ശബരിമല: മണ്ഡല മകരവിളക്ക് തീർഥാടനം സുഗമമാക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചത് 8.33 കോടി. നവംബർ 15 മുതൽ വിവിധ ഘട്ടങ്ങളിലായാണ് ദേവസ്വം, തദ്ദേശ സ്വയംഭരണം, ആഭ്യന്തരം, ധന വകുപ്പുകളിൽനിന്ന് തുക അനുവദിച്ചത്. തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രശ്നങ്ങളിൽ അടിയന്തര പരിഹാരം കാണണമെന്ന് സർക്കാറും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും നിർദേശം നൽകിയിരുന്നു.
തീർഥാടകർക്കുവേണ്ട സൗകര്യം ഒരുക്കാനും അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് 3.36 കോടി രൂപ അനുവദിച്ചിരുന്നു. ശബരിമലക്ക് ചുറ്റുമുള്ള പഞ്ചായത്തുകൾക്കായി 2.31 കോടി രൂപയും മുനിസിപ്പാലിറ്റികൾക്കായി 1.05 കോടി രൂപയും ഇതിലുൾപ്പെടുന്നുണ്ട്. ഇതു കൂടാതെ ശബരിമലക്ക് ചുറ്റുമുള്ള ആറു പഞ്ചായത്തുകൾക്കായി 1.156 കോടി രൂപ സ്‌പെഷൽ ഗ്രാൻഡും അനുവദിച്ചു. ശുചിത്വം ഉറപ്പാക്കാനായി നിരവധി പ്രവർത്തനങ്ങളാണ് ശബരിമല സാനിറ്റേഷൻ സൊസൈറ്റി നടത്തുന്നത്. ഇത് കാര്യക്ഷമമാക്കാൻ മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്.
സത്രം -ഉപ്പുതറ -സന്നിധാനം കാനനപാത തീർഥാടകർക്കായി സജ്ജീകരിക്കാൻ നാലുലക്ഷം, പുല്ലുമേട്, പരുന്തുംപാറ, മുക്കുഴി എന്നിവിടങ്ങളിൽ വാട്ടർ ടാങ്ക് സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനായി 4.40 ലക്ഷം, അടിയന്തര സാഹചര്യങ്ങൾ നേരിടാനായി പത്തനംതിട്ട, കോട്ടയം, ഇടുക്കി കലക്ടർമാർക്ക് 23 ലക്ഷം രൂപ, മലകയറുന്നതിനിടെ മരിക്കുന്ന തീർഥാടകരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഒരുലക്ഷം രൂപ എന്നിങ്ങനെയാണ് സർക്കാർ അനുവദിച്ചത്.
ശബരിമലയിൽ സുരക്ഷ ചുമതലയിലുള്ള പൊലീസുകാരുടെ മെസ് ഗ്രാൻഡ് ഇനത്തിൽ ആദ്യഗഡുവായി 50 ലക്ഷം രൂപയും അനുവദിച്ചു. ഇതിനുപുറമെ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്താനായി മന്ത്രിയും മറ്റു ഉദ്യോഗസ്ഥരുടെയും യോഗങ്ങളും കൃത്യമായ ഇടവേളകളിൽ ചേരുന്നുണ്ട്.ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, റവന്യൂ മന്ത്രി കെ. രാജൻ എന്നിവർ പങ്കെടുക്കുന്ന വകുപ്പുതല യോഗം വ്യാഴാഴ്ച പമ്പയിൽ ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.