ശബരിമല: 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് സമാപനം കുറിച്ച് ശബരിമലയിൽ 27ന് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും. കലിയുഗവരദന് ചാർത്താനുള്ള തങ്കഅങ്കി പേടകവും വഹിച്ചുള്ള ഘോഷയാത്രയെ 26ന് വൈകീട്ട് 5.30ന് ശരംകുത്തിയിൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
ഇതിനായി ദേവസ്വം ബോർഡ് നിയോഗിച്ച പ്രതിനിധികൾ അഞ്ചിന് ക്ഷേത്രനട തുറന്ന ശേഷം 5.15ഓടെ അയ്യപ്പസന്നിധിയിൽനിന്ന് തന്ത്രി പൂജിച്ച് നൽകുന്ന പ്രത്യേക ഹാരങ്ങൾ അണിഞ്ഞ് ശരണം വിളിയുമായി ശരംകുത്തിയിൽ എത്തിച്ചേരും.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, ദേവസ്വം കമീഷണർ ബി.എസ്. പ്രകാശ്, ശബരിമല സ്പെഷൽ കമീഷണർ മനോജ് തുടങ്ങിയവർ ചേർന്ന് കൊടിമരത്തിന് മുന്നിൽനിന്ന് തങ്ക അങ്കി പേടകത്തെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും.ശേഷം 6.35ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. തുടർന്ന് തന്ത്രി ഭക്തർക്ക് പ്രസാദം വിതരണം ചെയ്യും. 27ന് പുലർച്ച മൂന്നിന് നട തുറക്കും. ജനുവരി 14ന് നടക്കുന്ന മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകീട്ട് അഞ്ചിന് നട തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.