ശബരിമല: മണ്ഡല -മകരവിളക്ക് തീർഥാടനത്തിന്‍റെ ഭാഗമായി ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനം ലഭിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.അനന്തഗോപൻ. 222,98,70,250 രൂപ വരുമാനത്തിൽ 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. 29 ലക്ഷത്തിലേറെ തീർഥാടകർ ഇതുവരെ ദർശനത്തിനെത്തിയെന്നും സന്നിധാനത്ത് വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
29,08,500 തീർഥാടകരെത്തിയതിൽ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവർഷത്തോളം നിയന്ത്രണങ്ങളുണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വർധിക്കാൻ കാരണം. കുട്ടികൾക്കും അംഗപരിമിതർക്കും പ്രായമായവർക്കും ഏർപ്പെടുത്തിയ പ്രത്യേക വരി ഫലപ്രദമാണ്.
പരമാവധി പരാതികുറച്ച് തീർഥാടനം പൂർത്തിയാക്കാനായി. ഒരുദിവസം മാത്രമാണ് ദർശനത്തിന് ആളുകൾക്ക് കൂടുതൽ നേരം വരിനിന്നതായി ആക്ഷേപമുയർന്നത്. ശബരിമലയിൽ തിരക്ക് സ്വാഭാവികമാണ്. എന്നാൽ, സാധാരണയിലധികം നേരം ദർശനത്തിന് കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായാൽ അതു പരിശോധിക്കുന്നതാണെന്നും പ്രസിഡന്‍റ് പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, എക്സിക്യൂട്ടിവ് ഓഫിസർ എച്ച്. കൃഷ്ണകുമാർ, ബോർഡ് ചീഫ് എൻജിനീയർ ആർ. അജിത് കുമാർ, വിജിലൻസ് എസ്.പി. സുബ്രഹ്മണ്യം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.