കരിപ്പൂർ: ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന വനിത വിഭാഗത്തിലുള്ള (ലേഡീസ് വിത്തൗട്ട് മഹ്റം കാറ്റഗറി) ഹജ്ജ് തീർഥാടകർക്ക് മാത്രമായുള്ള ആദ്യ വിമാനത്തിന് കരിപ്പൂരിൽ ഫ്ലാഗ് ഓഫ്. വൈകീട്ട് 6.35ന് 145 തീർഥാടകരുമായാണ് വിമാനം പുറപ്പെട്ടത്. 145 വനിത തീർഥാടകർക്ക് പുറമെ പൈലറ്റും വിമാനത്തിലെ ഇതര ജീവനക്കാരും ഡെസ് പാച്ച്, ഫ്ലൈറ്റ് ഓപറേഷൻ, ലോഡിങ്, ക്ലീനിങ്, എൻജിനീയറിങ്, ഗ്രൗണ്ട് സർവിസ് തുടങ്ങിയ എല്ലാ തലങ്ങളിലെ പ്രവർത്തനങ്ങളും നിർവഹിച്ചത് വനിതകളായിരുന്നു.
വിമാനത്തിന്റെ പ്രതീകാത്മക ഫ്ലാഗ് ഓഫ് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർള നിർവഹിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തായിരുന്നു ചടങ്ങ്. വനിത തീർഥാടകർക്കുള്ള ബോർഡിങ് പാസ് വിതരണം സംഘത്തിലെ ഏറ്റവും പ്രായം കൂടിയ തീർഥാടക കോഴിക്കോട് കാർത്തികപ്പള്ളി സ്വദേശി സുലൈഖക്ക് (76 വയസ്സ്) നൽകി മന്ത്രി നിർവഹിച്ചു.
എം.പി. അബ്ദുസ്സമദ് സമദാനി, ടി.വി. ഇബ്രാഹീം എം.എൽ.എ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, കരിപ്പൂർ എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് എന്നിവർ സംസാരിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ മുഹമ്മദ് യാകൂബ് ശേഖ സ്വാഗതം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കെ.എം. മുഹമ്മദ് ഖാസിം കോയ, അഡ്വ. പി. മൊയ്തീൻ കുട്ടി, ഡോ. ഐ.പി. അബ്ദുൽ സലാം, പി.ടി. അക്ബർ, എക്സിക്യൂട്ടിവ് ഓഫിസർ പി.എം. ഹമീദ്, നഗരസഭ ചെയർപേഴ്സൻ സി.ടി. ഫാത്തിമത്ത് സുഹറ, എയർ ഇന്ത്യ സ്റ്റേഷൻ മാനേജർ സുജിത്ത് ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.
കരിപ്പൂർ: കരിപ്പൂർ വഴി പുറപ്പെടുന്ന വനിത തീർഥാടകർക്കു മാത്രമായി തിങ്കളാഴ്ച വരെ 11 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. 11 വിമാനങ്ങളിലായി ലേഡീസ് വിത്തൗട്ട് മഹ്റം കാറ്റഗറിയിൽപെട്ട 1595 തീർഥാടകരാണ് പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുക. ശേഷിക്കുന്നവർ മറ്റു വിമാനങ്ങളിൽ യാത്രയാവും. കണ്ണൂരിൽനിന്ന് മൂന്ന് വിമാനങ്ങളിൽ സ്ത്രീകൾ മാത്രമാ കും പുറപ്പെടുക. കൊച്ചിയിൽനിന്ന് ജൂൺ 10നാണ് വനിത വിമാനം പുറപ്പെടുക.
2733 പേരാണ് ഈ വർഷം ലേഡീസ് വിത്തൗട്ട് മെഹ്റം കാറ്റഗറിയിലൂടെ പുറപ്പെടുന്നത്. ഇതിൽ 1718 പേർ കരിപ്പൂർ വഴിയും, 563 പേർ കൊച്ചി, 452 പേർ കണ്ണൂർ എംബാർക്കേഷൻ പോയന്റുകൾ വഴിയുമാണ് പുറപ്പെടുക.
ലേഡീസ് വിത്തൗട്ട് മഹ്റം കാറ്റഗറിയിലെ അപേക്ഷകർക്ക് ഇത്തവണയും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം നൽകുകയായിരുന്നു. 6831 സ്ത്രീകൾക്കാണ് ഇതുവരെ അവസരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.