ബംഗളൂരു: 5000 പേർക്ക് ഒരേസമയം ഇഫ്താർ വിരുന്നൊരുക്കുന്ന മെഗാ ഇഫ്താർ ശനിയാഴ്ച ബംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ നടക്കും. പാലസ് ഗ്രൗണ്ടിലെ ശീഷ് മഹലിൽ നടക്കുന്ന റമദാൻ മഹാസംഗമത്തിന്റെ ഭാഗമായാണ് മെഗാ ഇഫ്താർ സംഘടിപ്പിക്കുന്നത്. 25 വർഷമായി എല്ലാ റമദാനിലും നടന്നുവരാറുള്ള സംഗമം കർണാടകയിലെ ഏറ്റവും ജനപങ്കാളിത്തമുള്ള മലയാളി ഇഫ്താർ സംഗമം കൂടിയാണ്.
ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ റമദാൻ സംഗമത്തിൽ പ്രസംഗിക്കും. തണലാണ് കുടുംബം എന്ന വിഷയത്തിൽ പ്രമുഖ പ്രഭാഷകൻ ഡോ. സുലൈമാൻ മേൽപത്തൂർ മുഖ്യ പ്രഭാഷണം നടത്തും. ബി.ഡി.എ ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ, റിസ്വാൻ അർഷാദ് എം.എൽ.എ, ആരാമം മാസിക എഡിറ്റർ പി. റുക്സാന തുടങ്ങിയവർ പങ്കെടുക്കും. മറ്റു പ്രമുഖ സാമൂഹിക സംസ്കാരിക മത നേതാക്കളും സംബന്ധിക്കും. ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന സംഗമം രാത്രി എട്ടിന് സമാപിക്കും. വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, പുസ്തക പ്രദർശനം എന്നിവയും തനിമ കലാസാഹിത്യ വേദി ഒരുക്കുന്ന കാലിഗ്രഫി പ്രദർശനവും ഇതോടനുബന്ധിച്ച് ഒരുക്കും. കിഡ്സ് റമദാൻ മീറ്റ് എന്ന പേരിൽ കുട്ടികൾക്കായി നടത്തുന്ന പ്രത്യേക പരിപാടിയും നടക്കും.
കർണാടകയിലെ വിവിധ കോളജുകളിൽ പഠിക്കുന്ന നിരവധി മലയാളി വിദ്യാർഥികളും കുടുംബങ്ങളും ഇഫ്താറിൽ സംബന്ധിക്കും. ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് ഒത്തുചേരാനുള്ള വേദികൂടിയാകും മെഗാ ഇഫ്താർ.പരിപാടിയുടെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം വിവിധ കമ്മിറ്റികളായി പ്രവർത്തിച്ചുവരുന്നതായും സംഗമത്തിലും ഇഫ്താർ വിരുന്നിലും പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യാർഥം സ്ത്രീകൾ ഉൾപ്പെടുന്ന അഞ്ഞൂറോളം വളന്റിയർമാർ സേവന രംഗത്തുണ്ടാകുമെന്നും സ്വാഗതസംഘം കൺവീനർ അറിയിച്ചു. വാഹന പാർക്കിങ്ങിന് വിപുലമായ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 98804 37373.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.