ദമ്മാം: മഗ്രിബ് ബാങ്ക് കേട്ട് ഭൂമിയിലുള്ള വിശ്വാസികളെല്ലാം നോമ്പ് തുറക്കുമ്പോഴും ആകാശത്ത് മേഘങ്ങൾക്കിടയിലൂടെ പറന്ന് പറന്ന് ഒരു ചീള് ഇൗത്തപ്പഴം കൊണ്ട് നോമ്പ് തുറക്കാൻ സൂര്യെൻറ അവസാനത്തെ രശ്മിയും മറഞ്ഞ് പോകുന്നതും കാത്തിരിക്കുന്ന ചിലരുണ്ട്.
വിമാനത്തിലെ യാത്രക്കാരും ജോലിക്കാരുമാണവർ. അത്തരത്തിൽ കഴിഞ്ഞ 20 വർഷമായി മിക്കപ്പോഴും ആകാശത്ത് നോമ്പുതുറന്ന ഒരാളാണ് ദമ്മാമിലുള്ള മലപ്പുറം ഐക്കരപ്പടി പള്ളിപ്പുറം സ്വദേശി നജ്മുസ്സമാൻ. ദേശീയ എണ്ണ കമ്പനി സൗദി അരാംകോയുടെ വിമാനത്തിലെ കാബിൻ ക്രൂവാണ് ഇദ്ദേഹം.
യാത്ര പോകുന്ന സ്ഥലത്തിെൻറ സമയക്രമമനുസരിച്ച് പലപ്പോഴും ഭൂമിയിലുള്ളവരേക്കാൾ തങ്ങൾക്ക് അധികനേരം നോമ്പുതുറക്കാൻ കാത്തുനിൽക്കേണ്ടി വരാറുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ഭൂമിയിൽ ആളുകൾ ബാങ്ക് കേട്ട് നോമ്പു തുറക്കുമ്പോൾ പൈലറ്റിെൻറ അനൗൺസ്മെന്റ് കേട്ടാണ് വിമാനത്തിലുള്ളവർ നോമ്പു തുറക്കുക. ദമ്മാമിൽനിന്ന് ജിദ്ദയിലേക്ക് പോകുമ്പോൾ പലപ്പോഴും ഒരു മണിക്കൂറിലേറെ നോമ്പു തുറക്കാൻ കാത്തുനിൽക്കേണ്ടി വരാറുണ്ട്.
ദമ്മാമിൽ 5.45ന് ബാങ്ക് വിളിക്കുമെങ്കിലും 5.30ന് ജിദ്ദയിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ 6.30 ആയാലും നോമ്പ് തുറക്കാൻ സാധിക്കില്ല. അപ്പോഴും സൂര്യൻ എരിഞ്ഞ് നിൽക്കുന്നുണ്ടാവും. ചിലപ്പോൾ സമയമായാലും പൈലറ്റ് പറയും, തനിക്കിപ്പോഴും സൂര്യനെ കാണാൻ കഴിയുന്നുണ്ട്. അസ്തമിക്കുന്നതുവരെ കാത്തിരിക്കാൻ.
കാബിൻ ക്രൂ സൂപ്പർവൈസർ ആയതിനാൽ നോമ്പുകാലത്തെ ജോലിക്ക് പ്രത്യേക ഉത്സാഹമാണ്. വിമാനത്തിലുള്ളവർക്കെല്ലാം നോമ്പുതുറ വിഭവങ്ങൾ നൽകി കാത്തിരിക്കും, പൈലറ്റിെൻറ അറിയിപ്പ് വരാൻ. സൗദിയിലെ വിമാനങ്ങളിൽ ഏതാണ്ട് എല്ലാവർക്കും നോമ്പുണ്ടാകും.
നോമ്പുകാലത്ത് യാത്രക്കാർ കൂടുതൽ സൗമ്യരാകും. അവർ എന്താവശ്യപ്പെട്ടാലും ഒരു പരിഭവും പറയാതെ എത്തിച്ച് നൽകും. യാത്രക്കാർ അവർ കൈയിൽ കരുതിയിരിക്കുന്ന ഭക്ഷണവിഭവങ്ങൾ ക്രൂവിനും സമ്മാനിക്കും. ജോലിയുടെ നിയമപ്രകാരം അത് വാങ്ങാൻ പാടില്ല.
സ്നേഹപൂർവം അത് നിരസിക്കുകയോ കഴിക്കുമ്പോൾ അടുത്ത് നിൽക്കുകയോ ചെയ്യും. നോമ്പിന് പ്രത്യേക പാനീയങ്ങളും വിഭവങ്ങളുമാണ് വിമാനത്തിൽ തയാറാക്കുക. രണ്ടു പൈലറ്റുമാരിൽ ഒരാൾ നോമ്പുകാരനാകാതിരിക്കണമെന്നത് നിയമമാണ്.
അതുപോലെ കാബിൻ ക്രൂവിലെ ചിലർക്കും നോമ്പുണ്ടാവില്ല. എങ്കിലും അവരെല്ലാം വ്രതമാസത്തെ ബഹുമാനിച്ച് അതിെൻറ ഭവ്യതയോടെയാണ് പെരുമാറുക. യാത്രക്കാരെല്ലാം നോമ്പുതുറന്നുവെന്ന് ഉറപ്പാക്കിയിട്ടാണ് ജീവനക്കാർ ഭക്ഷണം കഴിക്കുക. വയറുനിറച്ച് ഭക്ഷിക്കുന്ന രീതിയല്ല വിമാനത്തിലേത്. അതുകൊണ്ട് തന്നെ ക്ഷീണമില്ലാതെ ജോലിചെയ്യാൻ പറ്റും.
ബാവ കുളങ്ങരത്തൊടിയുടേയും ഫാത്തിമ കൊല്ലോളിയുടേയും 10 മക്കളിൽ ആറാമനായ നജ്മുസ്സമാൻ 21ാമത്തെ വയസ്സിൽ പ്രവാസിയായതാണ്. ജിദ്ദയിലെ യുനൈറ്റഡ് എയർ ക്രാഫ്റ്റിൽ സാധാരണ ജോലിക്കാരനായി കയറിയ നജ്മുസ്സമാൻ സ്വന്തം പ്രയത്നം കൊണ്ടാണ് ആകാശപേടകത്തിലെ പരിചാരകരിൽ പ്രധാനിയായി ഉയർന്നത്.
പ്രവാസിയായിരിക്കുേമ്പാൾ തന്നെയാണ് കാബിൻ ക്രൂ ആകുന്നതിനുള്ള വിവിധ കോഴ്സുകൾ പഠിച്ചതും പരിശീലനം നേടിയതും. തുടർന്ന് അരാംകോയുടെ ഇൻറർവ്യൂവിൽ പങ്കെടുത്ത് വിജയിച്ച് അവരുടെ വിമാനത്തിലെ ജോലിക്കാരനായി. എഴുത്തുകാരനും മതപണ്ഡിതനുമായിരുന്ന എളാപ്പ എം.വി. മുഹമ്മദ് സലീമിെൻറ പിന്തുണയാണ് ജീവിതത്തിലെ പ്രതിസന്ധികളെ മറികടന്ന് വിജയങ്ങൾ എത്തിപ്പിടിക്കാൻ തന്നെ പ്രാപ്തനാക്കിയതെന്ന് നജ്മുസ്സമാൻ പറയുന്നു.
ക്രിക്കറ്റും ചാരിറ്റിയും സമന്വയിച്ച് ദമ്മാമിൽ തുടക്കം കുറിച്ച മലപ്പുറം പ്രീമിയർ ലീഗിെൻറ സംഘാടകരിൽ പ്രധാനിയായി അഞ്ചു വർഷമായി നേതൃസ്ഥാനത്തുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റായ ഭാര്യ ഫെബിനയും പ്ലസ്ടു വിദ്യാർഥിനിയായ സൻഹ സമാനും ഒന്നാം ക്ലാസ് വിദ്യാർഥിയായ അയിദിൻ സമാനും നജ്മുസ്സമാനോടൊപ്പം ദമ്മാമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.