പീരുമേട്: മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് പഴുതടച്ച മുന്നൊരുക്കവുമായി അധികൃതർ. മകരവിളക്ക് ദിവസം പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ചൊവ്വാഴ്ച പീരുമേട് താലൂക്ക് കോൺഫറൻസ് ഹാളിൽ കലക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
കേരള പൊലീസിനെ സഹായിക്കാനും അയ്യപ്പഭക്തരുടെ ഭാഷ വേഗത്തിൽ കൈകാര്യം ചെയ്യാനും തമിഴ്നാട് പൊലീസിന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ട്. വണ്ടിപ്പെരിയാർ ഗ്രൗണ്ട്, വാളാർഡി റോഡ്, കോന്നിമാര എസ്റ്റേറ്റ് എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തി. പുല്ലുമേട്, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ബാരിക്കേഡ് ജോലികൾ അടിയന്തരമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. പരുന്തുംപാറയിൽ റോഡിന്റെ ഇരുവശത്തേക്കും കയറ്റി സ്ഥാപിച്ച കടകൾ അടുത്ത ദിവസംതന്നെ ഒഴിപ്പിക്കും. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ അഗ്നിരക്ഷ സേനയുടെ പ്രത്യേക സംഘത്തെ നിയോഗിക്കും. ഈ സ്ഥലങ്ങളിൽ ആവശ്യമായ അസ്ക ലൈറ്റുകൾ പൊലീസ് ലഭ്യമാക്കും.
ഉപ്പുപാറ, പുല്ലുമേട്, കോഴിക്കാനം, പരുന്തുംപാറ, പാഞ്ചാലിമേട്, വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രം, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ മെഡിക്കൽ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. 14 ആംബുലൻസിന്റെ സേവനവും ലഭ്യമാക്കും. പുല്ലുമേട് മുതൽ പാഞ്ചാലിമേട് വരെ ശുദ്ധജലം ലഭ്യമാക്കുന്ന 15 ടാങ്ക് സജ്ജീകരിച്ചു. വണ്ടിപ്പെരിയാർ, സത്രം, പരുന്തുംപാറ മേഖലകളിൽ ആവശ്യമായ ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തി. ദർശനം കഴിഞ്ഞെത്തുന്ന ഭക്തരെ കോഴിക്കാനത്തുനിന്ന് കുമളിയിൽ എത്തിക്കാൻ 65 കെ.എസ്.ആർ.ടി.സി ബസ് സജ്ജമാക്കി. മകരവിളക്കുമായി ബന്ധപ്പെട്ട് താൽക്കാലികമായി ബി.എസ്.എൻ.എൽ ടവർ സ്ഥാപിക്കാൻ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സബ് കലക്ടർ അരുൺ എസ്. നായർ, ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ്, പീരുമേട് തഹസിൽദാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.