കരിപ്പൂരിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം മന്ത്രി വി. അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു. 

കരിപ്പൂരിൽ നിന്ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടത് പുലർച്ചെ

കരിപ്പൂർ: കരിപ്പൂരിൽനിന്ന് തീർഥാടകരുമായി പുറപ്പെട്ട ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം മക്കയിലെത്തി. കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയന്റിൽനിന്ന് ഞായറാഴ്ച പുലർച്ച 4.10ഓടെയാണ് മന്ത്രി വി. അബ്ദുറഹിമാൻ വിമാനം ഫ്ലാഗ് ഓഫ് ചെയ്തത്. പുലർച്ച 4.15ന് 10 മിനിറ്റ് നേരത്തേ 145 തീർഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടു. ഇതിൽ 69 പുരുഷന്മാരും 76 സ്ത്രീകളുമാണുണ്ടായിരുന്നത്.

സൗദിയിലെ പ്രാദേശിക സമയം രാവിലെ 7.37ന് ഈ വിമാനം ജിദ്ദയിലെത്തി. ഷാർജയിൽനിന്നാണ് ഈ വിമാനം ഞായറാഴ്ച പുലർച്ച 2.30ഓടെ തീർഥാടകരെ കൊണ്ടുപോകാനായി കരിപ്പൂരിലെത്തിയത്. കരിപ്പൂരിൽനിന്ന് ആദ്യ ഹജ്ജ് വിമാനം പറന്നതോടെ ഇല്ലാതായത് മൂന്നു വർഷത്തെ അനിശ്ചിതത്വവും വിവാദങ്ങളുമാണ്. കോവിഡ് നിയന്ത്രണവും വലിയ വിമാന നിരോധനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു വർഷവും ഇവിടെനിന്ന് വിമാനമുണ്ടായിരുന്നില്ല.

ഫ്ലാഗ് ഓഫ് ചടങ്ങിൽ എം.പിമാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, ടി.വി. ഇബ്രാഹിം എം.എൽ.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, അഡ്വ. പി. മൊയ്തീൻകുട്ടി, മുഹമ്മദ് ഖാസിം കോയ, ഡോ. ഐ.പി. അബ്ദുല്‍ സലാം, സഫർ കയാൽ, പി.ടി. അക്ബർ, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി സി.ഇ.ഒ ഷാരീഖ് ആലം, എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടിവ് ഓഫിസർ പി.എം. ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു. 

Tags:    
News Summary - The first Hajj flight took off from Karipur in the morning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.