നോമ്പ് കാലം ഓർമപ്പെടുത്തുന്നത് സ്കൂൾ കാലഘട്ടമാണ്. മുസ്ലിം കുടുംബങ്ങൾ ധാരാളമുള്ള പ്രദേശമാണ് ഞങ്ങളുടേത്. തൊട്ടടുത്ത് തന്നെ ഒരു ചെറിയ പള്ളിയും. ഹൈസ്കൂളിലെ സൗഹൃദങ്ങളിലും ഒരുപാട് നോമ്പെടുക്കുന്ന സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അന്നൊക്കെ വ്രത ശുദ്ധിയോടെ ഉമിനീര് പോലും ഇറക്കാതെ നോമ്പെടുക്കുന്ന കൂട്ടുകാരെ കാണുമ്പോൾ, ‘ഇവർക്ക് ഇതുപോലെ വിശന്നിരിക്കാൻ എങ്ങനെയാ സാധിക്കുക’ എന്ന് വിചാരിച്ചു ഞാൻ അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്. എന്റെ വീടിന്റെ തൊട്ടു മുന്നിൽ ഒരു മുസ്ലിം കുടുംബമാണ് താമസിക്കുന്നത്. ഒരു ഉമ്മയും മൂന്ന് മക്കളും. ആ ഉമ്മാനെ ആബിദാത്ത എന്നാണ് ഞങ്ങളൊക്കെ വിളിക്കാറ്. ഇത്ത എന്നും വൈകീട്ട് വീട്ടിൽ വരാറുണ്ട്.
അപ്പോൾ നോമ്പിന്റെ വിശേഷങ്ങൾ ഒക്കെ പറയും. കൗതുകത്തോടെ കേൾക്കാൻ ഞാനും ഇരിക്കും. പള്ളിയിൽ നോമ്പ് തുറക്കുന്നതിനായുള്ള ബാങ്ക് വിളിക്ക് മുമ്പേ നോമ്പ് കഞ്ഞി കൊടുക്കാൻ തുടങ്ങും. അതിന്റെ ഒരു പങ്ക് ആരെങ്കിലും വഴി എന്റെ വീട്ടിലും എത്തും. ആബിദാത്താക്ക് നോമ്പ് തുറക്കലിന്റെ പങ്ക് എവിടുന്ന് കിട്ടിയാലും അതിന്റെ ഒരു പങ്ക് ഞങ്ങൾക്കും എത്തിക്കും. അത് മിക്കവാറും നല്ല അരിപ്പത്തിരിയും ഇറച്ചിക്കറിയുമായിരിക്കും. അന്നൊക്കെ ഇറച്ചിയൊക്കെ വീട്ടിൽവെക്കുക വളരെ വിരളമായിരുന്നു.
അതുപോലെ തന്നെ നോമ്പ് തുറക്കാൻ ഇത്ര അധികം വിഭവങ്ങളും ആരും വീട്ടിൽ ഉണ്ടാക്കാറില്ല. അത് കൊണ്ട് ഈ ഭക്ഷണമൊക്കെ കിട്ടുന്നത് ഞങ്ങൾക്ക് വല്യ കാര്യമായിരുന്നു. ഇത്ത ചൂടോടെ ഉണ്ടാക്കി കൊണ്ടുവരുന്ന തരിക്കഞ്ഞിയുടെ സ്വാദ് ഇപ്പോഴും നാവിൽ നിന്നു പോയിട്ടില്ല. ആ സ്വാദ് വേറെ എവിടെ നിന്നും കിട്ടിയിട്ടുമില്ല. നല്ല ഓർമകളാണ് അവയെല്ലാം. എല്ലാ നോമ്പിനും ഞാൻ ഇത്തായുടെ നന്മ നിറഞ്ഞ മനസ്സിനെ ഓർക്കും. ഇന്ന് ഈ ലോകത്ത് ആബിദാത്ത ഇല്ല.
വിവാഹശേഷം ഒമാനിൽ എത്തി. പുതിയ നാട്, സുഹൃത്തുക്കൾ. എത്ര സന്തോഷവും സമാധാനവും ഉള്ള രാജ്യമാണ് നമ്മുടെ ഒമാൻ. ഇവിടുത്തെ നാട്ടുകാരുടെ പെരുമാറ്റവും അതേപോലെ തന്നെ. ഈ ചുട്ടു പൊള്ളുന്ന വെയിലിലും സ്വദേശികളും വിദേശികളും ഒരുമിച്ച് എത്ര വിശുദ്ധിയോടെയാണ് നോമ്പ് നോൽക്കുന്നത്. ലേബർ ക്യാമ്പിലേക്കും മറ്റും ഇഫ്താർ കിറ്റുകൾ നൽകുന്ന എത്രയോ കൂട്ടായ്മകളെ കാണാറുണ്ട്. അതൊക്കെ കാണുമ്പോൾ തന്നെ മനസ്സ് നിറയും. നമ്മളെ പോലെ അവരുടെ നോമ്പും സന്തോഷപ്രദമാകണം എന്നാഗ്രഹിക്കുന്ന നല്ല മനസ്സുള്ള കുറെ മനുഷ്യർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.