ചെറുപ്പകാലം തൊട്ടെ പറഞ്ഞുകേട്ടും ചൊല്ലിപ്പഠിച്ചും ആഗ്രഹിച്ചു നടക്കുന്നതാണ് ജീവിതത്തിലൊരിക്കലെങ്കിലുമുള്ള ഹജ്ജ്. ഇബ്രാഹീം നബിയുടെ ത്യാഗോജ്ജ്വലമായ ഓര്‍മ്മകള്‍ പൂക്കുന്ന മണ്ണില്‍, പ്രവാചകര്‍ മുഹമ്മദ് നബിയുടെ ഇതിഹാസ ജീവിതം വിരിഞ്ഞ സ്വപ്‌നദേശത്ത് ദിവ്യപ്രീതി മാത്രം കാംക്ഷിച്ച് ഒരു സാധാരണ അടിമയായി ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുകയെന്നത് ഓരോ വിശ്വാസിയും മനസ്സില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നമാണ്. 2023ല്‍ ഈ വിനീതനും ദൈവാനുഗ്രഹത്താല്‍ കുടുംബത്തോടൊപ്പം ഹജ്ജ് നിർവഹിക്കാനുള്ള ഭാഗ്യമുണ്ടായി.
ത്യാഗങ്ങളുടെയും കാഠിന്യങ്ങളുടെയും യാത്രയാണ് ഹജ്ജ്. ഒരു വിശ്വാസി എല്ലാ ഭൗതിക ജീവിത സാഹചര്യങ്ങളില്‍നിന്നും വിടചൊല്ലി, ദൈവത്തിലേക്ക് മാത്രമായി മുഖം തിരിക്കുകയാണ് ഹജ്ജിലൂടെ. ദൈവത്തെ കണ്ടുമുട്ടാന്‍ പോവുന്ന അടിമ, തന്റെ ബാധ്യതകളും കടമകളും നിറവേറ്റി ജീവിതത്തില്‍ സംഭവിച്ചുപോയ തെറ്റുകള്‍ക്കും കുറവുകള്‍ക്കും പൊറുക്കല്‍ തേടി, നാട്ടുകാരോടും വീട്ടുകാരോടും ബന്ധുക്കളോടും യാത്ര ചോദിച്ച് സംശുദ്ധമായ അവസ്ഥയില്‍ ദൈവത്തിലേക്ക് തീര്‍ത്ഥാടനം ചെയ്യുമ്പോള്‍ ദൈവം അവനിലേക്കും ഓടിയെത്തുന്നു. സ്വീകരിക്കപ്പെട്ട ഹജ്ജ് കഴിഞ്ഞെത്തുന്ന വ്യക്തി ഒരു പ്രസവിക്കപ്പെട്ട കുഞ്ഞിന്റെ സംശുദ്ധാവസ്ഥിയിലായിരിക്കുമെന്ന് മഹാത്മാക്കള്‍ പറഞ്ഞുവെച്ചതും അതുകൊണ്ടായിരിക്കണം.
അതുകൊണ്ടു തന്നെ ആദ്യ കാലങ്ങളിലെ ഹജ്ജ് അക്ഷരാര്‍ത്ഥത്തില്‍ ത്യാഗം തന്നെയായിരുന്നു. ജീവിതത്തിന്റെ ഒരു അവസാന സന്ധിയിലായിരിക്കും മിക്കവാറും ആളുകള്‍ ഹജ്ജിന് പുറപ്പെടുക. കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ വലിയ ദുഃഖവും വേദനകളും അനുഭവപ്പെടും. അക്കാലത്ത് നാലഞ്ചു മാസങ്ങള്‍ക്കു മുമ്പെങ്കിലും ഹജ്ജിന് പുറപ്പെടണം. ആറുമാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളൊക്കെ കൈയില്‍ കരുതണം. ഉണക്ക മത്സ്യങ്ങളും ചട്ടിനിക്കും മറ്റുമുള്ള കാര്യങ്ങളൊക്കെ കരുതിയുള്ള പുറപ്പാടായിരിക്കുമത്. അതും യാത്രകള്‍ മിക്കവാറും കപ്പലിലായിരിക്കും. കപ്പല്‍ കയറാന്‍ വേണ്ടി ബോംബെയില്‍ എത്തിപ്പെടലും വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ബോംബെയില്‍ എത്തിയാല്‍ തന്നെ കപ്പലിന് വേണ്ടിയും ചിലപ്പോള്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കും. ബോംബെയില്‍ എത്തിപ്പെടുന്നവര്‍ക്ക് താമസിക്കാനായി മുസാഫിര്‍ ഖാനകള്‍ ഉണ്ടായിരുന്നു. ബോംബെയില്‍നിന്ന് വിമാനത്തില്‍ പോവുന്നവരാണെങ്കിലും ചിലപ്പോള്‍ പാസ്സ്‌പോര്‍ട്ടും മറ്റു രേഖകളും ശരിയാക്കാനും ഈ കാത്തിരിപ്പുകള്‍ വേണ്ടിവരും. പലരും ആ പുണ്യ ഭൂമിയില്‍ തന്നെ നാഥനിലേക്ക് യാത്രയാവട്ടെ എന്ന ആഗ്രഹത്തോടെയായിരിക്കും ഇറങ്ങിത്തിരിക്കുക.
പക്ഷേ ഇന്ന് കാര്യങ്ങളൊക്കെ എളുപ്പമായില്ലേ. ഹജ്ജെന്ന് പറയുമ്പോള്‍ ആറു ദിവസത്തെ ചടങ്ങാണല്ലോ. മിനയും അറഫയും മുസ്ദലിഫയും ജംറകളിലെ കല്ലേറുമാണല്ലോ പ്രധാനം. ഹജ്ജിന് പോവാനുള്ള ഒരു അനുഗ്രഹമുണ്ടാവണമെങ്കില്‍ അതിന് ഇബ്രാഹീം നബിയുടെ ഒരു വിളിയുണ്ടാവുക തന്നെ വേണമെന്നാണ് അനുഭവം. ദീര്‍ഘകാലമായി സൗദിയുമായി അതിര്‍ത്തി പങ്കിടുന്ന ഖത്തര്‍, ദുബൈ രാജ്യങ്ങളില്‍ താമസിക്കുന്ന എനിക്ക് ഉംറകള്‍ക്ക് അവസരം ലഭിച്ചെങ്കിലും ഹജ്ജിന് പോവാൻ സാധിച്ചിരുന്നില്ല. പലപ്പോഴും ഹജ്ജിന് പോവാന് ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അന്നൊന്നും സാധിച്ചിരുന്നില്ല. മനസ്സൊരുങ്ങിയുള്ള ഒരു ഉള്‍വിളിയും പുറപ്പാടും അതിന്റെ യഥാർഥ സമയത്തു മാത്രമേ സംഭവിക്കൂ.
ഹജ്ജ് വല്ലാത്തൊരു അനുഭവമാണ്. ഹജ്ജിനുള്ള നിയ്യത്ത് വെക്കുന്ന ഘട്ടത്തില്‍ തന്നെ, സമൂഹം തന്നെയും നമ്മെ മറ്റൊരു ബഹുമാന തലത്തില്‍ കാണാന്‍ തുടങ്ങും. കുടുംബങ്ങളും സുഹൃത്തുക്കളും മറ്റു വേണ്ടപ്പെട്ടവരുമൊക്കെ അക്കാലമത്രയും ഇടപഴകയിതല്ലാത്ത മറ്റൊരു രീതിയില്‍ നമ്മളെ ആദരിക്കാനും പെരുമറാനും തുടങ്ങും. ഇത് നമ്മെ ശരിക്കുമൊരു ദൈവാതിഥികളുടെ മാനസികാവസ്ഥയിലേക്ക് ഉയര്‍ത്തുമെന്ന് വേണം പറയാന്‍.
ഹജ്ജിനു പോവുന്നതിന് മുമ്പ് യാത്രയയപ്പുകളുടെ ഒരുനിര തന്നെയുണ്ടായിരുന്നു. അതൊരു വലിയ അനുഗ്രഹം കൂടിയായിരുന്നു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കടന്നു പോയവരോടൊപ്പം വീണ്ടും സമയം ചിലവഴിക്കാനും പരസ്പരം പൊറുക്കാനും പറയാനുമുള്ള അവസരങ്ങളായി അത്. ഹജ്ജ് സംഭവിച്ചില്ലായിരുന്നെങ്കില്‍ അവരോടൊക്കെ ഇങ്ങനെ പറയാന്‍ മറ്റൊരവസരം ലഭിക്കുമായിരുന്നില്ല.
ആദ്യ യാത്രയയപ്പ് നല്‍കിയത് ഖത്തറിലെ മത്തിപ്പറമ്പിലെ ഞങ്ങളുടെ എം.ഇ.എ മഹല്ല് കമ്മിറ്റിയായിരുന്നു. വളരെ സന്തോഷകരമായ ഒരു അവസ്ഥയായിരുന്നു ഖത്തറില്‍ വെച്ചുണ്ടായത്. നാട്ടിലെ ചെറുപ്പക്കാരും മുതിര്‍ന്നവരുമായ എല്ലാവരും പങ്കെടുത്തിരുന്നു ചടങ്ങില്‍. പലരുടെയും സംസാരങ്ങള്‍ ഹൃദയത്തില്‍ തട്ടുന്നതായിരുന്നു. എന്‍.എ.എം കോളേജ് അങ്കണത്തില്‍ വെച്ച് നടന്ന യാത്രയപ്പും, എസ്.വൈ.എസ് പാനൂര്‍ മേഖല യാത്രയയപ്പും, പെരിങ്ങത്തൂര്‍ മഹല്ല് കമ്മിറ്റിയുടെ യാത്രയപ്പ് ചടങ്ങുമൊക്കെ വികാരഭരിതവും അവിസ്മരണീവുമായിരുന്നു. പലപ്പോഴും യാത്രയയപ്പ് ചടങ്ങുകളില്‍നിന്ന് മാറി നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പലതും ഒഴിവാക്കാന്‍ സാധിക്കാതെ വന്നു. ചടങ്ങുകള്‍ക്കൊക്കെ പോവുമ്പോഴും സഹധര്‍മ്മണി സീനക്കാണെങ്കില്‍ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ഏറ്റവും സ്വീകാര്യമായ രീതിയില്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കണേയെന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ ആശങ്കയും ഉള്ളിലുണ്ടായിരുന്നു.
എന്റെ പ്രധാന കര്‍മ്മ മണ്ഡലമായ പെരിങ്ങത്തൂരില്‍ നാട്ടുകാര്‍ തന്ന യാത്രയയപ്പും അവിസ്മരണമീയമായിരുന്നു. പഴയകാല നേതാക്കളൊക്കെ പങ്കെടുത്ത യാത്രയയപ്പ് ഒരു നാടൊന്നാകെ ഹജ്ജിനു പുറപ്പെടുന്ന പ്രതീതിയുണ്ടാക്കി. ഇതൊക്കെ എന്റെയുള്ളില്‍ ടെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു. ഇത്ര മഹത്തായൊരു കാര്യത്തിനാണല്ലോ പുറപ്പെടുന്നതെന്ന സ്വാഭാവിക ആശങ്കകളായിരുന്നു അത്. ആ സമയത്താണ് മൊകേരിയിലെ മുത്തപ്പന്‍ മട ക്ഷേത്ര കമ്മിറ്റിയുടെ പേരിലും ഒരു ഫ്ലക്‌സ് ഉയരുന്നത്, ഹജ്ജിന് പോകുന്ന ആബിദ്ക്കാക്കും കുടുംബത്തിനും സ്‌നേഹാശംസകള്‍. കേരള സ്‌റ്റോറിയെന്ന സിനിമയൊക്കെ ഇറങ്ങിയ സമയമായിരുന്നു അത്. അപ്പോള്‍ യഥാർഥ കേരള സ്‌റ്റോറി ഈ സ്‌നേഹബന്ധമാണെന്ന രീതിയില്‍ എഴുത്തുകളൊക്കെ സമൂഹ മാധ്യമങ്ങളില്‍ വന്നു.
ഹജ്ജിന്റെ ദിനങ്ങള്‍ അടുത്തുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വല്ലാത്ത ഒരു വെപ്രാളവും ഉത്കണഠയും നിറയും. മക്കയിൽ സഹായങ്ങളും പിന്തുണയും നല്‍കിയ ധാരളമാളുകളെ അവിടെ ഓര്‍ക്കാനുണ്ട്. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഹജ്ജിനെത്തിയിരുന്നു. കര്‍മ്മവേളകളില്‍ ആളുകള്‍ പരസ്പരം കാണിക്കുന്ന സഹകരണവും എടുത്തു പറയേണ്ടതു തന്നെയാണ്. ഭക്ഷണത്തിനായാലും മറ്റു കാര്യങ്ങള്‍ക്കായാലും എല്ലാവരും വലിയ ഐക്യത്തോടെ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും കഴിയും. മദീനയിലെ സുഹൃത്തുക്കള്‍ വീട്ടില്‍നിന്ന് ഭക്ഷണം പാചകം ചെയ്തായിരുന്നു വന്നിരുന്നത്.
30 ലക്ഷത്തില്‍ പരമാളുകള്‍ പങ്കെടുത്ത ഹജ്ജായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. എത്ര സൗകര്യം കൂടിയ കാലത്താണെങ്കിലും ഹജ്ജിന്റെ അനിവാര്യമായ ത്യാഗങ്ങളും പരീക്ഷണങ്ങളും എല്ലാ കാലത്തും നിലനില്‍ക്കുമെന്ന് തോന്നാറുണ്ട്. അത്തരം മാനസികാസ്ഥകളിലൂടെ ദൈവം നമ്മെ കൊണ്ടു പോവുകയും ചെയ്യും. തെറ്റുകള്‍ക്കും അധര്‍മ്മകള്‍ക്കുമിടയില്‍ ജീവിക്കുന്ന മനുഷ്യനെ മാറ്റത്തിന്റെയും പുതിയ ദിശയിലേക്ക് നയിക്കുന്നതാണ് ഹജ്ജിന്റെ കര്‍മ്മങ്ങളും അനുഭവങ്ങളും. ഒരു നിര്‍ബന്ധ ബാധ്യത നിർവഹിക്കാനായതിന്റെ സംതൃപ്തി എന്നതിലുപരി തെറ്റുകളും കുറ്റങ്ങളും പരമകാരുണികനോട് ഏറ്റുപറഞ്ഞ്, പാപപങ്കിലായ പഴയ ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്കില്ലെന്ന ഉറച്ച തീരുമാനത്തിലൂടെ ഒരു വിശ്വാസിയെ ഉമ്മ പെറ്റ കുഞ്ഞിന്റെ നിഷ്‌കളങ്കതയിലേക്ക് ഹജ്ജ് കൊണ്ടെത്തിക്കുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.