മനുഷ്യ പ്രകൃതത്തിൽ അന്തർലീനമായിട്ടുള്ള അടിസ്ഥാന മൂല്യങ്ങളെ തട്ടിയുണർത്തി പരകോടിയിലെത്തിച്ച് ആത്മസാക്ഷാത്കാരം സാധ്യമാക്കാനാണ് റമദാൻ കടന്നുവരുന്നത്.
മനുഷ്യത്വത്തെ നിലനിർത്തുന്ന ഒന്നാമത്തെ മൂല്യം കാരുണ്യവും രണ്ടാമത്തേത് നന്മതിന്മ വിവേചനബോധവുമാണ്. അഥവാ റഹ്മത്തും മഗ്ഫിറത്തുമാണ്. ഇവ രണ്ടും നഷ്ടമായവനിൽ പിന്നെ നന്മകളൊന്നും പ്രതീക്ഷിക്കേണ്ടതില്ലതന്നെ. അതുകൊണ്ടാണ് റമദാൻ ആദ്യമായി കാരുണ്യം ഊട്ടിവളർത്തിക്കൊണ്ട് തുടക്കം കുറിക്കുന്നത്. അതിൽ വിജയിക്കുന്ന വ്യക്തി തെറ്റുകുറ്റങ്ങളെക്കുറിച്ച് സ്വയം ബോധവാനാവുന്നു. പറ്റിയ തെറ്റിൽ പശ്ചാത്തപിക്കുന്നു. മാപ്പിരക്കുന്നു. ഇനി തെറ്റുകളിലേക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു. അതോടെ ആത്മീയ വളർച്ചയുടെ പടവുകൾ അവന് അനായാസമാവുന്നു. ‘ഏതൊരാൾ ഉദാരനാവുകയും തെറ്റുകളിൽനിന്ന് സൂക്ഷിക്കുകയും ചെയ്യുന്നുവോ സ്വർഗവഴികൾ നാമവന് എളുപ്പമാക്കുന്നു. നേരെമറിച്ച് ഏതൊരാൾ പിശുക്കനും താന്തോന്നിയുമാവുന്നുവോ അവന് നാം നരകവീഥികൾ എളുപ്പമാക്കുന്നു.’ ഉദാരതയും ധാർമികതയും സ്വർഗത്തിന്റെയും നേർവിപരീതമായ പിശുക്കും താന്തോന്നിത്തവും നരകത്തിന്റെയും അടിസ്ഥാന യോഗ്യതകളായി നിർണയിക്കപ്പെട്ടിരിക്കുന്നുവെന്ന് സാരം.
ആദ്യ പത്തിലൂടെ കാരുണ്യവും ഉദാരതയും രണ്ടാം പത്തിലൂടെ ശരിതെറ്റ് ബോധ്യവും തിരുത്തൽ സന്നദ്ധതയും വളർത്തിയെടുത്തവനെ കാത്തിരിക്കുന്നത് മൂന്നാം പത്തിലെ അനിവാര്യമായ നരകമുക്തിയും സ്വർഗപ്രാപ്തിയും അത്യുന്നത പദവികളുമാണ്.
സ്വർഗപ്രാപ്തി നേടിയവർതന്നെ പലതരമായതിനാൽ പിന്നീട് വരുന്നത് അവരുടെ പദവി നിർണയ രാവുകളാണ് (ലൈലത്തുൽ ഖദ്ർ). നന്മകളിൽ പ്രദർശിപ്പിക്കുന്ന കർമാവേശത്തിന്റെ തോതനുസരിച്ച് പദവികളും ഉയർന്നുകൊണ്ടിരിക്കും. അങ്ങനെ മണ്ണിന്റെ സന്തതിയെ വിണ്ണിന്റെ അത്യുന്നതങ്ങളിൽ കുടിയിരുത്തുന്ന ക്രമാനുഗതമായ പരിശീലന പരിപാടിയാണ് റമദാൻ. റഹ്മത്ത്, മഗ്ഫിറത്ത്, ഇത്ഖ്-ഖദ്ർ എന്നിങ്ങനെയുള്ള സംജ്ഞകളിലൂടെ പരിചയപ്പെടുത്തപ്പെടുന്നത് ഈ പദ്ധതിയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഘട്ടങ്ങളെയാണ്.
വിശ്വാസി റമദാനിന്‍റെ അവസാന നാളുകൾ ചെല്ലുന്തോറും അലസനാവുകയല്ല, അധികമധികം അധ്വാനനിരതനാവുകയാണ് ഉണ്ടാവുക. ഇന്ദ്രിയ താൽപര്യങ്ങളെ ചെറുത്തു ലക്ഷ്യം സാക്ഷാത്കരിക്കപ്പെടണമെങ്കിൽ അവസാന നിമിഷംവരെ അധ്വാനം ആവശ്യപ്പെടുന്നു. അവസാന കാലയളവിനെ വേണ്ടവിധം തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തുന്നതിൽ വിജയം വരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.