മനസ്സും ആത്മാവും ഒന്നിച്ച് സന്തോഷിക്കുന്ന മുഹൂർത്തമാണ് പെരുന്നാൾ. പങ്കുവെക്കലുകളുടെ ആഘോഷം. ചങ്ങനാശ്ശേരിയിലെ അൽ ഫലാഹ് ഗേൾസ് ഓർഫനേജിലെ കുട്ടികൾക്കൊപ്പമാണ് വർഷങ്ങളായി പെരുന്നാൾ ആഘോഷിക്കാറ്. പെരുന്നാളിന് തലേദിവസം തന്നെ ഓർഫനേജിൽ ആഘോഷം തുടങ്ങും. മൂന്നു പതിറ്റാണ്ടായി അവരോടൊപ്പമുള്ള കൂടിച്ചേരൽ മുടക്കാറില്ല. പൂർണ അനാഥരായ കുട്ടികളാണ് ഓർഫനേജിൽ എന്നതിനാൽ അവരുടെ സ്നേഹം ഒരു പിതാവിനെ പോലെ തന്നെയാണ് അനുഭവപ്പെടാറ്.
ഓർഫനേജിൽ നിന്ന് വിവാഹം കഴിഞ്ഞുപോയ 150ഓളം കുട്ടികളും പെരുന്നാൾ ദിവസം ഫോണിൽ വിളിച്ച് സന്തോഷം പങ്കുവെക്കൽ പതിവാണ്. ആ കുട്ടികൾ സന്തോഷദിനത്തിൽ നമ്മളേയും ഓർത്തെടുക്കുന്നു എന്നത് ജീവിതത്തിന്റെ പുണ്യമായി കണക്കാക്കുന്നു. ഇത്തവണ ചെറിയ പെരുന്നാൾ കുവൈത്തിൽ ആയതിനാൽ ആ മധുരമൂറുന്ന കൂടിച്ചേരൽ നഷ്ടപ്പെടുമെന്ന വേദനയുണ്ട്. ജനിച്ചത് ഈരാട്ടുപേട്ടയിലാണെങ്കിലും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കോട്ടയം ടൗൺ, കണ്ണൂർ ടൗൺ എന്നിവിടങ്ങളിലെല്ലാം ബന്ധപ്പെട്ടിരുന്നതുകൊണ്ട് വ്യത്യസ്ത സംസ്കാരങ്ങളിലുള്ള ആഘോഷങ്ങളിൽ പങ്കാളി ആയിട്ടുണ്ട്.
ദാരിദ്ര്യത്തിന്റെ കാഴ്ചകൾ നാട്ടിലും വീട്ടിലും നിറഞ്ഞുകൊണ്ടിരുന്ന കുട്ടിക്കാലത്ത് സന്തോഷം കൊണ്ടുവരുന്ന ഏതാനും ആഘോഷദിനങ്ങളിൽ പെരുന്നാളുകൾ ഒന്നാം സ്ഥാനത്താണ്. പുത്തനുടുപ്പും പ്രത്യേക വിഭവങ്ങളും ലഭിക്കുന്ന ദിവസമായിരുന്നു ഭൂരിപക്ഷത്തിനും അന്ന് പെരുന്നാൾ. ബന്ധുക്കളും കൂട്ടുകാരും അയൽക്കാരുമെല്ലാം സന്തോഷത്തോടെ ഒത്തുചേരുന്നതും സമ്മാനങ്ങൾ കൈമാറുന്നതും ഓർമകളിലുണ്ട്. എന്നാൽ, ഇതൊന്നും ഇല്ലാത്തവരും അന്നുണ്ടായിരുന്നു. അവരെ കുറിച്ചും ഇന്നു ഓർക്കുന്നു.
ആഘോഷങ്ങൾക്കുവേണ്ടിയുള്ള ആഘോഷമല്ല പെരുന്നാൾ. ജാതി, വർഗ, വർണഭേദമന്യേ എല്ലാ സഹ ജീവികളോടും കരുണയും ആർദ്രതയും നിലനിർത്താൻ കഴിയണം. പെരുന്നാൾ പ്രാർഥനക്കുപോകുമ്പോൾ ഒരു വഴിയിലൂടെ പോകാനും തിരിച്ചുവരവ് മറ്റൊരു വഴിയിലൂടെ ആക്കാനും പ്രവാചകൻ നിർദേശിക്കുന്നു. ഇത് പെരുന്നാളിന്റെ സാമൂഹിക കാഴ്ചപ്പാടിന്റെയും പങ്കുവെക്കലിന്റെയും സ്നേഹവ്യാപനത്തിന്റെയും വിശാലമായ കാഴ്ചപ്പാടാണ്. അതിനാൽ പീഡനവും ദാരിദ്ര്യവും പ്രയാസവും അനുഭവിക്കുന്ന സമൂഹത്തെ ചേർത്തുപിടിക്കാൻ ഈ പെരുന്നാൾ ദിനം തിരഞ്ഞെടുക്കാം. മനസ്സിനും ശരീരത്തിനും സന്തോഷം തരുന്ന ഈ ആഘോഷ സുദിനത്തിൽ എല്ലാ സഹോദരങ്ങൾക്കും ഹൃദ്യമായ പെരുന്നാൾ ആശംസകൾ. (ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.