Shadu
ഷാദു

‘ആ നോമ്പുകള്‍ ബാക്കിവെച്ചാണ് അവന്‍ പോയത്’

കഴിഞ്ഞ റമദാനില്‍ ഷാദുവിന് പനിച്ചു. ചുമയുമുണ്ട്. ‘നാളെ നോമ്പ് നോല്‍ക്കേണ്ട, അസുഖമുള്ളവര്‍ക്കും പ്രായമായവര്‍ക്കും യാത്രക്കാര്‍ക്കു പോലും നോമ്പില്‍ ഇളവുണ്ട്’ എന്നൊക്കെ ഞാന്‍ പറഞ്ഞു നോക്കി. ‘പനി വന്നാല്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതാ നല്ലത്, ഞാന്‍ നോമ്പ് ഒഴിവാക്കില്ല’ എന്ന് അവനും വാശി. ഞാനേതായാലും രണ്ട് ദിവസം അവനെ അത്താഴത്തിന് വിളിച്ചില്ല. പുലരിക്കൊപ്പം കണ്ണുതുറന്ന ഷാദു എന്നോട് വല്ലാതെ ദേഷ്യപ്പെട്ടു. ‘ഞാനീ രണ്ട് നോമ്പും നോറ്റുവീട്ടും.’ എന്നാല്‍, തിരക്കുകള്‍ക്കിടയില്‍ ആ നോമ്പുകള്‍ എനിക്ക് ബാക്കി വെച്ചാണ് അവന്‍ അല്ലാഹുവിങ്കലേക്ക് യാത്രയായത്.

എല്ലാ നോമ്പുകാലത്തും ഖുര്‍ആന്‍ ഓരാവര്‍ത്തിയോ അധിലധികമോ തവണ ഷാദു പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉമ്മമ്മയോ ഉപ്പാപ്പയോ ഓഫര്‍ ചെയ്ത സമ്മാനത്തിനായിരുന്നു ആദ്യമെല്ലാം. പിന്നീടത് ശീലമായി. അത്താഴത്തിന് വിളിച്ചാല്‍ ‘ചോറല്ലാത്ത എന്താ ഉള്ളത്’ എന്നായിരിക്കും ചോദ്യം. നോമ്പുതുറയുടെ ബാക്കി പത്തിരിയോ നോണ്‍വെജ് കറിയോ അത്താഴത്തിനും ഉണ്ടെങ്കില്‍ ഷാദു എന്നോട് ചിരിച്ചുകൊണ്ട് നന്ദി പറയും.

നോമ്പു തുറക്കുന്നതിന്റെ ഒരു മണിക്കൂറ് മുമ്പ് വീട്ടിലെത്തുന്ന എന്നെ സഹായിക്കാന്‍ മക്കളും ഉണ്ടാവും. ഞാന്‍ രാവിലെ പരത്തി വെച്ച പത്തിരി എടുത്ത് ചുടാന്‍ തുടങ്ങുമ്പോഴേക്കും ഫ്രൂട്ട്സ് കഴുകി കട്ട് ചെയ്തുവെക്കുന്നതും കാരക്കയും കടികളും എടുത്തുവെക്കുന്നതും ജ്യൂസ് അടിക്കുന്നതുമെല്ലാം അവരായിരിക്കും. അതിനിടക്ക് ഷാദു പലപ്രാവശ്യം തൊട്ടടുത്ത് തന്നെയുള്ള തറവാട്ടിലേക്ക് ഓടിപ്പോകും. പലപ്പോഴും ഉമ്മമ്മാ, ദീദീ, ബാബാ... (എന്റെ അനിയത്തിമാര്‍) എന്നൊക്കെ വിളിച്ച് ഓരോന്ന് ചോദിച്ചായിരിക്കും ഓട്ടം. തിരിച്ച് വരുമ്പോള്‍ അവര്‍ കൊടുത്തുവിട്ട എന്തെങ്കിലും സ്പെഷലിന്റെ ഓഹരി അവന്റെ കൈയിലുണ്ടാവും.

ഷാദു കുടുംബത്തോടൊപ്പം

ബാങ്ക് കൊടുക്കുന്നതിന്റെ മുമ്പ് തന്നെ എല്ലാവരും തൊട്ടടുത്തുള്ള വാദിഹുദ പള്ളിയിലേക്ക് പോകും. അവിടെ എന്നും ലഘു തുറ ഒരുക്കാറുണ്ട്. അതിനായി ഫ്രൂട്സ് കട്ട് ചെയ്യാനും ജൂസോ തരിക്കഞ്ഞിയോ ഒഴിക്കാന്‍ ഗ്ലാസും പ്ലേറ്റും എടുത്തു വെക്കാനും പള്ളിയിലെ മുതിര്‍ന്നവരെ സഹായിക്കുകയാണ് ലക്ഷ്യം. ഇതിനിടയില്‍ ഫുട്ബോളും ഷട്ടില്‍ ബാറ്റും വൈകീട്ട് അനങ്ങാതെ ഇരിക്കുന്നത് സഹിക്കാനേ പറ്റില്ല. അവര്‍ അതുമായി കൂട്ടുകൂടുന്നത് കാണുമ്പോള്‍ എനിക്ക് ഹാലിളകും. അവരുടെ ശരീരത്തിലെ വെള്ളം വറ്റിപ്പോകും എന്ന് കരുതി ഞാന്‍ എന്റെ തൊണ്ടയിലെ വെള്ളം വറ്റിക്കും. എന്നാല്‍ അബ്ബ എങ്ങാനും നേരത്തെ വന്നാല്‍ കളി ഒന്നുകൂടി ചൂടുപിടിക്കും. എന്റെ മക്കളോടൊപ്പം ഷാദുവിന്റെ ചങ്ങാതിമാരും അനിയത്തിയുടെ മക്കളും കൂടിയായാല്‍ നോമ്പുകാല വൈകുന്നേരങ്ങളിലെ ക്ഷീണം എന്നത് പുല്ലാണെന്ന് അവരെന്നെ പഠിപ്പിക്കുകയായിരുന്നു.

പള്ളിയിലെ നോമ്പുതുറയും നമസ്‌കാരവും കഴിഞ്ഞാല്‍ ‘ഫസ്റ്റ്’ എന്ന് പറഞ്ഞ് വാതില്‍ തള്ളിത്തുറന്ന് ആദ്യം വീട്ടിലേക്ക് കയറുന്നത് ഷാദുവായിരിക്കും. ഉടനെ ഒരു കരച്ചില്‍ കേള്‍ക്കാം, പിറകെ ഡയലോഗും; ‘ഷാദു അല്ല, ഞാനാ ഫസ്റ്റ്’. കുഞ്ഞനിയന്‍ ഷാസയാണ്. കുറച്ച് കരയിച്ചതിനുശേഷം ‘ഷാസാ.. വാ...’ എന്ന് പറഞ്ഞ് അവന്റെ കൈയും പിടിച്ച് ഷാദു സിറ്റൗട്ടിലേക്ക് നടന്ന് വാതില്‍ അടക്കുന്നത് കാണാം. വീണ്ടും ഒരു ഓടി വരവും വാതില്‍ തള്ളി തുറക്കലും കാണുമ്പോള്‍ ഞാന്‍ ‘എന്താടോ...’ എന്ന് ചോദിച്ച് ചെന്നു നോക്കും. അപ്പോള്‍ ഷാസ ആയിരിക്കും മുന്നില്‍. ഷാദു ചിരിച്ചുകൊണ്ട് പിന്നിലും. അതോടെ ‘ഫസ്റ്റ്’ വന്ന കച്ചറ അവസാനിക്കും.

പിന്നെ മേശമേല്‍ അവര്‍ തന്നെ തയാറാക്കിവെച്ച പാത്രങ്ങളൊക്കെ ഷാദുവും ഷാസയുമാണ് മത്സരിച്ച് തുറക്കുന്നത്. എപ്പോഴെങ്കിലും നന്നയോ (ഇത്താത്ത) മുന്നയോ (ഇക്കാക്ക) പാത്രം തുറന്നു പോയാല്‍ പലതും എണ്ണം കുറഞ്ഞതായോ കൂട്ടത്തില്‍ വലിപ്പമുള്ള കടികള്‍ കാണാതായതായോ അനുഭവപ്പെടും. പിന്നെ അത് സോള്‍വ് ചെയ്യാന്‍ കുറച്ച് സമയം വേണ്ടി വരും എന്നതിനാല്‍ അങ്ങനെ ഒരു സീന്‍ ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങുന്ന നന്ന-മുന്നകളെ ഞാന്‍ ആദ്യമേ പിന്നിലേക്ക് വലിക്കും. ആ ആവേശമൊന്നും തിന്നാനിരുന്നാല്‍ അവര്‍ക്കുണ്ടാവില്ല.

പള്ളിയില്‍നിന്ന് ലഘുകടിയും വെള്ളവും അകത്തു ചെന്നത് തന്നെ മതിയെന്ന ഇരുത്തമാവും ഷാദുവിന്. പിന്നെ മെല്ലെ മെല്ലെ തിന്നു തുടങ്ങുമ്പോഴായിരിക്കും അന്ന് നടന്ന സംഭവങ്ങള്‍ കഥകളായും നാടകമായും മിമിക്രിയായുമൊക്കെ ഞങ്ങള്‍ക്ക് മുന്നിലെത്തുക. ഷാദു സ്ഥിരം ഇരിക്കുന്ന ഒരു കസേരയുണ്ട്. എങ്ങനെയൊക്കെയോ എന്നും അവന്‍ അതില്‍ എത്തും. അറ്റത്തെ സീറ്റ്. ഈ നോമ്പുകാലത്ത് അതങ്ങനെ ഒഴിഞ്ഞു കിടക്കും; എന്റെ ഷാദുവിന്റെ പ്രിയ ഇരിപ്പിടം.

ഞങ്ങളുടെ നീണ്ട സമയം ആ മേശക്ക് ചുറ്റുമാണ്. അത് നോമ്പിനാണെങ്കിലും. ഇശാ ബാങ്ക് കൊടുക്കുന്നത് വരെ അബ്ബയുടെ കയ്യിലോ കാലിലോ ചുറ്റിലുമായി നാലുപേരുമുണ്ടാവും. ചിലപ്പോള്‍ ഖുര്‍ആന്‍ മനഃപാഠമുള്ളത് ഓതുന്നത് കേള്‍ക്കാം. അല്ലെങ്കില്‍ ഫോണില്‍ എന്തെങ്കിലും നോക്കുകയാവും. കഴിഞ്ഞ നോമ്പിന് പബ്ലിക് എക്സാം നടക്കുന്നതുകൊണ്ട് അതിനുള്ള ഒരുക്കത്തില്‍ ആയിരുന്നു ഷാദു.

തറാവീഹിന് ഞങ്ങള്‍ പോകാറുള്ളത് തൊട്ടടുത്ത പള്ളിയിലേക്കാണ്. എന്നാല്‍, പലപ്പോഴും അവന്‍ അബ്ബയോട് നിര്‍ബന്ധിക്കുന്നത് കാണാം നമുക്ക് വാഴക്കാടുള്ള പള്ളിയിലേക്ക് പോകാം എന്ന്. അതെന്തിനാണെന്ന് പള്ളിയെത്തുന്നതിനുമുമ്പേ മനസ്സിലാവും, നോമ്പിന്റെ അങ്ങാടി രസങ്ങള്‍ കാണാനാണെന്ന്. പിന്നെ ഒന്നുകൂടിയുണ്ട്, ആ പള്ളിയിലാണ് എ.സി ഉള്ളത്. കൂടാതെ, നോമ്പു കാല രാത്രിയില്‍ സുനാമി, കോലൈസ്, സര്‍ബത്ത്... തുടങ്ങിയവയൊക്കെ അടിക്കുന്നവരെയും കാണാം.

ഒന്നോ രണ്ടോ പ്രാവശ്യം അബ്ബ അവനെ കൊണ്ടുപോയി ഇഷ്ടമുള്ളത് വാങ്ങിക്കൊടുത്തിട്ടുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഇശാ, തറാവീഹ് നമസ്‌കാരങ്ങള്‍ കഴിയുന്നതും ഒഴിവാക്കാറില്ലായിരുന്നു. പള്ളികളിലെ ഇഫ്ത്വാറിന് ക്ഷണിക്കപ്പെട്ടാല്‍ കൂട്ടുകാരെ സംഘടിപ്പിച്ച് സംഘാടകരെ സഹായിക്കാന്‍ നേരത്തെയെത്തും. ഈ റമദാനിന് റയ്യാന്‍ കവാടത്തിലൂടെ ഓടിക്കയറി സ്വര്‍ഗത്തിലെ ഇഫ്ത്വാറില്‍ ഗസ്സയിലെ കുഞ്ഞുമക്കളോടൊപ്പം അവനുമുണ്ടാവും.

Tags:    
News Summary - Mother Bishara Mujeeb shares her son Shadu's Ramadan memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.