ശബരിമല: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പതിനെട്ടാം പടിയുടെ നിയന്ത്രണം ആവശ്യമെങ്കില്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തുകൊള്ളാന്‍ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11 മണിക്ക് പമ്പയിൽ ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു എ.ഡി.ജി.പിയുടെ പ്രതികരണം.
പതിനെട്ടാം പടി ഡ്യൂട്ടിക്ക് പരിചയക്കുറവുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എ.ഡി.ജി.പിയുടെ മറുപടിയിൽ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ താനത് തമാശയായി പറഞ്ഞതാണെന്ന് തിരുത്തി എ.ഡി.ജി.പി രംഗത്ത് വന്നു.
കാലങ്ങളായി സന്നിധാനത്ത് പൊലീസ് സേന നടപ്പിലാക്കുന്ന പുണ്യം പൂങ്കാവനത്തിന് ബദലായി ദേവസ്വം ബോർഡ് കൊണ്ടുവന്ന പവിത്രം ശബരിമലക്കെതിരെ പൊലീസിലെ നല്ലൊരു വിഭാഗത്തിന് അമർഷമുണ്ട്. ഇത്തരം ചില വിഷയങ്ങളിൽ മണ്ഡലകാല ആരംഭം മുതൽ ദേവസ്വം ബോർഡ് പൊലീസും തമ്മിൽ നിലനിൽക്കുന്ന ശീതസമരമാണ് ആരോപണ പ്രത്യോരോപണങ്ങൾക്ക് ഇടയാക്കിയതെന്നും പറയപ്പെടുന്നു.
ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് സുഗമമായ ദർശനമൊരുക്കാൻ കൂടുതൽ പൊലീസുകാരെ നിയോഗിക്കുമെന്ന് ഡിജിപി അനിൽ കാന്ത് പറഞ്ഞു. ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ലക്ഷത്തിനുമുകളിൽ തീർഥാടകർ എത്തിയപ്പോഴുണ്ടായ പ്രതിസന്ധി പരിഹരിച്ചു. കൂടുതൽ പൊലീസുകാരെ നിശ്ചയിച്ചതിനുപുറമെ പടികയറ്റം വേഗത്തിലാക്കാനുള്ള ഇടപെടൽ നടത്തുന്നുണ്ട്. മിനിറ്റിൽ 70 പേർ കയറുന്നത് എൺപതിലധികം എത്തിക്കാനുള്ള ശ്രമത്തിലാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി വാഹനങ്ങളുടെ പോക്കുവരവ് ഉൾപ്പെടെ ക്രമീകരിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമയവർക്കുംവേണ്ടി പ്രത്യേക വരി ഒരുക്കുമെന്നും ഡിജിപി പറഞ്ഞു. വൈകിട്ട് അഞ്ചരയോടെ സന്നിധാനത്തെത്തിയ ഡിജിപി സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.