മദീന: ചരിത്രപ്രസിദ്ധമായ മദീനയിലെ ‘മസ്ജിദുൽ ഖുബാഅ്’െൻറ രാത്രിക്കാഴ്ച സന്ദർശകർക്ക് വിസ്മയമാകുന്നു. പ്രവാചകൻ 1440 വർഷം മുമ്പ് മദീനയിലെത്തിയപ്പോൾ ആദ്യമായി നിർമിച്ച പള്ളിയാണ് ഖുബാഅ് പള്ളി. എൽ.ഇ.ഡി ലൈറ്റുകൾ കൊണ്ട് മസ്ജിദുൽ ഖുബായുടെ മിനാരങ്ങളും താഴികക്കുടങ്ങളും ഉൾപ്പെടെ പള്ളി മുഴുവൻ മനോഹരമായി അലങ്കരിച്ച രാത്രികാലദൃശ്യം എല്ലാവരുടെയും കണ്ണും മനസ്സും നിറക്കുന്നതാണ്. 2022 ഏപ്രിലിലാണ് മസ്ജിദ് ഖുബായുടെയും പരിസരയിടങ്ങളുടെയും നവീകരണ പദ്ധതിക്ക് തുടക്കമിട്ടത്.
മസ്ജിദിനെ സമ്പൂർണമായി ‘ലൈറ്റപ്’ ചെയ്യുകയും അതോടൊപ്പം ഊർജ ഉപയോഗം നിയന്ത്രിക്കുന്ന പദ്ധതിയും പുതിയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. സൽമാൻ രാജാവിന്റെ പേരിലുള്ള പദ്ധതിയുടെ ഭാഗമായി പള്ളിയുടെ വലിപ്പം പതിന്മടങ്ങ് വർധിപ്പിക്കുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മസ്ജിദുൽ ഖുബയുമായി ബന്ധപ്പെട്ട് ചരിത്രത്തിലെ ഏറ്റവും വലിയ വികസനം പൂർത്തിയാകുന്നതോടെ 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പ്രാർഥനാഹാളിൽ 66,000 ലധികം വിശ്വാസികളെ ഉൾകൊള്ളാനാവും.
വൈദ്യുത ദീപാലങ്കാരവും മസ്ജിദ് ഖുബയുടെ ചുറ്റുമുള്ള പുൽത്തകിടികളും മരങ്ങളും അലങ്കരിച്ചതും രാത്രിക്കാഴ്ചക്ക് നവ്യാനുഭൂതി പകരുന്നതായി സന്ദർശകർ പറയുന്നു. വിശ്വാസികളുടെ ഒഴുക്ക് വർധിച്ചതോടെ 24 മണിക്കൂറും പള്ളി തുറക്കാൻ ഇസ്ലാമികകാര്യ മന്ത്രാലയം തീരുമാനിച്ചത് അനുഗ്രഹമായി.
മസ്ജിദിന് ചുറ്റുമുള്ള റോഡ് ഗതാഗതവും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും നവീകരിച്ചിട്ടുണ്ട്. പള്ളിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും സന്ദർശകരുടെ സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്താനും പദ്ധതി വഴി ജനത്തിരക്കുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയുന്നതായി അധികൃതർ വ്യക്തമാക്കി. പള്ളിയുടെയും സമീപത്തുള്ള മറ്റ് സ്മാരകങ്ങളുടെയും വാസ്തുവിദ്യകളുടെ തനിമ ചോർന്നുപോകാതെ സംരക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ നൽകിയിട്ടുണ്ട്. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ലെ പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണ് ചരിത്ര പൈതൃകകേന്ദ്രങ്ങളുടെ വികസനവും സംരക്ഷണവും. മസ്ജിദുന്നബവിയിൽ നിന്ന് തീർഥാടകർക്ക് ഈ പള്ളിയിലെത്താൻ പ്രത്യേക നടപ്പാതയുണ്ട്.
ഇരുപള്ളികൾക്കുമിടയിൽ മൂന്നു കിലോമീറ്റർ നീളത്തിലാണ് ചെറുവാഹനങ്ങൾക്കുകൂടി സഞ്ചരിക്കാൻ കഴിയുന്ന പാത മദീന മുനിസിപ്പാലിറ്റി പൂർത്തിയാക്കിയത്. ഇവിടെ കാൽനടയാത്രക്കാർക്കായി ഈ പാതയിലൂടെ രണ്ട് പള്ളികളിലേക്കും തടസ്സങ്ങളൊന്നുമില്ലാതെ നേരിട്ട് പോകാം.
ഏകദേശം അരമണിക്കൂർ നടക്കാനുള്ള ദൂരം മാത്രമേയുള്ളൂ എന്നതിനാൽ കുടുംബങ്ങളൊത്തുള്ള നടത്തത്തിനായി ആളുകൾ ഈ പാത നന്നായി ഉപയോഗപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.