കരിങ്കല്ലത്താണി: നാലാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ് അഞ്ചാം ക്ലാസ് പാഠപുസ്തകത്തിൽ. കരിങ്കല്ലത്താണി സ്വദേശികളായ പുത്തനങ്ങാടി കിഴക്കേതലക്കൽ അൻവർ -അനീസ ദമ്പതികളുടെ മകളും കരിങ്കല്ലത്താണി ഗവ. എൽ.പി സ്കൂൾ വിദ്യാർഥിനിയുമായ ജസ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കശ്മീരിനെക്കുറിച്ച് ഡയറിയിലെഴുതിയ കൊച്ചു കവിതയാണ് അഞ്ചാം ക്ലാസ് പാഠപുസ്തകമായ കേരള പാഠാവലിയിൽ കശ്മീരിനെക്കുറിച്ചുള്ള പാഠത്തിൽ ഇടംപിടിച്ചത്.
‘‘മഞ്ഞിൻ തൊപ്പിയിട്ട, മരത്തിന്റെ പച്ചയുടുപ്പിട്ട, അരുവികൊണ്ടരഞ്ഞാണമിട്ട, പൂക്കളാൽ വിരിപ്പിട്ട കാശ്മീരേ, നിന്നെ ഞാനൊന്നുമ്മവച്ചോട്ടേ?’’ എന്ന വരിയാണ് ജസയുടേതായി പാഠപുസ്തകത്തിൽ ഇടം നേടിയത്. സ്കൂളിലെ അധ്യാപകർ വിദ്യാർഥികളെക്കൊണ്ട് ഡയറി എഴുതിക്കുകയും സർഗവേദിയിൽ അത് അവതരിപ്പിക്കുകയും ചെയ്തിരുന്നു. സ്കൂളിലെ നാരായണൻ മാസ്റ്റർ ഉൾപ്പെടെയുള്ള അധ്യാപകർ ജസയുടെ കുറിപ്പുകൾ ശ്രദ്ധിക്കുകയും പ്രോത്സാഹനം നൽകുകയുമായിരുന്നു. ഈ കുറിപ്പുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാഗമാണ് ഈ വർഷം അഞ്ചാം ക്ലാസ് പാഠഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഇതേ പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിലെ ആദ്യ പാഠത്തിൽ ജസയുടെ മറ്റൊരു കുറിപ്പും ഇടംപിടിച്ചിട്ടുണ്ട്. ഗോൾപോസ്റ്റ് ലക്ഷ്യമാക്കി കിക്കെടുത്ത അധ്യാപകന്റെ കാലിൽനിന്ന് പന്തിന് പകരം ചെരിപ്പ് ലക്ഷ്യം കണ്ടതാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.