മകരവിളക്കിന് നട തുറന്ന ആദ്യദിനം പമ്പയിലും സന്നിധാനത്തും വൻ തീർഥാടകത്തിരക്ക്

ശബരിമല: നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് തീർഥാടകരെ കടത്തി വിടുന്നതിലുള്ള സമയക്രമത്തിലെ ആശയക്കുഴപ്പം മൂലം മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ആദ്യദിനം തന്നെ പമ്പയിലും സന്നിധാനത്തും വൻ തീർഥാടകത്തിരക്ക്. മകരവിളക്ക് മഹോത്സവത്തിനായി നട തുറന്ന വെള്ളിയാഴ്ച നിലക്കലിൽ നിന്നും പമ്പയിലേക്കുള്ള ചെയിൻ സർവീസ് രാവിലെ 11 മണി മുതൽ ആരംഭിക്കാനാണ് കെ.എസ്.ആർ.ടി.സിക്ക് പൊലീസ് നിർദേശം നൽകിയിരുന്നത്.

ഇതിൻ പ്രകാരം ഉച്ചക്ക് രണ്ടു മണിമുതൽ തീർഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തി വിടുവാനുമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് ശബരിമല ദർശനത്തിനായി കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആയിരക്കണക്കിന് ഭക്തർ നിലക്കലിൽ തമ്പടിച്ചിരുന്നു. രാവിലെ 9 മണി ആയിട്ടും ബസ് സർവീസ് ആരംഭിക്കാതിരുന്നതിനെ തുടർന്ന് ഇവർ ചെറു സംഘങ്ങളായി പമ്പയിലേക്ക് കാൽനടയാത്ര തുടങ്ങി. ഇതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ബസ് സർവീസ് അടിയന്തരമായി ആരംഭിക്കുകയായിരുന്നു.

നിലയ്ക്കലിൽ നിന്നും കാൽനട യാത്ര ആരംഭിച്ച അയ്യപ്പന്മാരെ പമ്പയിൽ എത്തിക്കുന്നതിനായി പ്രത്യേക ബസുകളും തയ്യാറാക്കി. ഇതോടെ 10 മണിയോടെ തന്നെ ആയിരക്കണക്കിന് തീർഥാടകർ പമ്പയിലെത്തി. ഉച്ചക്ക് രണ്ടു മണിക്ക് ശേഷം മാത്രം പമ്പയിൽ നിന്നും തീർഥാടകരെ സന്നിധാനത്തേക്ക് കടത്തി വിട്ടാൽ മതിയെന്ന മുൻ തീരുമാനപ്രകാരം പൊലീസ് ഭക്തരെ പമ്പയിൽ തടഞ്ഞതോടെ പമ്പാതീരം തീർഥാടകരാൽ നിറഞ്ഞു.

ഇതേ തുടർന്ന് 12 മണിയോടെ തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിട്ടുതുടങ്ങി. ഉച്ചക്ക് രണ്ടു മണിയോടെ തന്നെ വലിയ നടപ്പന്തൽ നിറഞ്ഞു കവിഞ്ഞിരുന്നു. മൂന്ന് മണിയോടെ തീർഥാടകരുടെ നിര ശരംകുത്തി വരെ നീണ്ടു. 45,000 ഓളം തീർഥാടകരാണ് വെള്ളിയാഴ്ച ദർശനം നടത്തിയത്. ശനിയാഴ്ച മുതൽ എട്ടാം തീയതി വരെയുള്ള ദിവസങ്ങളിൽ തൊണ്ണൂറായിരത്തിന് മുകളിൽ തീർഥാടകരാണ് ഓൺലൈൻ മുഖേന ബുക്ക് ചെയ്തിരിക്കുന്നത്.

Tags:    
News Summary - On the first day of opening of Makaravilakku, Pampa and Sannidhanam were crowded with pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.