ജിദ്ദ: ആഭ്യന്തര തീർഥാടകർക്ക് ഹജ്ജിന് നിശ്ചയിച്ച ഫീസിന്റെ രണ്ടാം ഗഡു കൃത്യസമയത്ത് അടക്കുന്നതിലെ കാലതാമസം വരുത്തിയവുടെ ബുക്കിങ് റദ്ദാക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. രണ്ടാം ഗഡു നൽകാനുള്ള സമയപരിധി അവസാനിച്ചിട്ടുണ്ട്. ബുക്കിങ്ങിനുള്ള പണമടക്കൽ ‘സദാദ്’ സംവിധാനത്തിലൂടെ മാത്രമാണ്. മൂന്നാമത്തെ അടവിനുള്ള സമയപരിധി മെയ് ഒന്ന് (ശവ്വാൽ പത്തിന് മുമ്പ്) ആണെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.
രണ്ടാമത്തെ അടവ് നൽകാത്തതിനാൽ ബുക്കിങ് റദ്ദാക്കിയാൽ സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് ഹജ്ജിന് വീണ്ടും ബുക്ക് ചെയ്യാവുന്നതാണ്. ഓരോ പാക്കേജിലും ലഭ്യമായ സീറ്റുകൾക്കനുസൃതമായി പാക്കേജുകൾ കാണാം. സാധുവായ ദേശീയ ഐഡൻറിയോ ഇഖാമയോ ഉള്ളവർക്ക് മാത്രമേ ഹജ്ജ് ബുക്കിങ് നടത്താൻ കഴിയൂ. ഹജ്ജ് പാക്കേജ് ഫീസ് അടവും ബുക്കിങും പൂർത്തിയാക്കിയാൽ ആഭ്യന്തര മന്ത്രാലയം ശവ്വാൽ 15 (മെയ് അഞ്ച്) മുതൽ പെർമിറ്റ് നൽകി തുടങ്ങും. ഇഷ്യൂ ചെയ്ത പെർമിറ്റ് നമ്പർ സഹിതം അപേക്ഷന് സന്ദേശം അയക്കും. അപേക്ഷകന് ‘അബ്ഷിർ’ പ്ലാറ്റ്‌ഫോം വഴി ഹജ്ജ് പെർമിറ്റ് പ്രിന്‍റ് ചെയ്യാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ആരെങ്കിലും തങ്ങളുടെ ബുക്കിങ് റദ്ദാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് ആഭ്യന്തര തീർഥാടകർക്കുള്ള ഇലക്‌ട്രോണിക് സൈറ്റിന്റെ ഹോം പേജിൽ ബുക്കിങ് റദ്ദാക്കൽ, കാശ് മടക്കി കിട്ടാനുള്ള രീതി എന്നിവ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും കാണാമെന്നും വേണ്ട രീതികൾ തെരഞ്ഞെടുക്കാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.