ഒരിക്കൽ രാവണൻ ഹിമവൽ പ്രദേശത്തുള്ള വനത്തിൽ സഞ്ചരിക്കുമ്പോൾ ജടയും മാൻതോലും ധരിച്ച രൂപയൗവന ചാരുതയാർന്ന ഒരു കന്യകയെ ദർശിച്ചു. ആകൃഷ്ടനായ രാവണൻ അവരെ വേൾക്കാൻ ആശിച്ചെങ്കിലും താൻ ബ്രഹ്മർഷിയായ കുശധ്വജന്റെ പുത്രി വേദവതിയാണെന്നും ശ്രീനാരായണനെ അല്ലാതെ ആരെയും ഭർത്താവാക്കുകയില്ലെന്നും യുവതി പറഞ്ഞു. രാവണൻ ഈ സമയം വേദവതിയുടെ മുടിയിൽ പിടിച്ചു. സ്വന്തം കൈകളെ വാളാക്കി മാറ്റിയ യുവതി രാവണൻ സ്പർശിച്ച മുടി അറുത്ത് താഴെയിട്ടു. അനാര്യനായ രാവണൻ സ്പർശിച്ചതിനാൽ താനിനി ജീവിച്ചിരിക്കില്ലെന്നും പ്രഖ്യാപിച്ചു (ഉത്തര കാണ്ഡം. 17:30).
താൻ അയോനിജയായി പിറക്കുമെന്ന് ഉച്ചരിച്ചുകൊണ്ട് വേദവതി തീയിലേക്ക് ചാടി ദേഹത്യാഗം ചെയ്തു. പിന്നീട് താമരയിൽ ഉത്ഭവിച്ച വേദവതിയെ രാവണൻ വീണ്ടും കണ്ടെത്തി. ഇവളെ വീട്ടിൽ വെച്ചുകൊണ്ടിരുന്നാൽ തന്റെ മരണത്തിന് കാരണമാകുമെന്ന് ലക്ഷണജ്ഞൻ പറഞ്ഞതനുസരിച്ച് രാവണൻ ആ കുഞ്ഞിനെ കടലിൽ ഉപേക്ഷിച്ചു. കടലിൽനിന്ന് കരക്കടിഞ്ഞ പ്രസ്തുത ശിശുവിനെ യജ്ഞഭൂമിയിൽനിന്ന് ജനകരാജാവിന് ലഭിച്ചു. വേദവതിയെന്ന് പേരായി കൃതയുഗത്തിൽ പിറന്ന കുഞ്ഞ് ത്രേതായുഗത്തിൽ സീതയായി രാക്ഷസ വധത്തിനായി അവതരിച്ചു എന്നാണ് വാല്മീകി രാമായണം ഉത്തരകാണ്ഡം പറഞ്ഞുവെക്കുന്നത്.
രാക്ഷസോന്മൂലനം മുൻകൂട്ടി തീരുമാനിക്കപ്പെട്ടിരുന്നതായി ഈ ആഖ്യാനം വെളിപ്പെടുത്തുന്നു. വാല്മീകി രാമായണത്തിൽ അയോനിജയായ സീതയെപ്പറ്റി പറയുന്നുണ്ടെങ്കിലും സീതയുടെ വേദവതി എന്ന പൂർവജന്മ വൃത്താന്തം ഉത്തരകാണ്ഡത്തിലാണ് വായിക്കാനാവുക. രാവണവധത്തെ ശക്തമായി സാധൂകരിക്കേണ്ടി വന്ന ഘട്ടത്തിലാവാം വേദവതിയുടെ വൃത്താന്തം ഉടലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.