ഖുർആൻ മനുഷ്യന് വിജയത്തിന്റെ വഴി കാണിച്ചുകൊടുക്കുന്നു. സത്യവും അസത്യവും ശരിയും തെറ്റും നന്മയും തിന്മയും സന്മാർഗവും ദുർമാർഗവും നീതിയും അനീതിയും വേർതിരിച്ചു കാണിക്കുന്നു. അങ്ങനെ മനുഷ്യനെ നേർവഴിയിൽ നടത്തുന്നു. അതിനാൽ, മനുഷ്യരാശിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് വിശുദ്ധ ഖുർആൻ.
അതിന്റെ അവതരണം ആരംഭിച്ചത് റമദാനിലാണ്. അതിമഹത്തായ ആ സംഭവം നടന്ന രാവിനെ വിധി നിർണായകരാത്രി എന്നാണ് ഖുർആൻ വിശേഷിപ്പിച്ചത്. ആ ദിനത്തോളം ശ്രേഷ്ഠമായ മറ്റൊരു നാളുമില്ല. ഓരോ വർഷവും ആ ദിനം കടന്നുവരുന്നത് അതിരുകളില്ലാത്ത മഹത്ത്വവും പുണ്യവും ആവാഹിച്ചുകൊണ്ടാണ്. ആ രാവിനും ദിനത്തിനും കണക്കാക്കാനാവാത്ത ശ്രേഷ്ഠതയുണ്ട്. അതിലെ എല്ലാ സൽക്കർമങ്ങൾക്കും അതിരറ്റ പ്രതിഫലമുണ്ട്.
അതിനാൽ, ആയിരം മാസത്തേക്കാൾ ഉത്തമമെന്നാണ് ഖുർആൻ അതിനെ വിശേഷിപ്പിച്ചത്. മാനവ സമൂഹത്തിനുള്ള അല്ലാഹുവിന്റെ അന്ത്യസന്ദേശത്തിന്റെ അവതരണാരംഭം നടന്ന സമാനതകളില്ലാത്ത ആ രാവിനെ ‘വിധിനിർണായകം’ എന്നാണ് വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചത്. മനുഷ്യരാശിയുടെ ഭാഗധേയം തീരുമാനിക്കപ്പെട്ട ദിനമെന്നർഥം. വിശ്വാസികൾ ഏറ്റവും കൂടുതൽ സുകൃതങ്ങൾ ചെയ്യുന്ന മാസം റമദാനാണല്ലോ.
അതിൽ തന്നെ വിധി നിർണായക നാളിന്റെ മഹത്ത്വവും പുണ്യവും ആർജിക്കാൻ സാധ്യതയുള്ള ദിനങ്ങളിൽ അവർ കൂടുതലായി സൽക്കർമങ്ങളിൽ വ്യാപൃതരാകുന്നു. അതുകൊണ്ടുതന്നെ ഓരോ വർഷവും ഏറ്റവും കൂടുതൽ നന്മ പ്രതീക്ഷിക്കപ്പെടുന്ന ദിനമായി അത് മാറുന്നു. അന്ന് മാലാഖമാർ മഴപോലെ ഭൂമിയിലേക്ക് പെയ്തിറങ്ങും. പാപികളുടെ പശ്ചാത്താപം സ്വീകരിക്കപ്പെടും. പതിതരുടെ പ്രാർഥനകൾക്ക് ഉത്തരം നൽകും. അന്ന് സൽക്കർമങ്ങളിൽനിന്ന് അകന്നുനിൽക്കുന്നവരാണ് ഏറ്റവും വലിയ ദൗർഭാഗ്യവാൻ. ലോകമെങ്ങുമുള്ള വിശ്വാസികൾ പ്രതീക്ഷയോടെ അതിനെ കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.