മുസ്ലിം സഹോദരങ്ങളുടെ കാരുണ്യവും സ്നേഹവും ആദരവും ഞാൻ അനുഭവിച്ചറിഞ്ഞത് റമദാന്റെ അനുഷ്ഠാനങ്ങളിലൂടെയാണ്. എല്ലാവരെയും വിളിച്ച് ആശ്ലേഷിച്ച് വിരുന്ന് കൊടുക്കലാണ് ഇഫ്താർ. അതിനു പിന്നിൽ നിൽക്കുന്നത് നോമ്പാണ്. നോമ്പിന്റെ അർഥം ആത്മപരിത്യാഗമാണ്. ആ ത്യാഗത്തിൽ നിന്നുണ്ടാകുന്ന വിരുന്നാണത്. ഈ കാഴ്ചപ്പാടാണ് ഇഫ്താറിന്റെ അനന്യതയായി ഞാൻ കാണുന്നത്.
എന്റെ കാര്യത്തേക്കാൾ പ്രധാനം നിന്റെ കാര്യമാണ് എന്ന താൽപര്യമാണ് മനുഷ്യന് ഔന്നത്യം നൽകുന്നത്. എനിക്ക് വിശക്കുമ്പോൾ എന്റെ മുന്നിലിരിക്കുന്ന ആഹാരം മറ്റൊരുവന് വേണ്ടി നീക്കിവെച്ചുകൊടുക്കുമ്പോൾ എന്നിൽ എന്തോ ഒരു മഹത്ത്വബോധം ഉണ്ടാകുന്നുണ്ട്. എന്നേക്കാൾ ശ്രേഷ്ഠമായത് എന്നിൽ ഞാൻ കണ്ടെത്തുന്നു എന്ന ദർശനമാണ് നോമ്പിന്റെയും മനുഷ്യനെ ഊട്ടുന്ന ഇഫ്താറിന്റെയും പിന്നിലുള്ളത്.
മനുഷ്യന്റെ മുഖത്താണ് ദൈവം പ്രത്യക്ഷപ്പെടുന്നത് എന്ന് വിശ്വസിക്കുന്നവരുണ്ട്. ഭിക്ഷുക്കൾ നമ്മോട് ചോദിക്കുന്നത് പത്ത് രൂപ തരണമെന്നോ അമ്പത് പൈസ തരണമെന്നോ എന്നല്ല. അവർ ചോദിക്കുന്നത് ധർമമാണ്. മറ്റുള്ളവന്റെ മുഖം എന്നോട് ധർമം ചോദിക്കുന്നു. അവനോട് നീതിയും കാരുണ്യവും ദയയും കാണിക്കുക എന്ന ഉത്തരവാദിത്തമാണ് മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെ അന്തസ്സത്ത. എല്ലാവരും സ്വാതന്ത്ര്യം വേണമെന്ന് പറയുന്നു.
സ്വാതന്ത്ര്യം ഉത്തരവാദിത്തമാണ് എന്ന് തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ ആത്മീയത, അതാണ് മതാത്മകത.
എല്ലാ മതവും മറ്റു മനുഷ്യരെ സ്നേഹിക്കാനാണ് പഠിപ്പിക്കുന്നത്. അതുകൊണ്ട് ഇക്കാലത്തെ ഇഫ്താർ വിരുന്നുകൾക്ക് ഏറെ പ്രസക്തിയും പ്രത്യേകതയുമുണ്ട്. അറിഞ്ഞോ അറിയാതെയോ നമ്മുടെ സമൂഹത്തിൽ വെറുപ്പും വിദ്വേഷവും പടരുകയാണ്. അതൊരു വസന്തയാണ്.
ആ വസന്ത നമ്മെ കൊല്ലും എന്ന ബോധം ഉണ്ടാകുമ്പോഴാണ് ഒരു അടിയന്തരാവസ്ഥ നമുക്ക് മുന്നിൽ വേണ്ടത്.
ആരെയും വെറുക്കാതിരിക്കാൻ, വെറുക്കുന്നവരുടെ കൂടെ നിൽക്കാതിരിക്കാനുമുള്ള കാഴ്ചപ്പാടും ജാഗ്രതയുമാണ് നമുക്ക് ഉണ്ടാകേണ്ടത്. ഈ ജാഗ്രതയാകട്ടെ റമദാന്റെ പ്രസക്തി എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
അങ്ങനെ അർഥപൂർണമായി ജീവിച്ചുകൊണ്ട് സാഹോദര്യത്തിന്റെയും പരസ്പര ധാരണയുടെയും അന്തരീക്ഷം കേരളത്തിലും കാലത്തിലും ഉടനീളം നിലനിൽക്കട്ടെ എന്ന പ്രാർഥനയാണ് എനിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.