പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് ഏറിയതോടെ തീർഥാടകരുമായെത്തുന്ന വാഹനങ്ങൾക്ക് നിയന്ത്രണം കടുപ്പിച്ച് പൊലീസ്. വെർച്വൽ ക്യൂ ബുക്കിങ് ഒരു ലക്ഷം കടന്ന തിങ്കളാഴ്ച നിലക്കലിലെ പാർക്കിങ് ഗ്രൗണ്ടും വാഹനങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പത്തനംതിട്ട മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
പത്തനംതിട്ട വഴി വാഹനങ്ങളിലെത്തിയ തീർഥാടകരെ ശബരിമല ഇടത്താവളത്തിലേക്കു മാറ്റി. എന്നാൽ, പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾക്ക് നിയന്ത്രണമുണ്ടായിരുന്നില്ല. രാവിലെ പമ്പയിലേക്ക് പോയ വാഹനങ്ങൾ ളാഹയിലും പ്ലാപ്പള്ളിയിലുമൊക്കെ പിടിച്ചിട്ടു.
എരുമേലി ഭാഗത്തുനിന്ന് നിയന്ത്രണ വിധേയമായാണ് വാഹനങ്ങൾ കടത്തിവിട്ടത്. വനമേഖലയിൽ വാഹനങ്ങൾ മണിക്കൂറുകളോളം തടഞ്ഞിട്ടത് പ്രതിഷേധങ്ങൾക്ക് ഇടയാക്കി. വെള്ളമോ വെളിച്ചമോ ഇല്ലാത്ത പ്രദേശത്ത് വാഹനങ്ങൾ നിർത്തിയിടേണ്ടിവന്നതും കനത്ത മഴയും ബുദ്ധിമുട്ടുളവാക്കി.
ഭക്ഷണം ലഭിക്കാത്തതും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ലാത്തതുമൊക്കെ തീർഥാടകർക്ക് വലിയ ദുരിതമായി. തീർഥാടകസംഘങ്ങളിലെല്ലാം കൊച്ചുകുട്ടികളും കൂടുതലായി ഉള്ളതാണ് തീർഥാടരുടെ കഷ്ടപ്പാടുകൾ വർധിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.