ജിദ്ദ: ഹറമിലെത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം കൂടിയതോടെ സംസം ജലത്തിെൻറ ഗുണനിലവാര പരിശോധനകളുടെ എണ്ണവും കൂട്ടി. ഇരുഹറം കാര്യാലയത്തിന് കീഴിലെ പ്രതിരോധ, ആരോഗ്യ ജനറൽ ഒാഫീസാണ് സംസത്തിെൻറ കൂടുതൽ സാമ്പിളുകളെടുത്ത് പരിശോധിക്കുന്നത്.
ഹറമിലെ വിവിധ സംസം വിതരണ കേന്ദ്രങ്ങളിൽനിന്ന് പ്രതിദിനം 150 സാമ്പിളുകൾ എടുത്താണ് പരിശോധനക്ക് വിധേയമാക്കുന്നത്. മൈക്രോ ബയോളജിക്കൽ, കെമിക്കൽ പരിശോധനയിലൂടെ സംസമിെൻറ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാനാണ് ഇത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഉയർന്ന അന്താരാഷ്ട്ര നിലവാരമുള്ള പ്രത്യേക ലബോറട്ടറി സംവിധാനംതന്നെ സംസം പരിശോധനക്കുണ്ടെന്ന് പ്രതിരോധ, ആരോഗ്യ സുരക്ഷ ഒാഫിസ് മേധാവി ഹസൻ അൽസുവൈഹരി പറഞ്ഞു. പുറമെ മൊബൈൽ ലബോറട്ടറിയും പരിശോധനക്കുണ്ട്. ഇതിലൂടെ സംസമിലെ ഗുണനിലവാരം സംരക്ഷിക്കുന്നതിനും ഫലങ്ങൾ നേരിട്ട് ബന്ധപ്പെട്ട വകുപ്പിന് കൈമാറുന്നതിനും സാധിക്കുന്നു.
ഹറമിലെ എല്ലാ സംസം വിതരണ സ്ഥലത്തുനിന്നും ദിവസവും പരിശോധിക്കാൻ 10 ഫീൽഡ് ടീമുകളെ നിശ്ചയിച്ചിട്ടുണ്ട്. ഇവർ ദിവസവും 150ലധികം സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. സംസം കിണർ, വെള്ളം കുടിക്കാൻ മാർബിൾകൊണ്ട് നിർമിച്ച കൗണ്ടറുകൾ, സംസം പാത്രങ്ങൾ കൂട്ടിവെക്കുന്ന സ്ഥലങ്ങൾ, സ്റ്റൈയിൻലസ് സ്റ്റീൽ ടാങ്കുകൾ, പാത്രങ്ങൾ, വെള്ളം വിതരണം ചെയ്യുന്ന ചെറിയ ബോട്ടിലുകൾ എന്നിവയിൽ നിന്നെല്ലാം സാമ്പിളുകൾ എടുക്കുന്നുണ്ട്.
സുരക്ഷിതവും സൂക്ഷ്മാണുക്കളിൽനിന്ന് മുക്തവുമാണെന്ന് ഉറപ്പുവരുത്തുന്നതിനും ഏറ്റവും മികച്ച ഗുണനിലവാരത്തോടെയും ഉയർന്ന അന്തർദേശീയ ആരോഗ്യമാനദണ്ഡങ്ങൾക്കനുസൃതമായും ഹറമിലെത്തുന്നവർക്ക് സംസം വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കാനാണിതെന്നും ഒാഫിസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.