയ്തു. ഇന്ത്യൻ ഹജ്ജ് മിഷൻ നൽകിയ പ്രത്യേക നിർദേശമനുസരിച്ച് മഹ്ബസ് ജിന്നിലും ഖുദായ് പാർക്കിലും ബാബ് അലിക്ക് സമീപവും ക്ലോക്ക് ടവറിനു താഴെയുമായി നൂറുകണക്കിന് വളന്റിയർമാർ ഹാജിമാർക്ക് സേവനവുമായി രംഗത്തിറങ്ങിയിരുന്നു.
കേരളത്തിൽനിന്നുള്ള ഹാജിമാരും ജുമുഅയിൽ പങ്കെടുത്തു. തിരക്ക് ഒഴിവാക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി വളന്റിയർമാർ മലയാളി ഹാജിമാർക്ക് ജുമുഅക്ക് ശേഷം സാവധാനത്തിൽ ഇറങ്ങാൻ പ്രത്യേകം നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് അൽപം വൈകിയാണ് ഹാജിമാർ ജുമുഅക്ക് ശേഷം മടങ്ങിത്തുടങ്ങിയത്. ചൂട് സഹിക്കാൻ കഴിയാതെ പല ഹാജിമാരും തളർന്നു. ഡീഹൈഡ്രേഷൻ ബാധിച്ച ഹാജിമാർക്ക് പ്രാഥമിക ചികിത്സ നൽകി പ്രധാന സ്ഥലങ്ങളിൽ അതിനായി പ്രത്യേക ആരോഗ്യ പ്രവർത്തകരെ ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയിരുന്നു. വൈകീട്ട് നാലോടെയാണ് മുഴുവൻ ഹാജിമാര്‍ക്കും ഹറമിൽനിന്ന് പുറത്തുകടക്കാനായത്. ജുമുഅയിലും നമസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്ത് ഹാജിമാർ ആത്മസംതൃപ്തിയോടെയാണ് ഹറമിൽനിന്നും താമസസ്ഥലത്തേക്ക് മടങ്ങിയത്. മക്കയിൽ ശക്തമായ ചൂടാണ് ഏതാനും ദിവസങ്ങളായി തുടരുന്നത്. ഹജ്ജ് ദിനങ്ങളിലും ചൂട് തുടരാനാണ് സാധ്യത എന്ന് കാലാവസ്ഥ മുന്നറിയിപ്പുണ്ട്.
ഹജ്ജിന് ഏതാനും ദിനങ്ങൾ മാത്രം ബാക്കിയിരിക്കെ ഇന്ത്യയിൽനിന്ന് 1,03,566 തീർഥാടകർ ഇതിനകം സൗദിയിൽ എത്തിയിട്ടുണ്ട്. ഇവരിൽ 2,000ത്തോളം ഹാജിമാർ മദീന സന്ദർശനത്തിലാണ്. മദീന സന്ദർശനം പൂർത്തിയാക്കി മുഴുവൻ ഹാജിമാരും തിങ്കളാഴ്ചയോടെ മക്കയിലെത്തും. ജിദ്ദ വിമാനത്താവളം വഴി എത്തിയ തീർഥാടകരുടെ മദീന സന്ദർശനം ഹജ്ജ് കഴിഞ്ഞതിന് ശേഷമായിരിക്കും. ഇവർ മദീന വിമാനത്താവളം വഴിയാണ് നാട്ടിലേക്ക് മടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.