പുണ്യങ്ങളുടെ പൂക്കാലമാണ് വിശ്വാസികൾക്ക് റമദാൻ. പാപങ്ങളെ കരിച്ചുകളയുന്ന വിശുദ്ധ മാസം. മാനവരാശിക്ക് സന്മാർഗത്തിനായി ദൈവ ഗ്രന്ഥം സമർപ്പിക്കപ്പെട്ട ശ്രേഷ്ഠ മാസം. ദാനധർമങ്ങളിലൂടെ വിശ്വാസികളുടെ ഹൃദയം വിശാലമാകുന്ന ദിനങ്ങൾ ഈമാസത്തിന്റെ പ്രത്യേകതയാണ്. ഓരോ നോമ്പുകാലവും ഓർമച്ചെപ്പ് തുറക്കുമ്പോൾ കാരുണ്യത്തിന്റെ ചിറകടി ഒച്ച ഉയരുന്നത് കേൾക്കാം. കുഞ്ഞുനാളിൽ തുടങ്ങി പ്രവാസഭൂമികയിലും നോമ്പ് കാലത്തിന്റെ സുകൃതങ്ങൾക്ക് സാക്ഷിയായത് എത്ര എത്ര തവണയാണ്. ബാല്യകാലത്തെ നോമ്പോർമകളിലേക്ക് മനസ്സ് പിച്ചവെച്ചു പോകുന്നത് സ്വാഭാവികം. അത്രയേറെ കൗതുകം നിറഞ്ഞതായിരിക്കാം എല്ലാവർക്കും കുട്ടിക്കാലത്തെ നോമ്പ് അനുഭവങ്ങൾ. എന്നാൽ, സംഘടന പ്രവർത്തനകാലത്തെ തികച്ചും വ്യത്യസ്തമായ ഒരു ഇഫ്താർ ആണ് ഇപ്പോൾ ഓർമയിൽ തെളിയുന്നത്.
വടകര മണ്ഡലം എം.എസ്.എഫ് ഭാരവാഹിയായിരുന്ന കാലയളവിൽ മണ്ഡലം ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും ഒത്തുചേർന്ന് നോമ്പ് തുറ നടത്തിയിരുന്നു. വടകര ടി.ബി (ഗവണ്മെന്റ് ഗസ്റ്റ് ഹൗസ്)യിലോ താഴെ അങ്ങാടി പി.സി സൗധത്തിലോ ആയിരുന്നു മിക്കപ്പോഴും അത്. മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം ഓരോരുത്തരും അവരവരുടെ വീടുകളിൽ പാചകം ചെയ്യുന്ന ഒരു ഐറ്റം എല്ലാവർക്കും ഷെയർ ചെയ്യാവുന്ന അളവിൽ കൊണ്ടുവരുക. ഇങ്ങനെ ഇരുപതിൽ കുറയാത്ത കമ്മിറ്റി അംഗങ്ങൾ കൊണ്ടുവരുന്ന വ്യത്യസ്ത ഭക്ഷണങ്ങൾ. വേറിട്ട രുചികളുടെ ഒരു സംഗമം! വിഭവസമൃദ്ധമായ ഒരു നോമ്പുതുറ. കമ്മിറ്റിക്ക് ഒരു ബാധ്യതയും വരാതെ ഹോം മേഡ് ഫുഡ് കൊണ്ട് ഭംഗിയായ ഒരു ഇഫ്താർ മീറ്റ്.
വീട്ടിൽ ഉമ്മാക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന പോള ആയിരുന്നു എന്റെ വക. ചിലപ്പോൾ അതിന്റെ കൂടെ കല്ലുമ്മക്കായ നിറച്ചു പൊരിച്ചതും. വടകര താഴെ അങ്ങാടിയിൽനിന്നുള്ള പ്രതിനിധികൾ കൊണ്ടുവരാറുള്ള മുട്ട വരിഞ്ഞുപൊരിച്ചത് അക്കാലത്തെ വിശേഷ വിഭവം ആയിരുന്നു എന്നാണെന്റെ ഓർമ. വീട്ടിൽനിന്ന് ഭക്ഷണം ഉണ്ടാക്കി കൊണ്ടുവരാൻ സാധിക്കാത്തവർ ഫ്രൂട്സ് കൊണ്ടുവരും. അങ്ങനെ സ്നേഹവും സൗഹൃദവും ഭക്ഷണവും പങ്കുവെക്കപ്പെടുന്ന വേറിട്ട ഒരു ഇഫ്താർ. കമ്മിറ്റിയിൽ വ്യത്യസ്ത സ്ഥാനങ്ങളിൽ ഭാരവാഹി ആയിരുന്ന സമയത്തൊക്കെ ഗൾഫിലേക്ക് യാത്ര തുടങ്ങുംവരെ ഈ പതിവ് തെറ്റിയിരുന്നില്ല. അന്ന് കൂടെയുണ്ടായിരുന്ന സഹഭാരവാഹികളായ സലാം പാണ്ടിയാട്ട് ഇപ്പോൾ ഖത്തറിലും സലീം സൗദിയിലും അസ്ലം മാലദ്വീപിലും പി.ടി.കെ ഷമീർ മസ്കത്തിലും, എ.പി. ഫൈസൽ ബഹ്റൈനിലുമുണ്ട്. ചിലർ നാട്ടിലും.
ഇപ്പോൾ ഇവിടെ ബഹ്റൈനിലും സമൂഹ നോമ്പുതുറകളുടെ മധുരം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും സ്നേഹ സൗഹൃദത്തിന്റെ കണ്ണികൾ വിളക്കിച്ചേർക്കാനുമുള്ള സുവർണാവസരങ്ങൾ ആണ് ഇഫ്താർ മീറ്റുകൾ. ചേർന്നിരുന്നുള്ള ഭക്ഷണം കഴിക്കലുകളിലൂടെ മനസ്സുകൾ കൂടിയാണ് ഇങ്ങനെ കോർത്തിണക്കപ്പെടുന്നത്. പ്രവാസ പരിസരത്തെ സമൂഹ നോമ്പുതുറകൾ നമ്മുടെ നാട്ടിലേക്ക് കൂടി വ്യാപകമാകേണ്ടിയിരിക്കുന്നു. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്തുക്കളെ സ്നേഹതീരത്തെ ഇത്തരം ഒത്തുചേരലുകൾ കൊണ്ട് കരിച്ചുകളയാം. റമദാൻ എന്ന അറബി പദത്തിന് ‘കരിച്ചു കളയുന്നത്’ എന്ന അർഥം കൂടെയുണ്ടല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.