ശബരിമല: പ്രായം തളർത്താത്ത ശരീരവും മനസ്സും ഒപ്പം അയ്യനോടുള്ള ഭക്തിയുമായി പതിവ് തെറ്റിക്കാതെ ഇത്തവണയും 99കാരിയായ ദേവുഅമ്മ അയ്യപ്പ സന്നിധിയിലെത്തി. കറുപ്പണിഞ്ഞ്, വ്രതമെടുത്ത് ശരണമന്ത്രങ്ങളുമായി 25ാം തവണയാണ് കണ്ണൂർ വള്ളിത്തോട് സ്വദേശിനിയായ ഇവർ ശബരീശനെ കാണാൻ മലകയറി എത്തുന്നത്.
കൂത്തുപറമ്പ് കൈതേരിയിലാണ് പഠിച്ചതും വളർന്നതും. ഈ പ്രായത്തിലും മലകയറുന്നു എന്നതും അപൂർവതയാണ്. കഴിഞ്ഞ രണ്ടു വർഷം കോവിഡ് കാരണം ദർശനം മുടങ്ങിയിരുന്നു. നീലിമല കയറ്റം പതിവുപോലെ അൽപം പ്രയാസമായിരുന്നു.
യാത്രാമധ്യേ മറ്റ് അയ്യപ്പഭക്തർ ഉൾപ്പെടെ അനുഗ്രഹം തേടാൻ മുതിർന്ന മാളികപ്പുറത്തിന് അടുത്തേക്ക് എത്തുന്നത് ഇത്തവണയും പതിവ് കാഴ്ചയായി. സന്നിധാനത്ത് എത്തിയ ദേവുഅമ്മക്ക് വെള്ളം കൊടുക്കാനും മറ്റും സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ഫോട്ടോ എടുക്കാനും അനുഗ്രഹം തേടാനും ആളുകൾ കൂടിയപ്പോഴും ആരെയും വിഷമിപ്പിക്കാതെ ചേർത്ത് പിടിച്ചു. അടുത്ത തവണയും പതിവുപോലെ സന്നിധാനത്ത് എത്തണമെന്നാണ് മാളികപ്പുറത്തിന്‍റെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.