ശബരിമല: പ്രതികൂല കാലവസ്ഥ യിലും സന്നിധാനത്ത് മണ്ഡല മകരവിളക്ക് തീർഥാടനത്തിനെത്തുന്ന ഭക്തരുടെ തിരക്ക് തുടരുന്നു.അവധി ദിനങ്ങളിൽ വലിയ നിരയാണ് രൂപപ്പെടുന്നത്. ഓൺലൈൻ ബുക്കിങ്ങിലൂടെ 94,369 തീർഥാടകരും സ്പോട്ട് ബുക്കിങ്ങിലൂടെ പതിനയ്യായിരത്തോളം പേരും ശനിയാഴ്ച ശബരിമല ദർശനം നടത്തി. വെള്ളിയാഴ്ച നടപ്പന്തൽമുതൽ ശരംകുത്തിവരെ തീർഥാടകരുടെ നീണ്ടവരി രൂപപ്പെട്ടിരുന്നു.
ഇതിൽ ദർശനം നടത്താനാവാതെ കാത്തിരുന്നവരും പുതുതായി എത്തിയവരും ഉൾപ്പെടെ ഒന്നേകാൽലക്ഷത്തോളംപേർ ശനിയാഴ്ച ദർശനം നടത്തിയതായാണ് വിവരം.തിരക്ക് വർധിച്ചതോടെ പമ്പ മുതൽ സന്നിധാനം വരെ പൊലീസ് കടുത്തനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പമ്പയിൽനിന്ന് മലചവിട്ടുന്ന തീർഥാടർ 10 മണിക്കൂറോളം സമയമെടുത്താണ് സന്നിധാനത്ത് എത്തി ദർശനം നടത്തുന്നത്. രാത്രിയിൽ പെയ്യുന കനത്ത മഴയും മലകയറുന തീർഥാടകരെ ഏറെ വലക്കുന്നുണ്ട്. പുല്ലുമേട്-സത്രം വഴിയും കൂടുതൽ തീർഥാടകർ എത്തുന്നുണ്ട്.
വെള്ളിയാഴ്ച 7281പേർ പുല്ലുമേടുവഴി സന്നിധാനത്തെത്തി. നിലക്കൽ പാർക്കിങ് ഗ്രൗണ്ട് തീർഥാടകരുടെ വാഹനങ്ങളാൽ നിറഞ്ഞത് ഗതാഗത തടസ്സത്തിനും ഇടയാക്കി. ശബരിമലയിലേക്കുള്ള വാഹനങ്ങൾ പൊലീസ് റോഡിൽ തടഞ്ഞു.സന്നിധാനത്തുള്ള തീർഥാടകർ തിരിച്ചിറങ്ങുന്ന മുറക്കാണ് കടത്തിവിടുന്നത്.
ദർശനം പൂർത്തിയാക്കിയ തീർഥാടകർ ഉടനെ തിരിച്ചിറങ്ങണമെന്ന നിർദേശമാണ് ഉദ്യോഗസ്ഥർ നൽകുന്നത്. ഞായറാഴ്ച ഓൺലൈൻ ബുക്കിങ് കുറവാണെങ്കിലും ശനിയാഴ്ച ദർശനം നടത്താനാകാതിരുന്നവർ കൂടിയാകുമ്പോൾ തിരക്ക് തുടരും.
ശബരിമല: ശബരിമല ദർശനത്തിലെത്തുന്ന തീർഥാടകരെ കൊള്ളയടിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് നേരെ കണ്ണടച്ച് അധികൃതർ. സന്നിധാനത്തും ശരണപാതയിലും സ്ഥാപനങ്ങളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് ജില്ല ഭരണകൂടത്തിന്റെ കർശന നിർദേശമുണ്ട്. എന്നാൽ, ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും ഇത് പാലിക്കുന്നില്ല.
ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥരാകട്ടെ കടുത്ത അലംഭാവം കാണിക്കുകയുമാണ്. അമിതവില ഈടാക്കുന്നത് സംബന്ധിച്ച് നിരന്തര പരാതികൾ ഉണ്ടാകുമ്പോൾ മാത്രമാണ് പരിശോധനക്ക് ഇറങ്ങുന്നത്. ഈ പരിശോധനയാകട്ടെ നാമമാത്രമായ പിഴത്തുകയിൽ ഒതുക്കുകയും ചെയ്യും. ഇതും കച്ചവടക്കാർക്ക് വളമാകുന്നുണ്ട്. പമ്പ-സന്നിധാനം കാനനപാതയിൽ ചരൽമേട് വരെയുള്ള ഭാഗത്ത് രാത്രി 11മണിക്കുശേഷം ചായക്കും ചെറുകടിക്കും ഉൾപ്പെടെ തോന്നുംവിധമാണ് വില ഈടാക്കുന്നത്.
ഒരു പൂവൻ പഴത്തിന് 25 രൂപ വരെ ഈടാക്കുന്ന കടകളുമുണ്ട്. നാരങ്ങവെള്ളം അടക്കമുള്ള ലഘുപാനീയങ്ങൾക്കും വൻ വിലയാണ് വാങ്ങുന്നത്.അന്തർ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന തീർഥാടകരാണ് ഇവരുടെ ചൂഷണത്തിന് ഇരയാവുന്നതിൽ ഭൂരിഭാഗവും. അതിനാൽ തന്നെ ദർശനം കഴിഞ്ഞ് മടങ്ങുന്ന ഇവർ പരാതികൾക്ക് മുതിരാറുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.