സ്വാമി അയ്യപ്പൻ, സന്നിധാനം പി.ഒ, 689713... ഷഷ്ടിപൂർത്തി നിറവിൽ സന്നിധാനം പോസ്റ്റ് ഓഫിസ്

ശബരിമല: സ്വാമി അയ്യപ്പൻ, സന്നിധാനം പി.ഒ, 689713 എന്ന ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫിസ് 60 വയസ്സിലേക്ക്. 1963ലാണ് സന്നിധാനം പോസ്റ്റ് ഓഫിസിന്റെ പിറവി. ആരംഭിച്ച് ഡിസംബർ രണ്ടുവരെ 6000 പോസ്റ്റ് കാർഡുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്ന് അയച്ചത്. 1963ൽ പോസ്റ്റ് ഓഫിസും 1974ൽ പതിനെട്ടാംപടി ആലേഖനം ചെയ്ത സീലും നിലവിൽ വന്നു.

കഴിഞ്ഞ മണ്ഡലകാലത്ത് തപാൽ പ്രസാദ വിതരണത്തിലൂടെ രണ്ടരക്കോടി രൂപയുടെ വരുമാനമാണ് പോസ്റ്റ് ഓഫിസും ദേവസ്വം ബോർഡും സമാഹരിച്ചത്. ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനം ആരംഭിച്ചതോടെ സന്നിധാനം പോസ്റ്റ് ഓഫിസിന്റെ പ്രവർത്തനം സജീവമായി. തപാൽ പ്രസാദ വിതരണം പുനരാരംഭിച്ചതോടെ കഴിഞ്ഞ 15 ദിവസത്തിനകം 208 ഓർഡറാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സന്നിധാനം പോസ്റ്റ് ഓഫിസിന് ലഭിച്ചത്.

ഇതുവഴി 1,34,800 രൂപ സമാഹരിച്ചു. ഓൺലൈൻ പ്രസാദ വിതരണത്തിന് മൂന്ന് കിറ്റാണ് ഉള്ളത്; 520 രൂപ കിറ്റിൽ ഒരു അരവണയും 960 രൂപ കിറ്റിൽ നാല് അരവണയും 1760 രൂപ കിറ്റിൽ 10 അരവണയും ഉണ്ടാകും. കൂടാതെ എല്ലാ കിറ്റിലും നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി എന്നിവയും പ്രത്യേകം പാക്ക് ചെയ്യും.

രാജ്യത്തിന്റെ ഏത് പോസ്റ്റ് ഓഫിസിൽനിന്നും ഓൺലൈനായി പ്രസാദം ബുക്ക് ചെയ്യാം. പരമാവധി ഏഴ് ദിവസത്തിനുള്ളിൽ സ്പീഡ് പോസ്റ്റിൽ പ്രസാദം വീട്ടിൽ എത്തും. ഓണ്‍ലൈൻ പ്രസാദ വിതരണത്തിന് പുറമെ സന്നിധാനത്തെ പോസ്റ്റ് ഓഫിസിൽ സ്വാമി അയ്യപ്പന് എത്തുന്ന കത്തുകളും കൈകാര്യം ചെയ്യണം. പ്രേമലേഖനം, ഗൃഹപ്രവേശം, കല്യാണം തുടങ്ങി വിശേഷ ചടങ്ങുകളുടെ ആദ്യ ക്ഷണം വരെ അയ്യപ്പനാണ് അയക്കുന്നത്.

അയ്യപ്പന്റെ പേരുവെച്ച് ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് ഭക്തർ അയക്കുന്ന ഈ കത്തുകൾ അയ്യപ്പന് മുന്നിൽ സമർപ്പിച്ച ശേഷം ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫിസർക്ക് കൈമാറുകയാണ് പതിവ്. വർഷത്തിൽ മൂന്നുമാസം മാത്രം പ്രവർത്തിക്കുന്ന ഈ പോസ്റ്റ് ഓഫിസിന് നിരവധി പ്രത്യേകതകളുണ്ട്.

പതിനെട്ടാംപടിയും അയ്യപ്പ മുദ്രയുമുള്ള സീൽ, പ്രത്യേകം സ്റ്റാമ്പ്, സ്വന്തമായി പിൻകോഡ് തുടങ്ങിയവയെല്ലാം സന്നിധാനത്തെ ഈ പോസ്റ്റ് ഓഫിസിന് മാത്രം സ്വന്തം. പ്രിയപ്പെട്ടവർക്ക് അയ്യപ്പമുദ്ര പതിഞ്ഞ കത്തുകളും മണിഓർഡറുകളും അയക്കാൻ ദിനംപ്രതി നൂറുകണക്കിന് ഭക്തരാണ്ഇവിടെ എത്തുന്നത്.

Tags:    
News Summary - Sannidhanam Post Office in 60 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.