പന്തളം: ഈ മാസം 12ന് തുടങ്ങുന്ന തിരുവാഭരണ ഘോഷയാത്രയുടെ ഒരുക്കത്തിലേക്ക് കടക്കുകയാണ് പന്തളം. മുൻ വർഷങ്ങളിൽ ഇല്ലാതിരുന്ന തിരക്ക് പ്രതീക്ഷിച്ചാണ് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ ദേവസ്വം ബോർഡും കൊട്ടാരവും ക്ഷേത്ര ഉപദേശകസമിതിയും തയാറെടുക്കുന്നത്. മണ്ഡലപൂജ കഴിഞ്ഞ് ശബരിമല നട തുറന്നതോടെ പന്തളം കൊട്ടാരത്തിൽ തിരുവാഭരണങ്ങളും ദർശനത്തിനായി വെച്ചിരിക്കുകയാണ്. പുതുവത്സര ദിനമായ ഞായറാഴ്ച വൻ ഭക്തജന തിരക്കായിരുന്നു ക്ഷേത്രത്തിലും പരിസരത്തും.
വൃശ്ചികം ഒന്നിന് തിരുവാഭരണങ്ങൾ ദർശനത്തിനായി തുറന്നതുമുതൽ വലിയ തിരക്കനുഭവപ്പെടുന്നുണ്ട്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയുടെ നവീകരണം തിങ്കളാഴ്ച ആരംഭിക്കും. പന്തളം വലിയപാലം മുതൽ മെഴുവേലി പഞ്ചായത്തിെൻറ അതിർത്തിയായ ആര്യാട്ട് മോടി വരെയുള്ള ഭാഗത്തെ പുനരുദ്ധാരണപ്പണികൾ ഒരാഴ്ചകൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം. ടാറിങ്, കോൺക്രീറ്റ്, കാട് വെട്ടിത്തെളിക്കൽ തുടങ്ങിയ ജോലികളാണ് ചെയ്യുന്നത്. പഞ്ചായത്തുകൾ പാത വൃത്തിയാക്കുന്നതുകൂടാതെ നാട്ടുകാർ എല്ലാ വർഷവും ശ്രമദാനമായി തിരുവാഭരണപാത കാടുവെട്ടി വൃത്തിയാക്കുക പതിവാണ്.
പന്തളം കൊട്ടാരത്തിൽ തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ഇത്തവണ നേരത്തേ തുടങ്ങി. രാജപ്രതിനിധിയെ നിശ്ചയിച്ചുകഴിഞ്ഞതോടെ അടുത്തത് ഘോഷയാത്രാസംഘത്തെയും പല്ലക്കുവാഹകസംഘാംഗങ്ങളെയും നിശ്ചയിക്കലാണ്. മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ അന്നദാനത്തിനായി കൂടുതൽ ഭക്തർ എത്തുന്നുണ്ട്. ജനുവരി ഒന്നുമുതൽ മണികണ്ഠ ഉത്സവം ആരംഭിച്ചു.
പന്തളത്ത് തിരുവാഭരണ ദർശനം 11 വരെ
ജനുവരി 11 വരെയാണ് പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിതമുറിയിൽ തിരുവാഭരണങ്ങൾ ദർശിക്കാൻ അവസരം ലഭിക്കുക. 12ന് പുലർച്ച ആഭരണങ്ങൾ വലിയകോയിക്കൽ ധർമശാസ്ത ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. അന്ന് രാവിലെ 11 മണിവരെ ഭക്തർക്ക് ആഭരണങ്ങൾ ദർശിക്കുവാനുള്ള സൗകര്യമുണ്ടാകും. ഉച്ചയോടെ ക്ഷേത്രത്തിൽ ആചാരപരമായ ചടങ്ങുകൾ നടക്കും. രാജപ്രതിനിധി ക്ഷേത്രത്തിൽനിന്ന് പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും. ഒരുമണിക്ക് തിരുവാഭരണ പേടകങ്ങൾ ശിരസ്സിലേറ്റി ഘോഷയാത്രാസംഘം ശബരിമലയെ ലക്ഷ്യമാക്കിനീങ്ങും. തിരുവാഭരണങ്ങൾ ശബരീശവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിതെളിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.