മുഖ്താർ ഉദരംപൊയിൽ

കുടുക്കുപൊട്ടിയ കുപ്പായം

രണ്ടുവർഷം ഒരു ഓർഫനേജിൽ കഴിഞ്ഞിരുന്നു. ഏഴ്, എട്ടു ക്ലാസുകൾ. അവിടെ എത്തുന്നതുവരെ ഞാനൊരു യത്തീമായിരുന്നില്ല. അഗതികൾക്കും പ്രവേശനമുള്ളതു കൊണ്ട് പോയി പെട്ടതാണ്. കുട്ടിക്കാലം നഷ്ടമായത് ആ ഇരുണ്ട ഇടനാഴികളിലെവിടെയോ ആണ്. രണ്ടു വർഷം കൊണ്ട് ഞാനൊരു മുതിർന്ന മനുഷ്യനായിത്തീർന്നിരുന്നു. ആ അനുഭവങ്ങളിൽ നിന്നാണ് ‘പുഴക്കുട്ടി’ എന്ന നോവൽ എഴുതിയത്.

യതീംഖാനയിലെ കുട്ടികൾക്ക് പെരുന്നാളുകൾ സ്വാതന്ത്ര്യത്തിന്റെ ആഘോഷം കൂടിയാണെന്ന് തോന്നിയിരുന്നു. ജയിലിൽ നിന്ന് പരോളിനിറങ്ങുന്ന പോലെയാണ്, സ്കൂൾ അടച്ചതിന്റ പിന്നേറ്റ് വീട്ടിൽ നിന്ന് വരുന്നവരുടെ കൂടെ ഗേറ്റ് കടന്നുപോവുക.പുറത്തുനിന്ന് നോക്കുന്നപോലെയല്ല അകത്തെ അനുഭവം. വലിയ മതിലുകൾക്കുള്ളിൽ സങ്കടങ്ങളുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമുണ്ടാവും. അതുകൊണ്ടുതന്നെ, മനസ്സുനിറഞ്ഞ് സന്തോഷിക്കാൻ ചെറിയ ചില കാരണങ്ങൾ മതിയാവും.

നോമ്പുകാലം അത്രയൊന്നും രസകരമായിരുന്നില്ല. ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുക. വേഗം പെരുന്നാളായെങ്കിലെന്ന് ഞാൻ പ്രാർഥിക്കും. വീട്ടിൽ പോവാനുള്ള പൂതി കൊണ്ടാണ്. റമദാൻ കഴിയല്ലേ എന്ന് കരയുന്ന കുട്ടികളും കൂടെയുണ്ടായിരുന്നു. വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ വരാൻ ആരുമില്ലാത്തവർ. ഉപ്പയില്ലാത്ത വീട്ടിലെ പട്ടിണിപ്പെരുന്നാളിന്റെ സങ്കടം സഹിക്കാനാവാത്തവർ. ഉപ്പയുടെ മരണശേഷം ഉമ്മ മറ്റൊരു വിവാഹം കഴിച്ചുപോയവർ. ഉമ്മയും ഉപ്പയുമില്ലാത്ത വീട്ടിൽ പോവുന്നതിനേക്കാൾ നല്ലത് യതീംഖാനയിലെ ഇരുട്ടിലിരിക്കുന്നതാണ്. അവർക്കൊന്നും പെരുന്നാൾ വരുന്നതേ ഇഷ്ടമായിരുന്നില്ല.

ഞാൻ പെരുന്നാൾ വരാൻ ദിവസമെണ്ണും. അവസാന പത്തിലെത്തിയാൽ പിന്നെ കിനാവുകളിലാവും. കുട്ടിക്കാലത്ത് പ്രതീക്ഷകൾ പൂവണിയുന്ന ദിവസം കൂടിയായിരുന്നല്ലോ പെരുന്നാളുകൾ. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ച് നെയ്‌ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം...

പെരുന്നാളിന്റെ തലേന്നാണ് വീട്ടിൽ പോവുക. വീട്ടിൽ പോവുന്നതിന്റെ തലേന്ന് ഉറക്കം വരില്ല. മുമ്പത്തെ പെരുന്നാളുകൾ ഉള്ളിൽ പെരുക്കും. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയിൽനിന്ന് ഇല പറിച്ച് അരച്ച് രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കുമായിരുന്നു ഞങ്ങൾ. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി ഞങ്ങൾ കുട്ടികൾ മൈലാഞ്ചിക്കൈ തട്ടാതിരിക്കാൻ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വിളഞ്ഞി ചമ്മിനി വിളക്കിനു മുകളിൽവെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയിൽ ഇറ്റിച്ച് ചെറിയ പുള്ളികൾ കൊണ്ട് പൂക്കൾ വരക്കും. കൈവെള്ളയിൽ പൊള്ളലുകൾ ചീർക്കും. അതിനു മുകളിൽ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കൈയിൽ വെളുത്ത പൂക്കൾ.

ഞാൻ കൈ മണത്തുനോക്കും. മൈലാഞ്ചി മണമുണ്ടോ. അപ്പോൾ വളഞ്ഞിയുടെ പൊള്ളലേറ്റ് കൈയും മനസ്സും പൊള്ളും. കരച്ചിൽവരും. പെട്ടെന്ന് നേരം വെളുത്തെങ്കിലെന്ന് ശ്വാസം മുട്ടും. കൂടെയുള്ള കുട്ടികളിൽ ചിലർ ഒച്ചയില്ലാതെ കരയുന്നുണ്ടാവും. ഓരോ കുട്ടികളും എന്തൊക്കെ തരം ഓർമകളിലൂടെയാവും കടന്നുപോവുന്നത് എന്നോർത്ത് ഞാൻ കണ്ണടച്ചുകിടക്കും. ഒരു പെരുന്നാൾദിനം മരണപ്പെട്ട ഉപ്പയെ ഓർത്ത് വിങ്ങിപ്പൊട്ടുന്ന കൂട്ടുകാരനെ തൊട്ട് ഞാൻ തിരിഞ്ഞുകിടന്നു. ആ ഒരു തൊടൽ അവനുപകർന്ന വലിയ ആശ്വാസം കൊണ്ടെന്ന പോലെ അവൻ തേങ്ങൽ നിർത്തി എന്റെ കൈയിൽ മുറുക്കിപ്പിടിച്ചു. ഒരു നോമ്പുകാലം ഒരപകടത്തിൽ ഉപ്പയെ നഷ്ടപ്പെട്ടൊരാൾ റൂമിന്റെ മറ്റേ മൂലയിലുണ്ട്. പുതുവസ്ത്രമൊക്കെ വാങ്ങി പെരുന്നാൾ കാത്തിരിക്കുന്ന അവസാന ദിവസങ്ങളിലാണ് ഉപ്പയുടെ പോക്കുണ്ടായത്. അവൻ നോമ്പുകാലം മുഴുവൻ ഒറ്റക്കിരുന്ന് കരയുന്നത് കാണാം. അവൻ കരയുന്നത് മറ്റാരും കാണരുതെന്ന് അവന് നിർബന്ധമായിരുന്നു. പള്ളിറൂമിന്റെ ചരിവിലിരുന്ന് കരയുന്നത് ഞാനെന്തോ ആവശ്യത്തിന് കയറിച്ചെന്നപ്പോഴാണ് കണ്ടത്. അടുത്തിരുന്ന് ചേർത്തുപിടിച്ചപ്പോഴാണ് അവനാ കഥ പറഞ്ഞത്. ഉപ്പ അവസാനം വാങ്ങിക്കൊടുത്ത പെരുന്നാൾ കുപ്പായം അവന്റെ ട്രങ്ക് പെട്ടിയുടെ അടിയിൽ എടുത്തുവെച്ചിരുന്നു. ഓറഞ്ചിൽ കറുപ്പ് കള്ളിയുള്ള കുപ്പായത്തിന്റെ കുടുക്കുകൾ പൊട്ടിപ്പോയിരുന്നു.

യതീംഖാനയിലെ കുട്ടികൾക്ക് പെരുന്നാൾ വസ്ത്രവും സ്‌കൂളിലെ യൂനിഫോമാണ്. പുതിയതായി കിട്ടിയ ബിസ്‌കറ്റ് കളർ കുപ്പായവും നീല പാന്റും എല്ലാവരും ശ്രദ്ധയോടെ എടുത്തുവെക്കും. വീട്ടിലേക്ക് പോവുന്ന നേരത്ത് അങ്ങാടികളിൽ ബസ് നിർത്തുമ്പോൾ ഞങ്ങളുടെ കണ്ണ് അവിടെയുള്ള ടെക്സ്റ്റയിൽസുകളിലെ കളർഡ്രസുകളിലായിരിക്കും. വീട്ടിലെത്തിയാൽ വലിയ സ്വീകരണമുണ്ടാവും. എളാപ്പയുടെയും മൂത്താപ്പയുടെയും അയലോക്കത്തെയും കുട്ടികളുടെ കൂടെ മുറ്റത്തും പറമ്പിലും കളിക്കും. അത്രയും നാളത്തെ വിരസത മുഴുവൻ ചാടിയും പാഞ്ഞും ഉച്ചത്തിൽ ഒച്ചയിട്ടും തീർക്കും. അന്ന് രാത്രി ഉറങ്ങില്ല. ഉറങ്ങിത്തീർക്കാൻ സമയമില്ല. പെരുന്നാൾ പിറ്റേന്ന് തിരിച്ചുപോവേണ്ടതാണ്.

അപ്പോഴാണ് പെരുന്നാളിനിടാൻ ഒരു കളർ കുപ്പായവുമായി ഉമ്മ അടുത്ത് വന്നുനിൽക്കുക. അതിന്റെ പുതുമണം ശരീരമാകെ പടരും. യൂനിഫോമിട്ട് പെരുന്നാൾ നിസ്‌കാരത്തിന് പോവുന്ന കൂട്ടുകാരെ ഓർക്കുമ്പോൾ അതിന്റെ രസം പോവും. കണ്ണീർനനവ് പടരാതിരിക്കാൻ ഞാനത് എടുത്തുവെക്കും.

രാവിലെ നേരത്തെ എണീറ്റ് കുളിച്ചുമാറ്റി പള്ളിയിലേക്ക് പായും. മിഹ്‌റാബിനടുത്ത് വളഞ്ഞിരുന്ന് തക്ബീർ ചൊല്ലുന്നവർക്കിടയിൽ നുഴഞ്ഞുകേറി മൈക്കിനടുത്ത് പോയിരിക്കും. ഉറക്കെ തക്ബീർ ചൊല്ലും.

അല്ലാഹു അക്ബർ അല്ലാഹു അക്ബർ...

നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയാൽ ഉമ്മയോട് ചോദിക്കും, ഇമ്മാ ഇങ്ങളിന്റെ ഒച്ച കേട്ടീരുന്നോ. ഞാന് മൈക്കിന്റടുത്താ ഇരുന്നീരുന്നത്...

പണിത്തിരക്കിൽ ഉമ്മ അതു കേൾക്കാറില്ല.

നിലത്ത് പായ വിരിച്ച് വട്ടത്തിലിരുന്നാണ് ഭക്ഷണം കഴിക്കുക. കുട്ടികളാണ് ആദ്യം കഴിക്കുക. കുട്ടികൾ ആഹ്ലാദത്തോടെ ബിരിയാണിയുടെ മണം ഉള്ളിലേക്ക് എടുക്കുന്നു. പിന്നെ രസത്തിൽ ഇറച്ചിയും കൂട്ടി തിന്നുതുടങ്ങുന്നു. എല്ലാവരുടെ മുഖത്ത് സന്തോഷത്തിന്റെ തെളിച്ചമാണ്. എനിക്ക് യതീംഖാനയിലെ ഡൈനിങ് ഹാൾ ഓർമവരും. ഭക്ഷണം സ്‌പോൺസർ ചെയ്തവർ ചുറ്റുമുണ്ടെന്ന് തോന്നും. വാർഡൻ അവർക്കായി ഉച്ചത്തിൽ പ്രാർഥിക്കുന്നു. ഞങ്ങൾ ആമീൻ പറയുന്നു. സ്‌പോൺസർ കുട്ടികളെയും ലാളിച്ച് ഞങ്ങൾക്ക് മുന്നിലൂടെ നടക്കുന്നു. ചിലർ ഫോട്ടോ എടുക്കുന്നു.

കൂടിയിരുന്നവരെല്ലാം ഭക്ഷണം കഴിച്ച് എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാവും ഞാൻ തീറ്റ തുടങ്ങുക. എനിക്ക് ഒരു രുചിയും തോന്നില്ല. വീട്ടിൽനിന്ന് ആളു വരാത്തതുകൊണ്ട് യതീംഖാനയിൽ കുടുങ്ങിപ്പോയ കുട്ടികളുടെ പെരുന്നാൾ സങ്കടം അപ്പോൾ എനിക്ക് തരിപ്പിൽപോവും. ഉമ്മ വെള്ളവുമായി വന്ന് മൂർധാവിൽ തട്ടും.

എല്ലാ പ്രത്യാശകളും തകർന്ന് മരണം മുന്നിൽക്കണ്ടു കഴിയുന്ന ഗസ്സയിലെ മനുഷ്യർ നോമ്പിനും പെരുന്നാളിനും ഉയിർത്തെഴുന്നേൽക്കുന്നതിന്റെ രഹസ്യം നിങ്ങൾക്കറിയുമോ? എനിക്കറിയാം. ഞാനത് രണ്ടുവർഷം അനുഭവിച്ചിട്ടുണ്ട്.

എന്തൊക്കെ പറഞ്ഞാലും എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ പെരുന്നാൾ ആ രണ്ടു വർഷത്തെ പെരുന്നാളുകളായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പെരുന്നാളുകൾ.

Tags:    
News Summary - Orphanage-yatimkhana-Eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT