ശബരിമല: സന്നിധാനത്ത് തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ തീർഥാടകരെ നിയന്ത്രിക്കാൻ പണിത ശരംകുത്തിയിലെ ക്യൂ കോംപ്ലക്സുകൾ നോക്കുകുത്തിയായി മാറുന്നു. മരക്കൂട്ടം മുതൽ ശരംകുത്തിവരെയുള്ള ശരണപാതയിൽ എട്ട് ബ്ലോക്കിലായി 24 ക്യൂ കോംപ്ലക്സും വിശാലമായ നടപ്പന്തലുമാണുള്ളത്. ഒരു ബ്ലോക്കിൽ 600 തീർഥാടകർക്ക് കാത്തുനിൽക്കാനും വിശ്രമിക്കാനുമുള്ള സൗകര്യമുണ്ട്.
നിർമാണം പൂർത്തിയാക്കിയ ശേഷം ഇതുവരെയും ഇവ ഉപയോഗിച്ചിട്ടില്ല. ഉപയോഗശൂന്യമായ കെട്ടിടത്തിന്‍റെ ചില ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. അശാസ്ത്രീയ നിർമാണമെന്ന് ആരോപിച്ചാണ് പൊലീസ് ഉദ്യോഗസ്ഥരും ഇവ ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ശബരിപീഠം മുതൽ ശരംകുത്തിവരെ തീർഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പിനിടയിൽ വളരെക്കുറച്ച് തീർഥാടകർ മാത്രമാണ് ക്യൂ കോംപ്ലക്സ് ഉപയോഗിക്കുന്നത്.
ശുചിമുറിയിലടക്കം വൃത്തിഹീനമായ സാഹചര്യമായതിനാൽ ക്യൂ കോംപ്ലക്സുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് തീർഥാടകർ പറയുന്നത്. ചില മുറികളിൽ വൈദ്യുതിയും ഇല്ല. പലതും കച്ചവടക്കാൻ അവരുടെ സാധന സാമഗ്രികൾ സൂക്ഷിക്കുന്നതിനും താമസത്തിനുമായി കൈയേറിയിരിക്കുകയാണ്.
കോംപ്ലക്സുകൾ അടിയന്തരമായി ഉപയോഗയോഗ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ചളിമൂടിക്കിടക്കുന്ന പാത മണ്ണിട്ട് മൂടുന്ന ജോലികൾ അടക്കമുള്ള നാമമാത്രമായ ചില അറ്റകുറ്റപ്പണിയുമായി ദേവസ്വം ബോർഡ് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.