ജിദ്ദ: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിന് സ്വദേശികളും വിദേശികളുമായ തീർഥാടക ലക്ഷങ്ങൾ വിശാലമായ അറഫ മൈതാനത്ത് ചൊവ്വാഴ്ച ഒരുമിച്ച് കൂടുമ്പോൾ ലോകം വീണ്ടുമൊരു മാനവ സാഹോദര്യ ഐക്യ മഹാസംഗമത്തിന് സാക്ഷ്യം വഹിക്കുകയാണ്. മസ്ജിദുന്നമിറയിൽ നടക്കുന്ന അറഫ പ്രസംഗത്തിനും നമസ്കാരത്തിനും സൗദി പണ്ഡിത കൗൺസിൽ മുതിർന്ന അംഗം ശൈഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദാണ് നേതൃത്വം നൽകുന്നത്. 20 ഭാഷകളിൽ ഈ പ്രഭാഷണം ലോകം കേൾക്കും. ഇതിനായി ‘മനാറാത്ത് ഹറമൈൻ പ്ലാറ്റ്ഫോം’ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള 30 കോടിയിലധികം ആളുകൾക്ക് അറഫയുടെ സന്ദേശമെത്തിക്കും.
ആഭ്യന്തര തീർഥാടകർക്കുപുറമെ വിവിധ ദേശക്കാരും ഭാഷക്കാരുമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 20 ലക്ഷത്തോളമാളുകളാണ് അറഫയിൽ സംഗമിക്കുന്നത്. 1,500 ഓളം ബസുകളിലും മശാഇർ ട്രെയിനുകളിലുമായാണ് തീർഥാടകർ അറഫയിലെത്തിക്കൊണ്ടിരിക്കുന്നത്. തീർഥാടകരെ അറഫയിലെത്തിക്കുന്ന ഷട്ടിൽ ബസ് സർവിസുകളുടെ പരീക്ഷണയോട്ടം പല ഘട്ടങ്ങളിലായി ഹജ്ജ് ഗതാഗത വിഭാഗവും ഹജ്ജ് മന്ത്രാലയവും നടത്തിയിട്ടുണ്ട്. ട്രെയിനിൽ യാത്ര ചെയ്യുന്നവർ ബോർഡിങ് പാസുകൾ കൈയിൽ കരുതിയിരിക്കണമെന്നും കാലതാമസവും തിരക്കും ഒഴിവാക്കാൻ മശാഇർ റെയിൽവേ സ്റ്റേഷനുകളിലേക്ക് തീർഥാടകരെ അയക്കുന്നതിനുള്ള ടൈംടേബിളുകൾ പാലിക്കണമെന്നും സുരക്ഷ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
പാപമോചനവും കാരുണ്യവും നരകമുക്തിയും തേടിയും ഖുർആൻ പരായണം ചെയ്തും സുര്യാസ്തമയം വരെ ഭക്തിയും ശാന്തതയും നിറഞ്ഞ അന്തരീക്ഷത്തിൽ അറഫാ മൈതാനത്ത് കഴിഞ്ഞുകൂടുന്ന തീർഥാടകർ രാത്രിയോടെ മുസ്ദലിഫയിലെത്തും. താമസത്തിന് എല്ലാവിധ സൗകര്യങ്ങളൊടെയുള്ള അഗ്നിപ്രതിരോധ തമ്പുകളാണ് അറഫയിൽ അതത് ഹജ്ജ് സേവന സ്ഥാപനങ്ങൾ തങ്ങളുടെ തീർഥാടകർക്ക് ഒരുക്കിയിരിക്കുന്നത്. മസ്ജിദുന്നമിറയിൽ കാർപറ്റുകൾ വിരിക്കുന്നതടക്കമുള്ള എല്ലാ ഒരുക്കവും മതകാര്യ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ആയിരത്തോളം ടോയ്ലറ്റുകൾ പള്ളിക്ക് കീഴിലുണ്ട്. ചരിത്രപ്രധാനമായ ജബൽ അൽറഹ്മ മലക്ക് ചുറ്റുമുള്ള പ്രദേശം വികസിപ്പിക്കുന്നതിന്റെ രണ്ടാംഘട്ടം അടുത്തിടെയാണ് പൂർത്തിയായത്. മൊത്തം രണ്ടു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വികസനം പൂർത്തിയാക്കിയത്.
ആളുകളെ ജബൽ റഹ്മയിൽനിന്ന് അടിയന്തരമായി ഒഴിപ്പിക്കുന്നതിനുള്ള അടിയന്തര ഗോവണി സ്ഥാപിക്കലും 40 ഓളം സെയിൽസ് ബൂത്തുകളും ഗവൺമെന്റ് ഏജൻസികൾക്കായുള്ള സ്ഥലമൊരുക്കലും 41 തണലിട്ട ഇരിപ്പിടങ്ങളും ബസുകൾക്ക് 31ഉം ചെറിയ വാഹനങ്ങൾക്ക് 59ഉം പാർക്കിങ് ഏരിയകളും 10,000ത്തിലധികം വിസ്തീർണമുള്ള ഹരിത പ്രദേശങ്ങളും നടപ്പാക്കിയ വികസന പദ്ധതികളിലുൾപ്പെടും. പുണ്യസ്ഥലങ്ങളിൽ നല്ലൊരു കാഴ്ചാനുഭവം തീർഥാടകർക്ക് ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വർഷം മുഴുവനും ധാരാളം സന്ദർശകരെത്തുന്ന ജബൽ അൽറഹ്മക്കുചുറ്റും കിദാന വികസന കമ്പനി അടുത്തിടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിരിക്കുന്നത്. അറഫാ ദിനത്തിൽ തീർഥാടകർക്ക് വൈദ്യസഹായം നൽകുന്നതിന് വിപുലമായ തയാറെടുപ്പുകളാണ് ആരോഗ്യ മന്ത്രാലയം പൂർത്തിയാക്കിയിരിക്കുന്നത്.
ഫീൽഡ് ആശുപത്രികൾക്കുപുറമെ ജബൽ റഹ്മ ആശുപത്രി, അറഫാത്ത് ജനറൽ ആശുപത്രി, നമിറ ആശുപത്രി, ഈസ്റ്റ് അറഫാത്ത് ആശുപത്രി എന്നിങ്ങനെ നാല് ആശുപത്രികളും അറഫയിൽ സജ്ജീകരിച്ചിട്ടുണ്ട്. 900പേരെ കിടത്തിചികിത്സിക്കാനുള്ള കിടക്കകളുമുണ്ട്. സേവനത്തിനായി 1,700ലധികം ആരോഗ്യ വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 46 ആരോഗ്യ കേന്ദ്രങ്ങളും സ്ഥലത്തുണ്ട്. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും ആധുനിക സാങ്കേതിക വിദ്യകളുമാണ് ആരോഗ്യരംഗത്ത് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ വൈദ്യുതി, വെള്ളം, ഭക്ഷണം, സുരക്ഷ തുടങ്ങിയ രംഗങ്ങളിലെല്ലാം വിപുലമായ സംവിധാനങ്ങളും സജ്ജീകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ അറഫയിൽ പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.