കാൽ നൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞു ഖത്തറിലെ പ്രവാസം. ഇതിനിടെ രണ്ടോ മൂന്നോ റമദാൻ മാത്രമാണ് നാട്ടിൽ കൂടിയിട്ടുള്ളത്. പ്രവാസം തുടങ്ങിയത് അറബി വീട്ടിലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് സനയിയ്യ ഏരിയയിൽ ജോലി ചെയ്തിരുന്ന സമയത്ത് ആൽ ആത്തിയ്യ സൂഖിനടുത്തുള്ള വലിയ പള്ളിയിൽ ആയിരങ്ങൾക്ക് ഇഫ്താർ കിറ്റ് കൊടുക്കുന്ന പതിവുണ്ടായിരുന്നു. കൊടും ചൂടിനെ അതിജീവിച്ച് മണിക്കൂറുകൾ കാത്തുനിന്ന് ഇഫ്താർ കിറ്റ് വാങ്ങിയതൊക്കെയാണ് ആദ്യകാല നോമ്പ് ഓർമ. നാലഞ്ച് വർഷങ്ങൾക്കു മുമ്പ് വരെ ഇഫ്താർ ടെന്റുകളായിരുന്നു ആശ്രയം.
പഞ്ചനക്ഷത്ര നോമ്പുതുറ മുതൽ വിവിധ സംഘടനകൾ നടത്തുന്ന വിഭവ സമർഥമായ തുറകളിലും ലേബർ ക്യാമ്പുകളിലെ ശുഷ്കിച്ച നോമ്പുതുറകളിൽ വരെ പങ്കെടുത്തു. ഓരോ സ്ഥലങ്ങളിലെ നോമ്പുതുറയും ഓരോ അനുഭവങ്ങളാണ്. ജാതിമതഭേദമന്യേ എല്ലാ ദേശക്കാരും ഒരു പാത്രത്തിൽനിന്ന് നോമ്പ് തുറക്കുന്നത് ഇസ്ലാമിക മനുഷ്യസാഹോദര്യത്തെ ഊട്ടി ഉറപ്പിക്കുന്നതിനും മറ്റുള്ളവർക്ക് അത് മനസ്സിലാക്കാനും പഠിക്കാനും ഉള്ള അവസരങ്ങളാണ് ഉണ്ടാക്കുന്നത്. മതാർ ഖദീമിൽ താമസിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് സുഹൃത്ത് പറയുന്നത് അൽ അഹ് ലി സ്റ്റേഡിയത്തിന് പിറകിലുള്ള മസ്ജിദിൽ വിഭവസമൃദ്ധമായ നേമ്പ് തുറയുണ്ടെന്ന്.
കാരക്കയും വെള്ളവും കൊണ്ട് നോമ്പ് മുറിച്ചിട്ട് തൊട്ടടുത്തുള്ള ശിയാ പള്ളിയിൽ പോയി വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചിരുന്നത് ഇപ്പോഴും ഓർമ വരുന്നു. ചെറിയ പള്ളിയിൽ നോമ്പുതുറക്ക് കാര്യമായിട്ട് ഒന്നും ഉണ്ടാകാറില്ല. വെള്ളവും ഈത്തപ്പഴവും കൊണ്ട് നോമ്പ് തുറന്നത് മഗ്രിബ് നമസ്കാരവും കൂടിയ ശേഷം, ഇമാം സലാം വീട്ടിയ ഉടൻ ഞങ്ങൾ അടുത്ത കേന്ദ്രത്തിലേക്ക് കുതിക്കും. തൊട്ടടുത്തുള്ള ശിയാ മസ്ജിദാണ് ലക്ഷ്യം. അഞ്ചു മിനിറ്റ് താമസിച്ചിട്ടാണ് അവിടെ നമസ്കാരം കഴിയുന്നത്. അപ്പേഴേക്കും അവിടേക്ക് ഓടിയെത്തി ഞങ്ങൾ ഭക്ഷണത്തിന് മുന്നിൽ ഇടം പിടിച്ചിരിക്കും.
നമസ്കാരം കഴിയും മുമ്പേ കുറച്ചു പേർ തീറ്റയും തുടങ്ങിയിരിക്കും. പള്ളിയിലെത്തുന്ന ചിലരൊക്കെ അതിൽ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെങ്കിലും ഞങ്ങൾ അതൊന്നും ശ്രദ്ധിക്കാറില്ല. അങ്ങനെയിരിക്കെ, ഒരു ദിവസം പതിവുപോലെ ചെറിയ പള്ളിയിലെ നമസ്കാരം കഴിഞ്ഞ് ഓടി പാഞ്ഞു ഇവിടെ വന്നപ്പോൾ ഞങ്ങളെ തടയാൻ ഒരാൾ കാത്തിരിപ്പുണ്ട്. പള്ളിക്കകത്തുള്ളവർ ഇറങ്ങുമ്പോൾ മാത്രമെ തുറക്കാൻ കഴിയൂ അതുകൊണ്ട് കാത്തിരിക്കണമെന്ന് പറഞ്ഞു.
ഇതിനിടയിലാണ്, വലിയൊരു ആഡംബര കാറിൽ സ്വദേശിയുടെ വരവ്. എന്തിനാണ് ഇവരെ തടഞ്ഞു നിർത്തിയിരിക്കുന്നതെന്നായി അദ്ദേഹത്തിന്റെ ചോദ്യം. ‘ഇവർ എന്നും നേരത്തെ ഭക്ഷണം കഴിക്കാൻ തുടങ്ങും. ചിലർ പരാതി പറഞ്ഞതിനാൽ മറ്റുള്ളവർ ഇറങ്ങുന്നതുവരെ തുറക്കരുതെന്ന് എന്നോട് നിർദേശിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തടയുന്നത്’ -ജീവനക്കാരന്റെ മറുപടി സ്വദേശിക്ക് ഇഷ്ടമായില്ല.
‘അവരും ഇവരും തമ്മിലെന്താണ് വ്യത്യാസം. ഇവരും നോമ്പുകാരല്ലേ നോമ്പ് പിടിച്ചവർ ആവശ്യമുള്ള ഭക്ഷണം കഴിക്കട്ടെ’ -എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഞങ്ങൾക്കായി വാതിൽ തുറന്നു. പ്രവാസ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ അനുഭവമാണ് ഓരോ ഇഫ്താറും മുന്നിലെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.